പ്രളയ പുനര്‍ നിര്‍മാണ ഫണ്ട് ശേഖരണം; മന്ത്രിമാര്‍ക്കു വിദേശസന്ദര്‍ശനത്തിന് അനുമതി അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി കേന്ദ്രത്തിനു കത്തു നല്കി
പ്രളയ പുനര്‍ നിര്‍മാണ ഫണ്ട് ശേഖരണത്തിനുള്ള സഹായം തേടി മന്ത്രിമാര്‍ക്കു വിദേശസന്ദര്‍ശനത്തിന് അനുമതി അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് കേന്ദ്രത്തിനു കത്തു നല്കി. വിദേശകാര്യവകുപ്പ് സെക്രട്ടറിക്കാണു കത്തയച്ചത്. യാത്രയുടെ ഉദ്ദേശ്യവും ഫണ്ട് ലഭിക്കേണ്ട ആവശ്യകതയും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്തിനു കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 17 മുതല്‍ 21 വരെയാണ് മന്ത്രിമാര്‍ വിദേശത്തേക്കു പോകാനിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് കര്‍ശന വ്യവസ്ഥകളോടെ യുഎഇ സന്ദര്‍ശനത്തിനു കേന്ദ്രം അനുമതി നല്‍കിയത്.
മുഖ്യമന്ത്രി 17-നു പുലര്‍ച്ചെ അബുദാബിക്കു പുറപ്പെടും. 19-നു ദുബായിലും 20-നു ഷാര്‍ജയിലും ഫണ്ടു ശേഖരിച്ച ശേഷം 21-നു മുഖ്യമന്ത്രി തിരുവനന്തപുരത്തു മടങ്ങിയെത്തും. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവനും മുഖ്യമന്ത്രിയുടെ മാധ്യമോപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസുമാണു മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ടാവുക. യാത്രയില്‍ വിദേശ സര്‍ക്കാരില്‍നിന്ന് നേരിട്ടു സഹായം സ്വീകരിക്കുന്നതിനും ഭരണാധികാരികളെ കാണുന്നതിനും വിദേശകാര്യ മന്ത്രാലയത്തിന്റെ വിലക്കുണ്ട്.
ഗള്‍ഫ് രാജ്യങ്ങളും സിംഗപ്പൂരും ശ്രീലങ്കയും അടക്കമുള്ളവയുടെ യാത്രാനുമതി ഉടന്‍ ലഭിക്കുമെന്നാണു സര്‍ക്കാര്‍ കരുതുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്നു 5,000 കോടി രൂപയെങ്കിലും സമാഹരിക്കാനാണു ലക്ഷ്യമിട്ടിരുന്നത്. അമേരിക്ക, കാനഡ, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലേക്കു യാത്രാനുമതി ലഭിച്ചാല്‍ വീസാനടപടികള്ക്കു വീണ്ടും കാലതാമസമുണ്ടാകുമെന്നതിനാല്‍ നിശ്ചയിച്ച ഷെഡ്യൂളില്‍ യാത്രാ പരിപാടി തീരില്ല.
https://www.facebook.com/Malayalivartha