കാമുകൻ വാങ്ങിനൽകിയ മൊബൈൽ ഫോൺ വീട്ടിലെ ഷെയ്ഡിന് മുകളില്‍; പിഎസ്‌സി കോച്ചിങ്ങിനായി ഇറങ്ങിയ പതിനെട്ടുകാരിയെ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു....

എങ്ങുമെത്താതെ തൃക്കടവൂര്‍ നീരാവില്‍ സ്വദേശിനി ഷബ്‌നയുടെ (18) തിരോധാന കേസ്. ഇതേ തുടര്‍ന്ന് കേസ് പുതിയ അന്വേഷണ സംഘത്തിന് കൈമാറി ഓഗസ്റ്റ് 17നാണ് പിഎസ്‌സി കോച്ചിങ്ങിനായി പോയ പെണ്‍കുട്ടിയെ കാണാതായത്.
കൊല്ലം ബീച്ച് പരിസരത്തു നിന്നുമാണ് ഷബ്‌നയെ കാണാതായതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. കടവൂരിലേക്കു പോയ ഷബ്‌നയെ കൊല്ലം ബീച്ചിനു സമീപം കണ്ടതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് സ്ഥിരീകരിച്ചത്. ഷബ്‌നയുടെ ബാഗും ബീച്ച് പരിസരത്തു നിന്നു ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചതെന്ന് മാത്രം ഇനിയും കണ്ടെത്താനായിട്ടില്ല. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കടലിലും തിരച്ചില്‍ നടത്തിയിരുന്നു. ഷബ്‌നയുമായി അടുപ്പമുണ്ടായിരുന്നുവെന്നു പറയുന്ന ബന്ധുവായ യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇയാള്‍ വാങ്ങിനല്‍കിയതായി പറയുന്ന മൊബൈല്‍ ഫോണ്‍ വീട്ടിലെ ഷെയ്ഡിന്റെ മുകളില്‍ നിന്നു ലഭിച്ചിരുന്നു. കാണാതാകുന്ന ദിവസം രാവിലെയും ആ ഫോണില്‍ നിന്നു യുവാവിനെ ഷബ്‌ന വിളിച്ചിരുന്നു.എന്നാല്‍ ഷബ്‌നയുടെ തിരോധാനത്തില്‍ യുവാവിന്റെ പങ്ക് തെളിയിക്കാനായിട്ടില്ല.അന്വേഷണത്തിന്റെ ഭാഗമായി യുവാവിനെ നുണപരിശോധനയ്ക്കു വിധേയനാക്കാനുള്ള പൊലീസ് നീക്കത്തിനു യുവാവിന്റെ സമ്മതമില്ലാത്തതിനാല്‍ കോടതി അനുമതി നിഷേധിച്ചിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ യുവാവിനെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്നു കോടതി നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഷബ്‌നയുടെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമടക്കം പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha






















