ശബരിമല സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് വ്യാഴാഴ്ച സംസ്ഥാനത്ത് 24 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തും
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്തില്ലെന്ന മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്തും. എ.എച്ച്.പി നേതാവ് പ്രതീഷ് വിശ്വനാഥാണ് ഇക്കാര്യം അറിയിച്ചത്. 24 മണിക്കൂര്‍ നീണ്ട് നില്ക്കുന്ന ഹര്‍ത്താലായിരിക്കും. മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. പന്തളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ശബരിമല രക്ഷായാത്ര എ.എച്ച്.പി നടത്തിയിരുന്നു. അഖിലേന്ത്യാ അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയാണ് യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് തൊഗാഡിയ അന്ന് ആവശ്യപ്പെട്ടിരുന്നു.
സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് രണ്ടാഴ്ച മുമ്പ് പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha