തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും... സ്ത്രീപ്രവേശന വിധിക്ക് ശേഷം ആദ്യമായി നട തുറക്കുന്നതിനാൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തം

രാവിലെ 9 മണി മുതല്‍ ഭക്തര്‍ക്ക് പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് പ്രവേശിക്കാം. സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരിടത്തും ഏര്‍പ്പെടുത്തിയിട്ടില്ല. തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് പൂജകള്‍ക്കായി നട തുറക്കുക. സ്ത്രീപ്രവേശന വിധിക്ക് ശേഷം ആദ്യമായാണ് ശബരിമല നട തുറക്കുന്നത്.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 10 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനമില്ലെന്ന പമ്പയിലെ ബോര്‍ഡ് മറക്കുക മാത്രമാണ് ചെയ്തത്. സ്ത്രീ പ്രവേശന സാധ്യത കണക്കിലെടുത്ത് വിവിധ ഭക്തജന സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ശബരിമല ആചാരസംരക്ഷണസമിതി നിലയ്ക്കലില്‍ പ്രതിഷേധം ശക്തമാക്കും. സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരേ പ്രതിഷേധിക്കുന്നവര്‍ ഇന്നലെ രാത്രിയില്‍ നിലയ്ക്കലില്‍ വാഹനം തടഞ്ഞ് തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ മര്‍ദിച്ചിരുന്നു. പന്പയിലും നിലയ്ക്കലിലുമായി കൂടുതല്‍ പോലീസിനെ വിന്യസിച്ചെങ്കിലും രാത്രിയിലും വാഹനപരിശോധനയുമായി സമരക്കാര്‍ തെരുവിലിറങ്ങുകയായിരുന്നു.
അതേസമയം, പമ്പയിലും സന്നിധാനത്തും പ്രതിഷേധ പരിപാടികള്‍ നിരോധിച്ച് പോലീസ് ഉത്തരവിറക്കിയിട്ടുണ്ട്. തീര്‍ഥാടകരുമായി വരുന്ന വാഹനങ്ങള്‍ നിലയ്ക്കല്‍ പാര്‍ക്ക് ചെയ്യണം. അവിടെനിന്ന് കെഎസ്ആര്‍ടിസി ബസുകളില്‍പന്പയിലേക്കു പോകണം. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്കു കടത്തിവിടില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട് .
https://www.facebook.com/Malayalivartha























