തന്ത്രി വിളിച്ചെന്ന് പറഞ്ഞ് പ്രസംഗം ചോര്‍ത്തി നല്‍കിയത് തന്ത്രത്തിന്റെ ഫലം... വിശ്വാസികള്‍ തന്ത്രിക്ക് പുറകിലുണ്ടെന്ന് കണ്ട് ആ ക്രെഡിറ്റ് നേടിയെടുക്കാന്‍ ബിജെപി എറിഞ്ഞ കെണിയില്‍ വീണ് ചാനലുകള്‍; ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗം പുറത്ത് വീട്ടതില്‍ നിന്നും നേട്ടം കൊയ്‌തെന്ന് കേന്ദ്ര നേതൃത്വം; പുറകേ വരുന്നത് കേസ്

ശബരിമല പ്രക്ഷോഭത്തിലെ വിവാദ പ്രസംഗം വെളിയില്‍ വന്നതോടെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള വെട്ടിലായെന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുമ്പോള്‍ അതില്‍ യഥാര്‍ത്ഥത്തില്‍ നേട്ടം കൊയ്തത് ബിജെപിയും ശ്രീധരന്‍ പിള്ളയുമാണ്. വിസ്വാസികളുടെ മനസാണ് ശ്രീധരന്‍ പിള്ള പറഞ്ഞതെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. ഇതോടെ കേരളത്തില്‍ ബിജെപിയുടെ പിന്തുണ വലിയ രീതിയില്‍ വര്‍ധിച്ചുവെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
അതേസമയം തന്നെ ശ്രീധരന്‍പിള്ള പെട്ടുപൊയെന്ന തരത്തിലാണ് വാര്‍ത്ത പടരുന്നത്. ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍. യുവതികള്‍ പ്രവേശിച്ചാല്‍ ശബരിമല നട അടച്ചിടാന്‍ തന്ത്രിക്കു ധൈര്യം കൊടുത്തതു താനാണെന്നും ശബരിമല സമരം ബി.ജെ.പിയാണ് ആസൂത്രണം ചെയ്തതെന്നും ഇതു പാര്‍ട്ടിക്കു കിട്ടിയ സുവര്‍ണാവസരമാണെന്നും ശ്രീധരന്‍പിള്ള പറയുന്നതാണ് വിവാദമായത്. കോഴിക്കോട് നടന്ന യുവമോര്‍ച്ചാ സംസ്ഥാനസമിതി യോഗത്തില്‍ പ്രവര്‍ത്തകരോടു ശബരിമല സമരത്തെക്കുറിച്ചു നടത്തിയ പ്രസംഗത്തിലാണു ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍.
പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ മുഖ്യമന്ത്രിയും സി.പി.എമ്മും കോണ്‍ഗ്രസും ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി. ബി.ജെ.പി. ഉന്നതതല ഗൂഢാലോചന നടത്തിയെന്നും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ശ്രീധരന്‍പിള്ളയ്‌ക്കെതിരേ കേസെടുക്കണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തന്ത്രികുടുംബവും ബി.ജെ.പിയും ശബരിമല വിഷയത്തില്‍ ഗൂഢാലോചന നടത്തിയെന്നും കോടിയേരി ആരോപിച്ചു. ശബരിമലയെ അയോദ്ധ്യയാക്കാനുള്ള ശ്രമമാണു നടത്തിയതെന്നും ശ്രീധരന്‍പിള്ളയ്‌ക്കെതിരേ കേസെടുക്കണമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
അതേസമയം പ്രസംഗം പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാനാണെന്നും വിവാദമാക്കിയത് ദുരുദ്ദേശത്തോടെയാണെന്നും മാധ്യമങ്ങള്‍ക്ക് പ്രത്യേക അജന്‍ഡയുണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സി.പി.എം. ഘടകം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമല തന്ത്രി കണ്ഠര് രാജീവര് താനുമായി സംസാരിച്ചത് നിയമോപദേശത്തിനാണെന്നും അഭിഭാഷകനെന്ന നിലയില്‍ എല്ലാ പാര്‍ട്ടികളെയും സഹായിച്ചിട്ടുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയില്‍ കനത്ത പോലീസ് സുരക്ഷയില്‍ യുവതികള്‍ പ്രവേശിക്കാനൊരുങ്ങിയതിനു തൊട്ടുമുമ്പ് തന്ത്രി വിളിച്ചതായാണു ശ്രീധരന്‍പിള്ള വിവാദ പ്രസംഗത്തിലൂടെ വെളിപ്പെടുത്തിയത്. ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കുന്നതു കോടതി അലക്ഷ്യമാണോ എന്നു തന്ത്രി ആരാഞ്ഞപ്പോള്‍ ഒരു തരത്തിലും കോടതിയലക്ഷ്യമാവില്ലെന്നും പതിനായിരക്കണക്കിന് ആളുകള്‍ ഒപ്പമുണ്ടാവുമെന്നും ഉറപ്പുനല്‍കി. അതേസമയം മൊബൈലില്‍ ചിത്രീകരിച്ച പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് ബി.ജെ.പിയിലെ ഉള്‍പ്പോരിലേയ്ക്കാണു വഴി ചൂണ്ടുന്നത്. സംഭവത്തെക്കുറിച്ചു പാര്‍ട്ടി അന്വേഷണം തുടങ്ങി.
അതേസമയം ആചാരം ലംഘിച്ചു യുവതികള്‍ ദര്‍ശനം നടത്തിയാല്‍ ശ്രീകോവില്‍ നടയടച്ച് താക്കോല്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ ഏല്‍പ്പിച്ചു മലയിറങ്ങാനുള്ള തീരുമാനം സംബന്ധിച്ചു കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍ തന്ത്രി കണ്ഠര് മോഹനരുമായി അഭിപ്രായംമാത്രമേ തേടിയിട്ടുള്ളൂവെന്നു ശബരിമല തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കി. മറ്റുള്ള അഭിപ്രായ പ്രകടനങ്ങളെക്കുറിച്ച് അറിയില്ലെന്നും തന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























