അധ്യാപകരുടെ ക്രൂരമായ പീഡനത്തിൽ മനംനൊന്ത് മാനസിക നില തെറ്റി, രാഖികൃഷ്ണ ജീവനൊടുക്കുന്നതിന് മിനിട്ടുകൾക്ക് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ട്രെനിന് മുന്നിൽ ചാടി ജീവനൊടുക്കിയ കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളേജിലെ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനി രാഖികൃഷ്ണയെ കോപ്പിയടിച്ചെന്ന് ആരോപിച്ച് ക്ലാസിൽ എഴുന്നേൽപ്പിച്ച് നിറുത്തി ബന്ധപ്പെട്ട അദ്ധ്യാപകർ ക്രൂരമായി അപമാനിച്ചെന്ന് ഭൂരിപക്ഷം കുട്ടികളും കോളേജ് നിയോഗിച്ച ഏഴംഗ കമ്മിഷൻ മുമ്പാകെ മൊഴി നൽകി. രാഖിയുടെ ആത്മഹത്യയിൽ കോളേജ് നിയോഗിച്ച ഏഴംഗ കമ്മിഷനാണ് മൊഴിയെടുത്തത്.
എന്നാൽ നിയമാനുസൃതമായി ഇടപെടുക മാത്രമാണ് ചെയ്‌തതെന്ന മുൻ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ആരോപണ വിധേയരായ അദ്ധ്യാപകർ. കോളേജിലെ മൂന്ന് അദ്ധ്യാപകർ, വിരമിച്ച ഒരദ്ധ്യാപകൻ, രക്ഷാകർത്താക്കളുടെ രണ്ട് പ്രതിനിധികൾ, കോളേജ് വിദ്യാർത്ഥി യൂണിയൻ ചെയർമാൻ എന്നിവരടങ്ങുന്നതാണ് ആഭ്യന്തര അന്വേഷണ കമ്മിഷനിലെ അംഗങ്ങൾ. അന്വേഷണ റിപ്പോർട്ട് പ്രിൻസിപ്പലിന് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും മാനേജ്മെന്റ് ശിക്ഷാ നടപടി സ്വീകരിക്കുക.
അതേ സമയം രാഖികൃഷ്ണ ജീവനൊടുക്കുന്നതിന് മിനിട്ടുകൾക്ക് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തായി. കോളേജില്‍ നിന്നും പ്രധാന ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മാനസ്സിക നില തകര്‍ന്നാണ് രാഖി വെപ്രാളത്തിൽ പുറത്തേക്കിറങ്ങി ഓടുന്നതെന്ന് ദൃശ്യങ്ങളിൽ തന്നെ വ്യക്തമാണ് . 11.45 ന് ശേഷമാണ് രാഖികൃഷ്ണ ഫാത്തിമാമാതാ നാഷണല്‍ കോളേജിന്റെ ഗേറ്റ് തുറന്ന് പുറത്തേക്ക് അതിവേഗം പോകുന്നത്.
പരീക്ഷാഹാളില്‍ രാഖികൃഷ്ണ ക്രമകേട് കാട്ടിയെന്നാരോപിച്ച് ചുമതലയില്‍ ഉണ്ടായിരുന്ന അദ്ധ്യാപകര്‍ പിടികൂടി പരീക്ഷഎഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപാളിന്റെ മുറിയില്‍ ഇരുത്തുകയായിരുന്നുവെന്ന് സഹപാഠികളും അദ്ധ്യാപകരും പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇവിടെ നിന്നാണ് രാഖികൃഷ്ണ 200 മീറ്ററോളം ദൂരം വരുന്ന പ്രധാന ഗേറ്റിലേക്ക് പോകുന്നത്. ഈ സമയമത്രയും രാഖി പുറത്തേയ്ക്ക് ഇറങ്ങിയോടുന്നത് കോളേജ് അധികൃതർ കണ്ടില്ല.
ഒരു പക്ഷെ രാഖിക്ക് വേണ്ട കരുതല്‍ നല്‍കിയിരുന്നെങ്കില്‍ രാഖിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് പിതാവ് രാധാകൃഷ്ണന്‍ ചൂണ്ടികാട്ടിയിരുന്നു. കോളേജിന്റെ വരാന്തയില്‍ നിന്നു പോകുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.
https://www.facebook.com/Malayalivartha


























