വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ

മുഖ്യമന്ത്രി വി ഡി സതീശന്റെ മാസ്മൂവിൽ വെള്ളാപ്പള്ളി നടേശൻ മുട്ടുമടക്കി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്ത ശിവഗിരിമഠത്തിലാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം എത്തിയത്. ശ്രീനാരായണീയ ഭക്തർക്കുള്ള വിശ്വാസ പ്രഖ്യാപനം എന്നാണ് ശിവഗിരി ഇതിനെ വിശേഷിപ്പിച്ചത്. അടുത്തകാലത്തായി ശ്രീനാരായണഗുരു നേടിയെടുത്ത പലകാര്യങ്ങളിൽ നിന്നും പിന്നോക്കം പോവുകയാണ് യോഗം. ഗുരുവിൻറെ സന്ദേശങ്ങൾ കാലോചിതമായി പരിഷ്കരിക്കണം എന്ന് നിർദ്ദേശിക്കുന്ന ദുരവസ്ഥ പോലും ഉണ്ടായി. ഇപ്പോൾ ഉണ്ടാകുന്ന മാറ്റം നല്ലതാണെന്ന് പ്രസിഡണ്ട് സച്ചിദാനന്ദ സ്വാമി പറഞ്ഞു.
എസ്എൻഡിപി യോഗത്തെ മറ്റു സമുദായങ്ങൾക്കിടയിൽ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള നിലപാടുകൾ എസ്എൻഡിപി ഭാരവാഹികളുടെ ഭാഗത്തുനിന്നുമുണ്ടായി. അതിനാൽ ഇത്തരം ഒരു മാറ്റം അനിവാര്യമാണെന്നും കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് സ്വാമി വ്യക്തമാക്കി. ഇത്തരത്തിൽ വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിലാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസമെത്തി നിറഞ്ഞ സ്വീകരണം ഏറ്റുവാങ്ങിയത്. ഇതോടെ വെള്ളാപ്പള്ളി പത്തിമടക്കി. ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശമാണ് മുഖ്യമന്ത്രി നൽകിയത്.
ശ്രീനാരായണഗുരുദേവന്റെ സാന്നിദ്ധ്യം കൊണ്ടും സാമീപ്യം കൊണ്ടും പവിത്രമായ ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞതോടെ വെള്ളാപ്പള്ളിക്ക് ഹാലിളകി. .
മുഖ്യമന്ത്രി എന്ന നിലയിൽ ആദ്യമായി ശിവഗിരി മഹാസമാധിയിൽ ദർശനം നടത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്. ജാതിമത ചിന്തകൾക്ക് അതീതമായി മതസൗഹാർദ്ദത്തോടെ എല്ലാവരും ഒരുമിച്ചു നിൽക്കുന്ന കേരളത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന പ്രതിജ്ഞയാണ് ഗുരുസമാധിയിൽ വച്ച് താൻ പുതുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സൗമ്യമായ ഭാഷണം കൊണ്ട് കൊടുങ്കാറ്റ് സൃഷ്ടിച്ച്, കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെല്ലാം പരിവർത്തനമുണ്ടാക്കിയ ഗുരുദേവന്റെ മഹാസമാധിക്ക് മുന്നിലാണ് നിൽക്കുന്നത്. എല്ലാവരും സൗഹാർദ്ദത്തോടെ ഒരുമിച്ചു ജീവിക്കുന്ന, സോദരരെ പോലെ വാഴുന്ന ഒരു മാതൃകാ സ്ഥാനമാക്കി നമ്മുടെ കേരളത്തെ മാറ്റാൻ ഗുരുവിന്റെ ആദർശങ്ങളും ദർശനവും തീർച്ചയായും നമ്മളെ എല്ലാവരെയും സഹായിക്കും.
മഠം ഗസ്റ്ര് ഹൗസിലെത്തിയ മുഖ്യമന്ത്രിയെ ശ്രീനാരായണധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ജ്ഞാനതീർത്ഥ, സ്വാമി വിശാലാനന്ദ, സ്വാമി സുരേശ്വരാനന്ദ തുടങ്ങിയവർ സ്വീകരിച്ചു. സ്വാമി സച്ചിദാനന്ദ പൊന്നാട അണിയിച്ചു.
മഹാസമാധിയിലെത്തിയ മുഖ്യമന്ത്രി ഗുരുദേവ പ്രതിഷ്ഠയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. സ്വാമി സച്ചിദാനന്ദ പ്രസാദം നൽകി. മുൻ എം.എൽ.എ വർക്കല കഹാർ, അഡ്വ. കെ.പി. അനിൽകുമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ആദർശ നിഷ്ഠമായ രാഷ്ട്രീയത്തിന്റെ നിറകുടമായാണ് വി.ഡി.സതീശനെ കേരളീയ ജനത കാണുന്നതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. അദ്ദേഹത്തിലൂടെ ഒരു വലിയ സദ്ഭരണം ഇവിടെ ഉണ്ടായി നമ്മുടെ നാടിന് സമഗ്രമായ പുരോഗതി കൈവരിക്കാൻ സാധിക്കുമെന്നുള്ള വിശ്വാസമാണ് നമ്മുടെ ജനതയ്ക്കുള്ളത്.
ജാതി, മത, കക്ഷി ,രാഷ്ട്രീയ ഭേദചിന്തകൾക്കതീതമായി അദ്ദേഹത്തിന് പ്രവർത്തിക്കാനും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനത്തെ സൃഷ്ടിച്ചെടുക്കാനും എല്ലാവിധമായ അനുഗ്രഹവും ജഗദീശ്വരൻ പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിച്ച് ശിവഗിരി മഠത്തിന്റെ എല്ലാവിധ മംഗളാശംസകളും അദ്ദേഹത്തിന് നേരുന്നതായും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഇതോടെ വെള്ളാപ്പള്ളിക്ക് കാര്യം മനസിലായി. ഇതോടെ അദ്ദേഹം പ്ലേറ്റ് മാറ്റി
വിഡി. സതീശന്റെ തുടക്കം നന്നായിട്ടുണ്ടെന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. . അദ്ദേഹം മിടുക്കനാണ്. സതീശന്റെ അഭിപ്രായത്തോട് യോജിപ്പും വിയോജിപ്പും ഞാൻ പ്രകടിപ്പിച്ചിട്ടുണ്ട്. കൂടുതലും ശക്തമായി എതിർത്തിട്ടുണ്ട്. കെ. സുധാകരനെ എതിർത്തപ്പോഴാണ് ഞാൻ ഇദ്ദേഹത്തെ എതിർത്തത്. എനിക്ക് സുധാകരനെ ഇഷ്ടമാണ്. പക്ഷേ സതീശൻ മിടുക്കനാണ്. മിടുക്കനല്ലെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രിയാകാൻ ഒക്കത്തില്ലല്ലോ. ഓരോരുത്തരുടെ മിടുക്കിനെ നമ്മൾ അംഗീകരിക്കണം. മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ അദ്ദേഹത്തെ അംഗീകരിക്കുകയാണ്. ഞാനെന്നല്ല, കേരളത്തിൽ എല്ലാവരും അംഗീകരിക്കണം. കാരണം ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്.
ജയിച്ചു വന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, അത് മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള മനസ്സ് എനിക്കുണ്ട്. അദ്ദേഹത്തെ ഒരു ശത്രുപക്ഷത്ത് ഞാൻ കാണുന്നില്ല. അദ്ദേഹത്തിന്റെ കഴിവിനെ ഞാൻ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, ഇതുപോലെ വിജയം കേരളത്തിൽ നേടാൻ സാധിച്ചത് ഒരു അത്ഭുതം തന്നെയാണ്. അവരെല്ലാം കുറെ ബാലൻസിങ് ആയിട്ടാണ് എല്ലാം ചെയ്തത്. ഇന്നലെ വരെ ലഭിക്കാതെ ഇരുന്ന പല ആളുകൾക്കും അവസരം കൊടുത്തു. ചില ആളുകൾ ജയിച്ച ഉടനെ മന്ത്രിയായില്ലേ? മുമ്പ് എം.എൽ.എ വരെയാകാത്ത ആളുകൾ പോലും മന്ത്രിയായില്ലേ?
മന്ത്രിസഭയിലെ സമുദായ പ്രാതിനിധ്യത്തിൽ അങ്ങ് സന്തുഷ്ടനാണോ? ഈ ചോദ്യത്തിന് വെള്ളാപ്പള്ളി നൽകിയ മറുപടി ഇതാണ്: സംതൃപ്തനാണോ എന്ന് ചോദിച്ചാൽ... മൂന്ന് പേരാ ഉള്ളത്. ഒറ്റെണ്ണമില്ലാഞ്ഞതിൽ നിന്ന് ഭേദമല്ലേ? പണ്ട് കോൺഗ്രസിനകത്ത് ആരുണ്ടായിരുന്നു? ഒരു ബാബു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് മൂന്നു പേരായെങ്കിൽ അത്രയും നല്ലത് എന്നേ പറയാൻ ഒക്കത്തുള്ളൂ. പിന്നെ, സമവാക്യങ്ങളെല്ലാം പറയുമ്പോൾ ഞങ്ങളെല്ലാം ഇടതുപക്ഷമാണെന്ന് പറഞ്ഞുകൊണ്ട് ഞങ്ങൾക്ക് സീറ്റും തരത്തില്ല.
തന്നെ ബലിയാടാക്കി രക്ഷപ്പെടാമെങ്കിൽ സിപിഎം രക്ഷപ്പെടട്ടേയെന്ന് എസ്എൻഡിപി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കേരളം നിന്ന് കുലുങ്ങിയപ്പോൾ ഇടതുപക്ഷത്തിന് താങ്ങായി തണലായി പിന്തുണ നൽകിയത് താനായിരുന്നുവെന്നും വെള്ളാപ്പള്ളി ഓർമിപ്പിച്ചു. തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ എൽഡിഎഫിന് തിരിച്ചടിയായെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞത് കുറഞ്ഞ് പോയെന്നുമുള്ള വിലയിരുത്തൽ സിപിഎം നടത്തിയിരുന്നു. ഇതിനുശേഷം വെള്ളാപ്പള്ളി നൽകിയ ആദ്യ അഭിമുഖമാണിത്.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന് സമമാവില്ല. കടലും കടലാടിയും പോലുള്ള വ്യത്യാസമുണ്ട്. പി.ശശി സർക്കാറിന്റെ അന്തകനായി മാറിയെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. പിണറായി വിജയനെ തിരുത്താൻ ആരും തയ്യാറായില്ലെന്നും പിണറായിക്ക് തുല്യമായി പാർട്ടിയിൽ മറ്റാരേയും ചൂണ്ടിക്കാട്ടാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ദയനീയ പരാജയം അങ്ങയെ ഒരു വർഗീയവാദിയാക്കി മാറ്റിയോ? ചുമ്മാ വർഗീയവാദി,വർഗീയവാദി എന്ന് പറഞ്ഞ് ആരെയാണ് വർഗീയവാദി ആക്കാനാവാത്തത്? ഞാനൊരു സാമൂഹിക സത്യം പറഞ്ഞു. ഞാൻ മുസ്ലിം ലീഗിനെ സംബന്ധിച്ചാണ് പറഞ്ഞത്. അല്ലാതെ മുഴുവൻ മുസ്ലിം സമുദായത്തെ അല്ല. ഭരണം വരുമ്പോൾ കണ്ണല്ലാത്തതെല്ലാം പൊന്നാക്കുമെന്ന് പറഞ്ഞു.
പക്ഷേ ലീഗിന് ഞങ്ങളോട് പിന്നെ കണ്ട ഭാവമില്ല. പരിഗണിക്കാൻ അവർ തയ്യാറായില്ല എന്ന് ഞാൻ പറഞ്ഞത് വർഗീതയാകുമോ? മലപ്പുറം ജില്ലയിൽ ഞങ്ങൾക്ക് ഒരു കുടിപ്പള്ളിക്കൂടം പോലും തന്നില്ല. അവർ വർഗീയ പാർട്ടി തന്നെയാണ്. കോളേജ് അനുവദിച്ചു കൊടുത്തു, സ്‌കൂൾ അനുവദിച്ചു കൊടുത്തു, പ്ലസ് ടു കൊടുത്തു. ഞങ്ങൾക്ക് എന്ത് തന്നു? ഞങ്ങളെ തകർത്തു കളഞ്ഞില്ലേ? പ്ലസ് ടുവിൽ ഞങ്ങളുടെ ആറായിരം കുട്ടികളല്ലേ ഔട്ട് ആയിപ്പോയത്? അവർക്ക് സംഘടിതമായ പണമുണ്ട്. ഇത് വെച്ചുകൊണ്ട് മീഡിയവരെ ഓപ്പറേറ്റ് ചെയ്യുകയാണ്. രാഷ്ട്രീയമായി അവരെ എതിർക്കുന്നവരെ രാഷ്ട്രീയമായി ആക്രമിക്കുന്നു.
അവർ പറഞ്ഞാൽ അത് നീതി, ഞാൻ പറഞ്ഞാൽ വർഗീയത. ജാതിയുടെ പേരിൽ കിട്ടേണ്ടത് ചോദിച്ച് വാങ്ങണം, അതല്ലേ ലീഗും ചെയ്തത്? പക്ഷേ ജാതി പറഞ്ഞ ആളുകളെ പറ്റി ഇവരൊന്നും പറയുന്നില്ല, അവരെ മന്ത്രിയാക്കിയില്ലേ? മതമാണ് മതമാണ് എല്ലാമെന്ന് പറഞ്ഞയാളെ ഇപ്പോ മന്ത്രി വരെ ആക്കിയില്ലേ? അത് പറയാൻ ഒരു മീഡിയ ഇല്ല, ഒരു രാഷ്ട്രീയ പാർട്ടി ഇല്ല. ഇവിടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. എനിക്ക് ആരുടെയും വോട്ട് വേണ്ട. അതുകൊണ്ട് എനിക്ക് ഭയപ്പെടേണ്ട കാര്യമില്ല.
എന്തുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പിന് ശേഷം വെള്ളാപ്പള്ളി നടേശൻ സിപിഎമ്മിന് അനഭിമിതനാകുന്നത് എന്ന ചോദ്യത്തിന് മറുപടി ഇതാണ്. കാരണം അവര് തോറ്റുപോയി. അവർക്കൊരു കാരണം കണ്ടുപിടിക്കേണ്ടേ തോറ്റതിൽ. നിങ്ങൾ നോക്കണം ഇതിനേക്കാൾ വലിയ പ്രക്ഷോഭം ആണല്ലോ ശബരിമല സ്ത്രീ പ്രവേശനം വന്നപ്പോൾ ഉണ്ടായത്. അത് കഴിഞ്ഞിട്ടില്ലേ അടുത്ത തിരഞ്ഞെടുപ്പ് വന്നത്. ഗംഭീരമായിട്ട് ജയിച്ചില്ലേ. അന്ന് എന്നെ കൊള്ളാമായിരുന്നല്ലോ. ഇപ്പോൾ തോറ്റപ്പോൾ കൊള്ളാതെ വരുമ്പോൾ ഞാൻ എന്റെ കുറ്റവും. പരാജയത്തിന്റെ സത്യസന്ധമായ കാരണമെന്തെന്ന് അവർ സ്വന്തമായി ചിന്തിക്കണ്ടേ. പല കാരണങ്ങളുണ്ട്, ആ കാരണങ്ങൾ പലതും അവർ പരസ്യമായി പറയുന്നില്ല. രഹസ്യമായി അവർക്കൊക്കെ അറിയാം.
അങ്ങയുടെ വിലയിരുത്തലിൽ എന്തുകൊണ്ടാണ് സിപിഎം ഈ തിരഞ്ഞെടുപ്പിൽ തോറ്റത്?
പ്രധാന ഘടകം ആശാവർക്കർമാരാണ്. അവർ കേരളമെമ്പാടും വ്യാപിച്ചു കിടക്കുന്നതാണ്. അവർക്ക് ഒരുപാട് ജനങ്ങളുമായിട്ട് ബന്ധം ഉള്ളവരാണ്. ആശാവർക്കർമാരുടെ കാര്യങ്ങളിൽ അത്തരം ഒരു സമ്മർദ്ദ തന്ത്രം ഉപയോഗിക്കാൻ പാടില്ലായിരുന്നു. പിന്നെ ഇടതുപക്ഷത്തിന്റെ താഴെത്തട്ടിൽ നോക്കുക. പാർട്ടികളുടെ താഴെയുള്ള അണികൾ കാണിച്ചിട്ടുള്ള അഹങ്കാരവും ധിക്കാരവും വിനയമില്ലാത്ത പെരുമാറ്റവും വലിയൊരു കാരണമാണ്. ഞാൻ ചോദിക്കട്ടെ, അധികാര കസേരയിൽ ഇരുന്നു കഴിഞ്ഞാൽ രാജാവാകുകയാണ് പലരും. എല്ലാവരും അങ്ങനെയാണെന്ന് ഞാൻ പറയില്ല. കോടിയേരി പോയി. ആ കുറവ് പരിഹരിക്കാൻ ഇവിടെ ആരുണ്ട്. ഗോവിന്ദൻ സമം കോടിയേരി എന്ന് നമുക്ക് പറയാൻ പറ്റില്ല, അതും കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. കോടിയേരിയുടെ അകാലത്തിലുള്ള മരണം പാർട്ടിയെ നല്ലപോലെ ബാധിച്ചിട്ടുണ്ട്. കോടിയേരിയും പിണറായിയും നല്ല ഇക്വേഷനിൽ, വളരെ ഭംഗിയായിട്ട് കൊണ്ടുപോയി. ആരെങ്കിലും എവിടെയെങ്കിലും കുഴപ്പം കാണിച്ചാൽ അവർ ചർച്ച ചെയ്ത് പരിഹരിച്ച് മുമ്പോട്ട് പോയി. പക്ഷേ, ഇപ്പോൾ അങ്ങനെയൊന്നുമില്ല.
പിന്നെ, പി. ശശിയുടെ ധാർഷ്ട്യം എല്ലാവർക്കും അറിയാവുന്നതല്ലേ? ഏത് കൊള്ളയും കൊള്ളരുതായ്മയും കാണിക്കുന്നവർക്ക് വേണ്ടി സപ്പോർട്ട് ചെയ്തു. അവരെ നിലനിർത്താനും അതിലൂടെ പലതും സമ്പാദിക്കുവാനും പോലീസിനെ ഉപയോഗിച്ചു. ഇവരെയെല്ലാം കയറൂരിവിട്ട് അവർ എന്തെല്ലാം കൊള്ളയാണ് ഈ രാജ്യത്ത് നടത്തിയത്. സർവ്വനാശത്തിനുള്ള കാരണം ആ ഒറ്റ മനുഷ്യനാണ്. ജനകീയ ഭരണത്തിൽ ജനങ്ങൾക്ക് ജനപ്രതിനിധികൾക്ക്, എന്തിന് മന്ത്രിമാർക്ക് പോലും പരിഗണന കൊടുക്കുമായിരുന്നു. ശശിയെ പറ്റി എല്ലാം തുറന്നു പറഞ്ഞ ഒരാൾ അൻവർ മാത്രമാണ്. എല്ലാവരും ഭരണത്തിന്റെ ശീതളച്ഛായയിൽ സുഖലോലുപന്മാരായി നടന്നതല്ലാതെ താഴത്തട്ടിൽ എന്ത് നടക്കുന്നു എന്ന് അറിയാതെ പോയി.
ഇപ്പോ പിണറായിയെ ആണല്ലോ എല്ലാവരും കുറ്റം പറയുന്നത്. ഈ പിണറായിയെ കുറ്റം പറയുന്ന ആളുകളെല്ലാം തിരഞ്ഞെടുപ്പ് തോറ്റതിനു ശേഷം അല്ലേ അദ്ദേഹത്തെ കുറ്റം പറയുന്നത്. പിണറായിയെ തിരുത്താൻ ഇവരാരും എന്തേ അന്നു പറയാത്തത്. അപ്പോ ഇതുവരെ അദ്ദേഹത്തിനെ മഹാൻ എന്ന് പറഞ്ഞ് പുണ്യവാളനാക്കി, ഭരണത്തിന്റെ സകല സുഖങ്ങളും അനുഭവിച്ച ആളുകളാണ് ഇന്ന് എതിരായിരിക്കുന്നത്. അദ്ദേഹം എല്ലാത്തിനും അതീതനാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഒരുപാട് കഴിവുള്ള ആളാണ്. പാർട്ടി തന്നെ തകർന്ന് തരിപ്പണമായി നിന്ന കാലഘട്ടത്തിൽ ഒന്നിപ്പിച്ച് നിർത്തിയ കരുത്തനായ അഡ്മിനിസ്ട്രേറ്ററാണ്, ഭരണകർത്താവാണ്. സത്യം സത്യം പോലെ നമ്മൾ പറയണ്ടേ. പിന്നെ ദൈവമൊന്നും അല്ലല്ലോ. കുറവും കുറ്റങ്ങളും കാണാം. പാർട്ടിയെ ഒന്നായി ചലിപ്പിക്കാൻ പിണറായിക്കല്ലാതെ വേറെ ആർക്കും സാധിക്കുമായിരുന്നില്ല. പോട്ടെ, പിണറായി പോട്ടെ, പിണറായിക്ക് സമമായിട്ട് നേതൃത്വത്തെ നിങ്ങൾക്ക് പറയാൻ സാധിക്കുമോ?
ഓരോരുത്തരും അവരുടെ വിശ്വാസം അനുസരിച്ചും താല്പര്യം അനുസരിച്ചും വ്യാഖ്യാനിച്ചോട്ടെ എനിക്ക് യാതൊരു തർക്കവുമില്ലല്ലോ ഇവർ എങ്ങനെ വ്യാഖ്യാനിച്ചാലും ഏത് രാഷ്ട്രീയ കക്ഷികളും വ്യാഖ്യാനിച്ചാലും കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്നെ തള്ളിപ്പറഞ്ഞാൽ രക്ഷപ്പെടാൻ സാധിക്കുമെങ്കിൽ ഞാൻ അതിനുവേണ്ടി ബലിയാടാകാൻ തയ്യാറാകും. ഞാൻ ബലിയാടായാൽ കമ്യൂണിസ്റ്റ് പാർട്ടി രക്ഷപ്പെടുമെങ്കിൽ രക്ഷപ്പെടട്ടെ. എനിക്കൊരു ചുക്കം സംഭവിക്കാനില്ല.
ഇവർ വിചാരിക്കുന്നത് എനിക്ക് പിണറായിയെ ഇഷ്ടമാണെന്നാണ്. എന്നാൽ നിങ്ങൾ ഒരു കാര്യം മനസ്സിലായിക്കോളൂ. ഇത്രയും കൊല്ലത്തിനുള്ളിൽ പിണറായെ സമീപിച്ച് ഏതെങ്കിലും ഒരു കാര്യം നേടിയിട്ടുണ്ടോ.. ഞാൻ ആവശ്യമില്ലാത്ത ഒരു കാര്യത്തിനു പോകത്തില്ല, പറയത്തില്ല. അദ്ദേഹവും അതുപോലെ തന്നെയാണ്. എന്നോട് മര്യാദയായിട്ട് പെരുമാറിയിട്ടുണ്ട്. ഞാനും മര്യാദയായിട്ട് പെരുമാറിയിട്ടുണ്ട്.
ഇപ്പോൾ കാറിന്റെ മഹിമയാണ്. അതൊക്കെ ഓരോന്നും സന്ദർഭമനുസരിച്ച് വ്യാഖ്യാനിക്കുന്നു. അദ്ദേഹത്തിന് എന്നെ ഇഷ്ടമാണ്. അതുകൊണ്ട് എന്നെ കേറ്റി. അത് ഞാൻ അംഗീകരിക്കുന്നു. അദ്ദേഹത്തെ വെറുക്കാൻ അദ്ദേഹം എനിക്കിട്ട് എന്ത് ചെയ്തു? നമ്മൾ ഒരാളെ കണ്ണും പൂട്ടി എതിർക്കാനോ കണ്ണും പൂട്ടി അനുകൂലിക്കാനോ അല്ല പോകേണ്ടത്.
പിന്നെ എന്തുകൊണ്ടാണ് ഇത്രയൊരു അടുപ്പം പിണറായിയുമായി ഉണ്ടായിട്ടും സി.പി.എം താങ്കളെ പരസ്യമായി തള്ളിപ്പറഞ്ഞത്?
നിലനിൽക്കാൻ വേണ്ടി, സിപിഎം എന്ന് പറയുന്നത് ആരാണ്? താഴെ ഘടകത്തിൽ മോഹഭംഗം വന്ന കുറെ ആളുകളുണ്ട്. ചർച്ച ചെയ്ത് ചർച്ച ചെയ്ത് ആരുടെയെങ്കിലും കഴുത്ത് വെട്ടണ്ടേ? വെട്ടാൻ പറ്റിയത് വെള്ളാപ്പള്ളിയുടെ കഴുത്താണെങ്കിൽ വെട്ടട്ടെ. എനിക്കെന്ത് സംഭവിക്കാനാണ്? ഒന്നും സംഭവിക്കാനില്ല.
താങ്കൾ നടത്തിയ പ്രസ്താവനകൾ ഏതെങ്കിലും ഘട്ടത്തിൽ കൈവിട്ടു പോയതായിട്ട് തോന്നിയിട്ടുണ്ടോ?
തോന്നിയിട്ടില്ല. നിങ്ങൾ ഓർമ്മപ്പെടുത്തൂ കൈവിട്ടു പോയത് എന്തെങ്കിലും. അത് തെറ്റാണെങ്കിൽ തെറ്റാണെന്ന് ഞാൻ പറയാം. പിന്നെ, ഞാൻ മനുഷ്യനല്ലേ?
ഇതാണ് വെള്ളാപ്പള്ളിയുടെ വാക്കുകൾ. മുഖ്യമന്ത്രി ശിവഗിരിയിൽ സന്ദർശനം നടത്തിയത് മുൻകൂട്ടി നിശ്ചയിച്ച ഒരു പ്ലാനിന്റെ ഭാഗമാണ്. താൻ ഈഴവ സമൂഹത്തിന് എതിരാണെന്ന തരത്തിൽ വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനകളെ അദ്ദേഹത്തിന് ഇല്ലാതാക്കണമായിരുന്നു. ശിവഗിരിയും കണിച്ചുകുളങ്ങരയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രിക്ക് കാണിച്ചുകൊടുക്കണമായിരുന്നു. വെള്ളാപ്പള്ളി ഒരു കാലത്തും കോൺഗ്രസിനെ അനുകൂലിച്ചിട്ടില്ല. അങ്ങനെയുള്ള ഒരാളെ സതീശനും അംഗീകരിക്കില്ല. സുകുമാരൻ നായരെയും വെള്ളാപ്പള്ളിയെയും കാണാൻ ഒരിക്കലും സതീശൻ അവരുടെ ഇരിപ്പിടം സന്ദർശിക്കില്ല. അതുകൊണ്ടാണ് ശിവഗിരിയെ കൂടെ കൂട്ടി തന്നെ സതീശൻ തകർക്കുമെന്ന് മന്സിലാക്കി വെള്ളാപ്പള്ളി സതീശനെ അനുകൂലിച്ച് രംഗത്തെത്തിയത്
https://www.facebook.com/Malayalivartha


























