ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട പാലക്കാട് സ്വദേശിനി വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഈ തുക തിങ്കളാഴ്ച തന്നെ നല്‍കുമെന്ന് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ശിശുക്ഷേമ വകുപ്പ്, കുട്ടിയ്ക്ക് നല്‍കികൊണ്ടിരുന്ന ധനസഹായം മുടങ്ങിയ വിവരം ഇന്നാണ് അറിഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനിതാ വികസന വകുപ്പ് സെക്രട്ടറിയെയും ഡയറക്ടറേയും വിഷയം ധരിപ്പിച്ചു.
ഏതുവിധേനയും ധനസഹായം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പരിമിതികളെ മറികടന്ന് ധനസഹായം നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. പാലക്കാട് പല്ലശ്ശന ഒഴിവുപറ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് വിനോദിനി. കുട്ടിയുടെ വിദ്യാഭ്യാസത്തിനായാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. എന്നാല്‍ രണ്ട് മാസത്തെ ധനസഹായം മാത്രമാണ് വിനോദിനിക്ക് ലഭ്യമായത്. നിലവില്‍, കഴിഞ്ഞ നാല് മാസമായി ധനസഹായം ലഭിക്കുന്നില്ലെന്ന് കുട്ടിയുടെ അമ്മ പരാതിപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്. തെന്മല അഭയകേന്ദ്രത്തിലെ പീഡനപരാതിയില്‍ സമഗ്ര അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. സമാന സ്ഥാപനങ്ങളില്‍ എന്തൊക്കെ നടക്കുന്നുവെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തും.
ഇത്തരം സ്ഥാപനങ്ങള്‍ കുറ്റമറ്റ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി പ്രതികരിച്ചു. നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണത്തിലും മന്ത്രി പ്രതികരിച്ചു. ശിശുക്കളുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ശിശു സൗഹൃദമായിരിക്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഒന്നര വയസുകാരന്റെ മരണത്തില്‍ ഉടനടി നടപടി സ്വീകരിച്ചിട്ടുണ്ട്. ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























