കെഎസ്ആര്‍ടിസിയില്‍ എട്ട് ബസ്സുകള്‍ക്ക് ഇനി ഒരു ഇന്‍സ്‌പെക്ടര്‍... ലക്ഷ്യം വരുമാന വര്‍ദ്ധനവ്

കെ.എസ്.ആര്‍.ടി.സിയില്‍ ഓരോ എട്ട് ബസുകള്‍ക്കും ഓരോ ഇന്‍സ്‌പെക്ടര്‍മാരെ ചുമതലപ്പെടുത്തി. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ബസുകളുടെ അടിസ്ഥാനത്തിലല്ല നിലവില്‍ ഇന്‍സ്‌പെക്ടര്‍മാരെ വിന്യസിച്ചിരുന്നത്. കാര്യമായ ആസൂത്രണമില്ലാതെ ഇവരെ ലൈനില്‍ പരിശോധനക്ക് വിന്യസിക്കുകയായിരുന്നു ചെയ്തുപോന്നത്. അതിനാല്‍, ഇന്‍സ്‌പെക്ടര്‍മാരുടെ ബാഹുല്യമുണ്ടെങ്കിലും പരിശോധന കാര്യക്ഷമമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൃത്യമായ ചുമതല നല്‍കിയത്. ഇതിലൂടെ പ്രതിദിനം ഒരു കോടി രൂപയുടെ വരുമാന വര്‍ധനവാണ് ലക്ഷ്യമിടുന്നത്. നിലവിലെ പ്രതിദിന വരുമാനം 6 മുതല്‍ 6.5 കോടി വരെയാണ്.
ബസുകളുടെ റൂട്ട് ആസൂത്രണം, ജീവനക്കാരുടെ വിന്യാസം, വരുമാനം, യാത്രക്കാരുടെ പരാതി പരിഹരിക്കല്‍, അറ്റകുറ്റപ്പണി, ബസുകളുടെ ശുചിത്വം എന്നിവ ബന്ധപ്പെട്ട ഇന്‍സ്‌പെക്ടറുടെ ചുമതലയിലായിരിക്കും. ബസുകളുടെ എണ്ണത്തിനനുസരിച്ച് ഇന്‍സ്‌പെക്ടര്‍മാര്‍ തികയാതെ വരുന്ന യൂണിറ്റുകളിലേക്ക് മറ്റ് യൂണിറ്റുകളില്‍നിന്ന് ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലംമാറ്റും. ഇതുമായി ബന്ധപ്പെട്ട് ചീഫ് ഓഫിസിലും ക്രമീകരണം ഏര്‍പ്പെടുത്തി.
ബസുകളുടെ വിന്യാസം, സമയകൃത്യത, ടിക്കറ്റ് മെഷീനുകള്‍, മുടങ്ങിക്കിടക്കുന്ന ഷെഡ്യൂളുകളുടെ ലാഭകരമായ പുനര്‍വിന്യാസം എന്നിവക്കായി സി.എം.ഡിക്ക് കീഴില്‍ നാല് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























