ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് മലപ്പുറം സ്വദേശിയായ യുവാവിനെ കാണാതായി. ബെംഗളൂരുവില്‍ നിന്നും എത്തിയ 12 അംഗ വിനോദസഞ്ചാര സംഘത്തിലെ നാലു പേരാണ് വൈകിട്ട് പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ മൂന്നു ബെംഗളൂരു സ്വദേശികളെ രക്ഷപ്പെടുത്തി. ഇവരുടെ ഗൈഡായിരുന്ന മലപ്പുറം കീഴ്‌ശേരി വട്ടോളി കണ്ണംകുത്ത് ഷിബ്‌ലി റഹ്മാനെ(25) ആണ് പുഴയില്‍ കാണാതായത്.
ആനക്കാംപൊയില്‍ കണ്ടപ്പന്‍ചാല്‍ തൂക്കുപാലത്തിനടിയിലാണ് സംഘം കുളിക്കാനായി ഇറങ്ങിയത്. പുഴയിലും പരിസരത്തും തെളിഞ്ഞ കാലാവസ്ഥയും വെയിലും ആയിരുന്നെങ്കിലും വനമേഖലയില്‍ മഴപെയ്തതോടെയാണ് ഇരുവഞ്ഞിപ്പുഴയില്‍ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. ഒഴുക്കില്‍പ്പെട്ട ബെംഗളൂരു സ്വദേശികളായ നിഖിത(24), പ്രണില്‍(22), കിഷോര്‍(22) എന്നിവരെ പ്രദേശവാസികളും മുക്കത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നടത്തിയ അടിയന്തര രക്ഷാപ്രവര്‍ത്തനത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു. ഇവര്‍ ഒഴുക്കില്‍പ്പെട്ടതു കണ്ടാണ് ഗൈഡ് ആയെത്തിയ ഷിബ്‌ലി പുഴയില്‍ ചാടിയത്. കാണാതായ ഷിബിലിനു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും പ്രദേശത്തെ മഴയും ഇരുട്ടും കാരണം രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിച്ചു. ഞായറാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ഫയര്‍ ഫോഴ്‌സ് സംഘം അറിയിച്ചു.
പ്രകൃതിമനോഹരമായ ചുറ്റുപാടുകളുള്ള പതങ്കയം വെള്ളച്ചാട്ട പ്രദേശം വര്‍ഷങ്ങളായി നിരവധി അപകടങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. പതങ്കയത്ത് പുഴയില്‍ ഇറങ്ങുന്നതിന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് മറികടന്നാണ് പുഴയുടെ മറ്റു സ്ഥലങ്ങളിലൂടെ വിനോദസഞ്ചാരികള്‍ പുഴയില്‍ ഇറങ്ങുന്നത്.
https://www.facebook.com/Malayalivartha

























