കോണ്‍ഗ്രസിനെയും അതിന്റെ പാരമ്പര്യത്തെയും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഉത്തരേന്ത്യയിലെ മുതിര്‍ന്ന വോട്ടര്‍മാര്‍ പുതിയ വാര്‍ത്തയെ ഹൃദയം തുറന്ന് സ്വീകരിച്ചു... തരംഗമാകാന്‍ പുതിയ ഇന്ദിരാഗാന്ധി, പ്രിയങ്കയെ സ്വാഗതം ചെയ്ത് ഉത്തരേന്ത്യന്‍ ജനത

കോണ്‍ഗ്രസിനെയും അതിന്റെ പാരമ്പര്യത്തെയും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഉത്തരേന്ത്യയിലെ മുതിര്‍ന്ന വോട്ടര്‍മാര്‍ പുതിയ വാര്‍ത്തയെ ഹൃദയം തുറന്നാണ് സ്വീകരിച്ചത്. അവരുടെ പ്രിയങ്കരിയായ നേതാവ് ഇന്ദിരാഗാന്ധിയുടെ രൂപസാദൃശ്യമുള്ള കൊച്ചുമകള്‍ പ്രിയങ്ക രാഷ്ട്രീയത്തിലേക്കു വരണമെന്നത് ഉത്തരേന്ത്യന്‍ ഗ്രാമവാസികള്‍ ഏറെ നാളായി ആഗ്രഹിച്ച മോഹമാണ്. അതാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാഗാന്ധിയെ നിയമിച്ചതിലൂടെ കോണ്‍ഗ്രസ് സാധിച്ചു കൊടുത്തത്. അതിന്റെ പ്രതിഫലം ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ഹിന്ദിബല്‍റ്റില്‍ വോട്ടര്‍മാര്‍ തിരികെ നല്‍കുമെന്നാണ് പ്രതീക്ഷ. ഈ വരുന്ന ഫെബ്രുവരി ആദ്യ ആഴ്ച തന്നെ ചുമതലയേറ്റെടുക്കാനാണ് പ്രിയങ്കാ ഗാന്ധിക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് കോണ്‍ഗ്രസ് പ്രിയങ്കയെ ഏല്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ തലപ്പത്തേക്ക് പ്രിയങ്ക വന്നുകാണണമെന്ന് വളരെനാളായി ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവശേത്തോടയാണ് വാര്‍ത്ത ശ്രവിച്ചത്. നേരത്തെ ഉത്തര്‍പ്രദേശിലെ സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം റായ്ബറേലിയിലും അമേഠിയിലും പ്രചരണ രംഗത്ത് സജീവമായി ഉണ്ടായിരുന്നുവെങ്കിലും പ്രിയങ്ക പാര്‍ട്ടി ചുമതല ഏറ്റെടുക്കുന്നത് ആദ്യമായാണ്.
ബി.ജെ.പിയുമായി നേര്‍ക്കുനേര്‍ പോരാട്ടത്തിന് കരുത്തുള്ള വ്യക്തിത്വമായാണ് കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെ നേതൃനിരയില്‍ കൊണ്ടുവന്നു പ്രതിഷ്ഠിച്ചിരിക്കുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ പ്രിയങ്കയ്ക്ക് തച്ചുതകര്‍ക്കാനുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ബിജെപി ശക്തികേന്ദ്രങ്ങളാണ്. എസ്.പിബിഎസ്.പി സഖ്യത്തില്‍ സ്ഥലം കിട്ടാതിരുന്ന കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കുന്ന രംഗപ്രവേശം കൂടിയായി പ്രിയങ്കയുടേത്. യു.പിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുവാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് പ്രിയങ്കയുടെ അപ്രതീക്ഷിതമായ രംഗപ്രവേശമെന്ന് നിരീക്ഷകര്‍ കരുതുന്നു. എണ്‍പത് ലോക്‌സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ സാന്നിദ്ധ്യം മികച്ച വിജയം നേടിക്കൊടുക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
അതേസമയം, പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം ബിജെപി വൃത്തങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധിയെ നേതാവായി ചിത്രീകരിച്ചുകൊണ്ട് പ്രചാരണം തുടങ്ങിയ സ്ഥിതിയ്ക്ക് പ്രിയങ്ക തല്‍ക്കാലം പിന്നണിയിലാകുമെന്നാണ് ബിജെപി കരുതിയത്. രാഹുലിനെക്കാള്‍ രാഷ്ട്രീയത്തില്‍ ബിജെപി ഭയക്കുന്ന വ്യക്തിത്വമാണ് പ്രിയങ്കയുടേത്. രാഷ്ട്രീയത്തിനതീതമായി ഒരു സമ്മിതി വളരെനാളായി പ്രിയങ്കയ്ക്ക് നിലനില്‍ക്കുന്നതാണ് അതിനു കാരണം.
നേതാവ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടതു കൊണ്ടാണ് പ്രിയങ്കയെ കളത്തിലിറക്കിയത് എന്നായിരുന്നു ഈ വിഷയത്തില്‍ ബി.ജെ.പിയുടെ ആദ്യ പ്രതികരണം. വിശാല സഖ്യം എന്ന ആശയം പൊളിഞ്ഞ സാഹചര്യത്തില്‍ പ്രിയങ്കാ ഗാന്ധിയേയും രാഷ്ട്രീയത്തിലിറക്കി കുടുംബ സഖ്യം കൊണ്ടു വരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് എന്നായിരുന്നു ബി.ജെ.പിയുടെ ഔദ്യോഗിക വക്താവ് സമ്പിത് പത്രയുടെ പരിഹാസം.
പ്രധാനമന്ത്രി നരേദ്രമോദിയും ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ പരിഹസിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസിനു ഗാന്ധി കുടുംബത്തിന്റെ പുറത്തേക്കു ചിന്തിക്കാനാവില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്കു പാര്‍ട്ടിയാണു കുടുംബം. കോണ്‍ഗ്രസിനാകട്ടെ കുടുംബമാണു പാര്‍ട്ടി. എല്ലാ വിഭാഗവും ഇവിടെ ഒരു കുടുംബം കൈകാര്യം ചെയ്യുന്നു. നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കു ശേഷം ആരാണ്? പുതിയ ഇന്ത്യ ഇതെല്ലാം ചോദ്യം ചെയ്യും– ഇതായിരുന്നു മോദിയുടെ വാക്കുകള്‍.
അതിനിടെ, ബിജെപി സഖ്യകക്ഷിയായ ജനതാ ദള്‍ യുനൈറ്റഡ് കിഷോര്‍ കുമാര്‍ ട്വിറ്ററില്‍ നടത്തിയ പ്രസ്താവന വിവാദമായി. ഇന്ത്യന്‍ രാഷ്ട്രീയം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രാഷ്ട്രീയ പ്രവേശനങ്ങളിലൊന്നാണ് പ്രിയങ്കാ ഗാന്ധിയുടേതെന്നാണ് അദ്ദേഹം കുറിച്ചത്. രാഷ്ട്രീയത്തിനതീതമായി പ്രിയങ്കയ്ക്കുള്ള പൊതുസമ്മതിയുടെ ഉദാഹരണമാണ് ഈ പ്രസ്താവന.
പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം കോണ്‍ഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിന്റെ സ്വഭാവം വെച്ച് തന്നെ അത്ഭുതപ്പെടുത്തില്ലെന്നാണ് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് പ്രതികരിച്ചത്. എന്നാല്‍ പ്രിയങ്കാ ഗാന്ധിയെ കിഴക്കന്‍ യു.പിയുടെ മാത്രം ചുമതല നല്‍കിയത് തന്നെ അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. അവര്‍ക്കെന്തു കൊണ്ടാണ് കിഴക്കന്‍ യു.പിയുടെ മാത്രം ചുമതല നല്‍കിയത്. അവരുടെ വ്യക്തിപ്രഭാവം അവരെ കുറെ കൂടെ വലിയ സ്ഥാനത്തിന് അര്‍ഹയാക്കുന്നുണ്ട്. രവി ശങ്കര്‍ പ്രസാദിന്റെ പ്രതികരണവും പ്രിയങ്കയുടെ സമ്മിതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
അതേസമയം, പ്രിയങ്കയെ നേതൃസ്ഥാനത്ത് കൊണ്ടുവരാനായതില്‍ സന്തോഷമുണ്ടെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പ്രിയങ്ക വളരെ കഴിവുള്ള വ്യക്തിയാണ്. അവരുടെ സേവനം പാര്‍ട്ടിക്കും രാജ്യത്തിനും ഗുണം ചെയ്യും. ഇതായിരുന്നു രാഹുലിന്റെ പ്രതികരണം.
എന്തായാലും, പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശം ഉത്തരേന്ത്യയിലെങ്കിലും കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കിട്ടുണ്ട്. രാഹുലിന്റെ ഉയിര്‍ത്തെഴുന്നേല്പും പ്രിയങ്കയുടെ അവതാരവും കൂടി സൃഷ്ടിക്കുന്ന ഒരു തരംഗത്തിന് ആഞ്ഞുവീശാനുള്ള കരുത്തു വരികയാണെങ്കില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുടെ നാളുകളാണ് വരാനിരിക്കുന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു.
https://www.facebook.com/Malayalivartha
























