സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ക്ക് ആനുകൂല്യങ്ങളോടെ പ്രസവാവധി

തിരുവനന്തപുരം: കൗമാരക്കാരായ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗ് നടത്തുന്നതിനുള്ള സൈക്കോ സോഷ്യല്‍ പദ്ധതിയില്‍ കരാറടിസ്ഥാനത്തില്‍ നിയമിച്ചിട്ടുള്ള സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്ക് ആനുകൂല്യങ്ങളോടെയുള്ള പ്രസവാവധി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിലവിലെ 179 ദിവസത്തെ ഓണറേറിയം ഇല്ലാത്ത പ്രസവാവധിയാണ് ഭേദഗതി വരുത്തി ആനുകൂല്യത്തോടുകൂടിയാക്കിയത്.
വനിത ശിശുവികസന വകുപ്പിന് കീഴില്‍ സൈക്കോ സോഷ്യല്‍ പദ്ധതി പ്രകാരം കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നതിനുമായാണ് 2008 മുതല്‍ സ്‌കൂളുകളില്‍ കൗണ്‍സിലിംഗ് പദ്ധതി ആവിഷ്‌ക്കരിച്ച് വരുന്നത്. 12,500 രൂപ മാത്രം ഉണ്ടായിരുന്ന ഓണറേറിയം ഈ സര്‍ക്കാര്‍ വന്ന ശേഷം 18,750 രൂപയായി വര്‍ധിപ്പിച്ചിരുന്നു. 5 വര്‍ഷം സര്‍വീസ് ഉള്ളവര്‍ക്ക് 1,000 രൂപ അധികമായും നല്‍കി വരുന്നു.
https://www.facebook.com/Malayalivartha

























