നെറ്റിപ്പട്ടം മോഷ്ടിച്ച മൂന്ന് ആനപ്പാപ്പാന്മാര്‍ പിടിയില്‍

മണത്തല നേര്‍ച്ചയ്ക്കിടെ നെറ്റിപ്പട്ടം മോഷ്ടിച്ച മൂന്ന് ആനപ്പാപ്പാന്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രധാനപ്രതിയായ മറ്റൊരു ആനപ്പാപ്പാന്‍ ഒളിവിലാണ്. ബീച്ചില്‍ നിന്നുള്ള മിറാക്കിള്‍സ് കാഴ്ച കമ്മിറ്റിക്കാര്‍, ത്യശൂരില്‍ നിന്നും വാടകയ്‌ക്കെടുത്ത 12 നെറ്റിപ്പട്ടങ്ങളില്‍ രണ്ടെണ്ണമാണ് കാണാതായത്. ഇതില്‍ ഒരെണ്ണം കാറില്‍ കടത്തി കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ പിടികൂടുകയായിരുന്നു. ഉത്സവങ്ങളില്‍ നെറ്റിപ്പട്ടം മോഷ്ടിച്ചു വില്പന നടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്ന് പറയുന്നു.
പ്രധാന സൂത്രധാരനായ ഒരു ആനപ്പാപ്പാന്‍ മറ്റു ആനപ്പാപ്പാന്‍മാരെ ഉപയോഗിച്ചാണ് മോഷണം നടത്തുന്നത്. ഒരു നെറ്റിപ്പട്ടം സംഘത്തിന്റെ വാഹനത്തില്‍ കയറ്റിക്കൊടുത്താല്‍ 5000 രൂപയാണ് ഇവര്‍ക്കു ലഭിക്കുന്ന പ്രതിഫലം.
മണത്തല നേര്‍ച്ചയുടെ സമാപന ദിവസം വൈകിട്ട് ബീച്ചില്‍ നിന്നുള്ള നാട്ടുകാഴ്ചയില്‍ ആനകള്‍ ഇടഞ്ഞു പ്രശ്‌നങ്ങള്‍ സ്യഷ്ടിച്ചിരുന്നു. മിറക്കിള്‍സിന്റെ കാഴ്ചയ്ക്കു കൊണ്ടുവന്ന ആനകളെയാണ് നാട്ടുകാഴ്ചയ്ക്കു വിട്ടു കൊടുത്തിരുന്നത്. ഈ ആനകളില്‍ നാലെണ്ണമാണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ കാഴ്ചകള്‍ നിറുത്തിവച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ആനകളെ പിന്നെ എഴുന്നുള്ളിച്ചിരുന്നില്ല. ആനകളെ പല പറമ്പുകളിലായാണ് തളച്ചത്. നെറ്റിപ്പട്ടങ്ങള്‍ പലസ്ഥലത്തായാണ് അഴിച്ചുവച്ചത്.
ആനകള്‍ ഓടി അലങ്കോലമായതിനിടയില്‍ നെറ്റിപ്പട്ടങ്ങള്‍ സംഘാടകര്‍ക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ബുധനാഴ്ച രാവിലെ നോക്കിയപ്പോഴാണ് രണ്ട് നെറ്റിപ്പട്ടങ്ങളുടെ കുറവ് കണ്ടത്. ഇതിനിടെ ഒരു ആനയെ തളച്ചിരുന്നതിന്നു സമീപം ചുവന്ന കാര്‍ കിടക്കുന്നുണ്ടായിരുന്നു. കാറിന്റെ ഡിക്കിയിലേക്കു പായകെട്ട് കയറ്റുന്നത് കണ്ടപ്പോഴാണ് സംശയം വര്‍ധിച്ചത്. പാപ്പാന്‍മാര്‍ ഉറങ്ങാന്‍ ഉപയോഗിക്കുന്ന പായയില്‍ ചുരുട്ടിക്കെട്ടിയ നിലയിലായിരുന്നുനെറ്റിപ്പട്ടം.
സംശയം തോന്നി ചോദിച്ചപ്പോള്‍ ചങ്ങലയെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് വേഗത്തില്‍ സത്യം പറയേണ്ടിവന്നു പാപ്പാന്‍മാര്‍ക്ക് . ഒരു നെറ്റിപ്പട്ടം മാത്രമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. മറ്റൊരെണ്ണം തലേന്നു രാത്രി കടത്തിയതായി സംശയിക്കുന്നു. പിന്നീട് പൊലീസെത്തി ഇവരെ കൊണ്ടുപോകുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് സംഘത്തെകുറിച്ച് വിവരം ലഭിക്കുന്നത്. 80, 000 മുതല്‍ രണ്ടുലക്ഷം രൂപവരെ നെറ്റിപ്പട്ടങ്ങള്‍ക്കു വിലയുള്ളതായി പറയുന്നു. 2000 / 3000 രൂപയാണ് ഇവയുടെ ദിവസ വാടക.
https://www.facebook.com/Malayalivartha

























