കളി ദൈവങ്ങളോടും.... പോലീസ് സ്‌റ്റേഷനുകളില്‍ ദൈവങ്ങളുടെ ചിത്രങ്ങളും പ്രതിമകളുമുണ്ടെങ്കില്‍ നീക്കം ചെയ്യണം; വിളക്ക് കൊളുത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം; അടുത്തത് പോലീസ് ക്യാമ്പുകളിലെ ദൈവങ്ങള്‍

കഴിഞ്ഞ വര്‍ഷം വരെ ശബരിമലയില്‍ പോലീസ് അയ്യപ്പന്‍മാരെ കാണാമായിരുന്നു. താടിയും വളര്‍ത്തി സാധാരണ ഭക്തരോടൊപ്പം സഹായവുമായി എത്തുന്ന പോലീസ് അയ്യപ്പന്‍മാരെ ആരും മറക്കില്ല. എന്നാല്‍ യുവതി പ്രവേശനത്തിലെ സുപ്രീം കോടതി വിധി വന്നതോടെ എല്ലാം മാറി മറിഞ്ഞു. ഈ വര്‍ഷം തൊട്ട് പോലീസ് അയ്യപ്പന്‍മാരില്ല. മീശ പിരിച്ച പടച്ചട്ടയിട്ട ലാത്തിയുമായി നില്‍ക്കുന്ന പോലീസുകാര്‍മാത്രം. കാലത്തിന്റെ മാറ്റത്തില്‍ പോലീസുകാരും മാറിപ്പോയി. ഭക്തിയും പോലീസും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ട എന്ന നിലപാടിലാണ് സര്‍ക്കാര്‍.
പോലീസ് സ്‌റ്റേഷനുകളില്‍ വിളക്ക് വയ്ക്കരുതെന്നും ദൈവങ്ങളുടെ ചിത്രങ്ങളും പ്രതിമകളുമുണ്ടെങ്കില്‍ നീക്കം ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. ഉത്തരവിറക്കിയാല്‍ വിവാദമാകുമെന്നതിനാലാണ് പ്രത്യേക സന്ദേശം.ശബരിമല വിഷയവുമായി ബന്ധപ്പെടുത്തിയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്. സേനയില്‍ വിശ്വാസികളുടെ എണ്ണം കുറയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവികള്‍ മുഖേന സ്‌റ്റേഷനുകളിലേക്ക് സന്ദേശം നല്‍കി.
മിക്ക സ്‌റ്റേഷനുകളിലും സന്ധ്യയ്ക്ക് വിളക്ക് തെളിക്കാറുണ്ട്. ചില പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. പ്രതിമയില്‍ മാല ചാര്‍ത്തി വിളക്കും തെളിയിക്കുന്നു. ജില്ലാ പോലീസ് മേധാവികളുടെ നിര്‍ദേശം വന്നതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പോലീസുകാര്‍. സ്‌റ്റേഷനുകളിലെ ഈശ്വര വിശ്വാസം കുറയ്ക്കല്‍ ക്രമേണ പോലീസ് ക്യാമ്പുകളിലേക്കും വ്യാപിപ്പിക്കും.
മിക്ക ക്യാമ്പുകളിലും ജയില്‍ വളപ്പിലും ഹിന്ദുമത വിശ്വാസികള്‍ക്ക് അമ്പലങ്ങളും മറ്റ് മതസ്ഥര്‍ക്ക് പ്രാര്‍ഥനാകേന്ദ്രങ്ങളുമുണ്ട്. ഇവയെല്ലാം ക്രമേണ നീക്കം ചെയ്യും. ശബരിമല വ്രതത്തിനായി അയ്യപ്പഭക്തരായ പോലീസുകാര്‍ മുടിമുറിക്കുകയോ ഷേവ് ചെയ്യുകയോ ഇല്ല. ഇവയ്ക്കും മാറ്റം വന്നിട്ടുണ്ട്.
യുവതീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷാക്രമീകരണങ്ങളും സേവനങ്ങളുമാണ് പോലീസ് ഏര്‍പ്പെടുത്തിയത്. വിവാദത്തിനിടയിലും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ സേവന സന്നദ്ധരായ പോലീസുകാരുടെ സേവനം ലഭിക്കാത്ത ഒരു തീര്‍ഥാടകര്‍ പോലുമുണ്ടാകില്ല. ഉദ്യോഗസ്ഥരുടെ കറകളഞ്ഞ സേവനത്തോടൊപ്പം തന്നെ സുരക്ഷക്കായുള്ള പുതിയ തലമുറ സാങ്കേതിക ഉപകരണങ്ങളുടെ പ്രവര്‍ത്തനവും ഈ മണ്ഡലകാലം സുഗമമാക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍ ശബരിമല തീര്‍ഥാടനത്തിന് ഉപയോഗിക്കാന്‍ വേണ്ടി മാത്രം കേരളാപോലീസ് സ്വന്തമാക്കിയിട്ടുണ്ട്.
ഭൂമിക്കടയില്‍ രണ്ടര മീറ്റര്‍ താഴ്ചയില്‍ മൈന്‍ ഉള്‍പ്പടെയുള്ള സ്‌ഫോടകവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്ന മൈന്‍സീപ്പര്‍ ആണ് അതില്‍ പ്രധാനം. അമേരിക്കല്‍ നിര്‍മിതമായ ഈ ഉപകരണം സൈന്യം ഉപയോഗിക്കുന്നതാണ്. 48 ലക്ഷം രൂപ വിലയുള്ള മൈന്‍സീപ്പര്‍ 10 എണ്ണം ശബരിമലയിലെ ആവശ്യത്തിനായി മാത്രം, കേരളാപോലീസ് കരുതിയിരുന്നു.
കൂടാതെ സന്നിധാനത്ത് മൂന്ന് എക്‌സ്‌റേ ബാഗേജ് സ്‌കാനറും നിരന്തരം പ്രവര്‍ത്തിച്ചിരുന്നു. വലിയ നടപ്പന്തല്‍, വാവരുനട, വടക്കേനട എന്നിവിടങ്ങളിലാണ് സ്‌കാനര്‍ സ്ഥാപിച്ചത്. ഭൂമിക്കടിയിലൂടെ ഇലക്ട്രിക് വയറുകള്‍ പോലുള്ളവ കടന്നുപോയിട്ടുണ്ടെങ്കില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന എന്‍.എല്‍.ജെ.ഡി. കമാന്‍ഡോ ഓപ്പറേഷന് ഉപയോഗിക്കുന്ന ശക്തിയേറിയ വെളിച്ചം നല്‍കുന്ന ടോര്‍ച്ചുകള്‍ തുടങ്ങിയവയും പോലിസിന്റെ സംവിധാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.
ഒരേസമയം 130 ഉദ്യോഗസ്ഥരാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സന്നിധാനത്ത് മാത്രം ബന്ധപ്പെട്ടിരുന്നത്. പോലീസുകാര്‍ യുവതികളെ കയറ്റാന്‍ കൂട്ട്‌നിന്നു എന്ന ആരോപണങ്ങള്‍ക്കിടയിലും പോലീസിന്റെ സ്‌നേഹത്തോടെയുള്ള പെരുമാറ്റവും സഹായവും വിസ്മരിക്കാനും കഴിയില്ല. ഇങ്ങനെ മനസ് മരവിക്കാത്ത നിരവധി കാഴ്ചകള്‍ സന്നിധാനത്ത് കാണാന്‍ കഴിഞ്ഞു. വിവാദത്തിനിടയിലും ഡ്യൂട്ടി ചെയ്യാന്‍ നിയോഗിക്കപ്പെട്ട പലരും അയ്യപ്പനിലുള്ള വിശ്വാസം കൊണ്ട് ശബരിമല ഡ്യൂട്ടി തെരഞ്ഞെടുത്തതാണ്. അവരുടെ അര്‍പ്പണ മനോഭാവം കേവലം ഡ്യൂട്ടിമാത്രമല്ലായിരുന്നു, ഒരു സന്നദ്ധ പ്രവര്‍ത്തനം.
"
https://www.facebook.com/Malayalivartha

























