പഠനം കഴിഞ്ഞ് തൊഴില്‍ ലഭിക്കാത്തതിനാല്‍ വിദ്യാഭ്യാസ വായ്പ എടുത്തവര്‍ പ്രതിസന്ധിയില്‍ ; സുതാര്യമായ ഒരു ദേശീയ വിദ്യാഭ്യാസനയം അടിയന്തിരമായി പ്രഖ്യാപിച്ച് നടപ്പിലാക്കണമെന്ന് ആവശ്യം ഉയരുന്നു

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പഠിക്കാന്‍ സമര്‍ഥരായ കുട്ടികള്‍ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ വായ്പയെടുത്ത് പഠിച്ച കുട്ടികളും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയില്‍.
കുട്ടികള്‍ പഠിച്ചിറങ്ങുമ്പോള്‍ തൊഴില്‍ ലഭിക്കുമെന്നും തൊഴിലില്‍ നിന്നുള്ള വരുമാനം കൊണ്ട് വായ്പ തിരിച്ചടയ്ക്കാമെന്നുമായിരുന്നു പ്രതീക്ഷയെങ്കിലും അതു നടന്നില്ലെന്നു മാത്രമല്ല, ബാങ്ക്, റവന്യു ഉദ്യോഗസ്ഥരുടെ നിരന്തര ജപ്തി ഭീഷണിമൂലം ആത്മഹത്യയുടെ വക്കിലാണ് പലരും. എന്നാല്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളോ മാറി മാറി വരുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ തയാറാകുന്നില്ലെന്നാണ് പരാതി.
വായ്പയെടുത്തു പഠിച്ച നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല. സ്വകാര്യ മേഖലയിലും മറ്റും തൊഴില്‍ ലഭിച്ചവര്‍ക്കാകട്ടെ മാന്യമായ വേതനവും ഇല്ലെന്നാണ് പരാതി. 2014-ല്‍ വിദ്യാഭ്യാസ വായ്പയുടെ പലിശ ഇളവിനായി കേന്ദ്ര സര്‍ക്കാര്‍ 2600 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും നാളിതുവരെ അതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല.
2016 ജൂലൈയില്‍ വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് ആശ്വാസമായി 100 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും അതും പ്രഖ്യാപനത്തില്‍ ഒതുങ്ങി. 2017 മേയ് 16-ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതിയിലേക്ക് നിശ്ചിത കാലയളവിനുള്ളില്‍ അപേക്ഷ കൊടുക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല.
ബാങ്കുകളില്‍ കൊടുത്ത അപേക്ഷകളാകട്ടെ പല കാരണങ്ങള്‍ പറഞ്ഞു് ബാങ്കുകള്‍ നിരാകരിച്ചു. എണ്‍പതിനായിരത്തോളം അപേക്ഷകള്‍ സര്‍ക്കാര്‍ സ്വീകരിച്ചെങ്കിലും വളരെ കുറച്ചു പേര്‍ക്കു മാത്രമാണ് സഹായം ലഭിച്ചത്. സര്‍ക്കാര്‍ നിശ്ചയിച്ച വിഹിതം അടച്ചവര്‍ക്കും വീണ്ടും ബാങ്കുകളില്‍ നിന്നും നോട്ടീസുകള്‍ ലഭിക്കുന്നതായും പരാതിയുണ്ട്.
വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കാന്‍ ചില കുത്തക കമ്പനികളെ ബാങ്കുകള്‍ ചുമതലപ്പെടുത്തിയിരിക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പദ്ധതിയില്‍ അപേക്ഷ നല്‍കാന്‍ പോലും പലര്‍ക്കും കഴിഞ്ഞിട്ടില്ല. സുതാര്യമായ ഒരു ദേശീയ വിദ്യാഭ്യാസനയം അടിയന്തിരമായി പ്രഖ്യാപിച്ച് നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ തയാറാകണമെന്നാവശ്യപ്പെട്ട് നാഷണല്‍ നഴ്‌സസ് ആന്‍ഡ് പേരന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 25-ന് റാന്നിയില്‍ സമ്മേളനം സംഘടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha






















