പെരിയ ഇരട്ടക്കൊലപാതകം; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഡ്രൈവർ പോലീസ് പിടിയിൽ

പെരിയ ഇരട്ടക്കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പോലീസ് പിടിയിലായി. ഏച്ചിലടുക്കം സ്വദേശി മുരളിയെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കേസിൽ പങ്കുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം ആരോപിക്കുന്ന വ്യവസായി ശാസ്ത ഗംഗാധരന്റെ ഡ്രൈവറാണ് മുരളി. ഇന്നലെ രാത്രിയോടെയാണ് ഇയാളെ പോലീസ് വലയിലാക്കിയത്.
കൃത്യത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് മുരളിയാണെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ. തെളിവ് നശിപ്പിക്കാനും ഇയാൾ കൂട്ടു നിന്നെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. കേസിൽ നേരത്തെ ഏഴു പേർ അറസ്റ്റിലായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഒരാളെ കസ്റ്റഡിയിൽ എടുക്കുന്നത്.
പെരിയ ഇരട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് 4 ദിവസം പിന്നിട്ടപ്പോഴാണ് അന്വേഷണ സംഘത്തെ കൂട്ടമായി സ്ഥലംമാറ്റിയത്. ക്രൈംബ്രാഞ്ച് സംഘത്തിലെ ഒരു DySP യെയും രണ്ട് സിഐമാരെയുമാണ് അന്വേഷണ സംഘത്തിൽ നിന്നും മാറ്റിയത്. ഡിവൈഎസ്പി ഷാജു ജോസ് സിഐമാരായ സുനിൽ കുമാർ രമേശൻ എന്നിവരെയാണ് സ്ഥലം മാറ്റിയത്. കേസന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ചിന്റെ 5 അംഗ സംഘത്തിൽ ഇനിയുള്ളത് ഡിവൈഎസ്പി പ്രദീപ് കുമാർ മാത്രമാണ്.
കേസിൽ മുഖ്യപ്രതി പീതാംബരൻ ഉൾപ്പെടെ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ഇതിൽ പീതാംബരനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ മാസമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha
























