മാമ്പഴക്കാലമായതോടെ വിഷം വിതറിയ മാമ്പഴങ്ങൾ വിപണിയിൽ; മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹങ്ങളേയും തലച്ചോറിനെയും ദോഷകരമായി ബാധിക്കുന്ന വീര്യം കൂടിയ വിഷവസ്തുവായ കാർബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്ന മാമ്പഴങ്ങൾ വിപണിയിൽ സുലഭം

മാമ്പഴക്കാലമായതോടെ വിഷം വിതറിയ മാമ്പഴങ്ങൾ വിപണിയിൽ. മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹങ്ങളേയും തലച്ചോറിനെയും ദോഷകരമായി ബാധിക്കുന്ന വീര്യം കൂടിയ വിഷവസ്തുവായ കാർബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്ന മാമ്പഴങ്ങളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. കാർബൈഡ് ഉപയോഗിച്ച് പഴുപ്പിക്കാൻ സൂക്ഷിച്ചിരുന്ന വൻ മാങ്ങ ശേഖരം കൊല്ലം കോർപ്പറേഷൻ ആരോഗ്യ വിഭാഗം പിടികൂടിയതോടെയാണ് വിഷം വിതറിയ മാങ്ങകൾ വിപണിയിലെത്തിയതായി സ്ഥിരീകരിച്ചത്.
രഹസ്യ വിവരത്തിനെത്തുടർന്ന് കൊല്ലം പള്ളിമുക്ക് ചന്തയ്ക്ക് സമീപമുള്ള മാമ്പഴക്കടയിൽ പരിശോധന നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പത്ത് പ്ലാസ്റ്റിക് കണ്ടൈനറിലായി കാർബൈഡ് പൊടി വിതറി സൂക്ഷിച്ചിരുന്ന മുന്നൂറ് കിലോ മാങ്ങയാണ് പിടികൂടിയത്. ചെറുകിട വ്യാപാരികളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് പച്ചമാങ്ങ വാങ്ങി കണ്ടൈനറുകളിലാക്കി സൂക്ഷിച്ച് ആവശ്യാനുസരണം കാർബൈഡ് പൊടി വിതറി പഴുപ്പിച്ച് വിപണനം ചെയ്യുകയായിരുന്നു . കടയുടമ മുഹമ്മദ് ഹനീഫയ്ക്ക് പിഴ ചുമത്തുകയും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കടയിൽ സൂക്ഷിച്ചിരുന്ന മുഴുവൻ മാങ്ങയും പിടികൂടി നശിപ്പിച്ചു.
കിലോയ്ക്ക് 20 രൂപ മുതൽ ലഭിക്കുന്ന പച്ച മാങ്ങ ശേഖരിച്ച് കാർബൈഡ് വിതറിയാൽ 12 മണിക്കൂറിനകം ഇവയുടെ തൊലിയിൽ മഞ്ഞനിറം വ്യാപിക്കും . വിളഞ്ഞു പഴുത്തതാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്ന ഇത്തരം മാമ്പഴങ്ങൾക്ക് രുചി തീരെ കുറവായിരിക്കും. രണ്ടിരട്ടിയിലധികം വിലയ്ക്ക് വിൽക്കാൻ കഴിയുന്ന ഇത്തരം മാമ്പഴങ്ങൾ കേടുകൂടാതെ ഏറെനാൾ സൂക്ഷിക്കാനും കഴിയും. ഇത്തരത്തിൽ കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴങ്ങൾ ഭക്ഷിച്ചാൽ ഉടൻ തന്നെ തലചുറ്റൽ , തലവേദന തുടങ്ങി അസുഖങ്ങൾ ഉണ്ടാവുമെന്ന് കോർപ്പറേഷൻ ആരോഗ്യ വിഭാഗം വടക്കേവിള സോണൽ ഓഫീസ് ഹെൽത്ത് ഇൻസ്പെക്ടർ ജി.സാബു വ്യക്തമാക്കി. മാങ്ങ പഴുപ്പിക്കുന്നതിനായി കാർബൈഡ് ഉപയോഗിക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിൽ മാങ്ങ വിതരണ കേന്ദ്രങ്ങളിൽ ശക്തമായ പരിശോധന ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha


























