മേളയിലെ കുട്ടികളുടെ പങ്കാളിത്വം അത്ഭുതപ്പെടുത്തി: ആര്‍.എസ് വിമല്‍

തിരുവനന്തപുരം: രണ്ടാമത് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ നിറഞ്ഞ സദസ്സുകള്‍ സൂചിപ്പിക്കുന്നത് കുട്ടികളും മുതിര്‍ന്നവരും മേള ഒരുപോലെ സ്വീകരിച്ചെന്നാണെന്ന് സംവിധായകന്‍ ആര്‍.എസ് വിമല്‍. മേളയുടെ ഭാഗമായി സംഘടിപ്പിച്ച മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടന മികവ് കൊണ്ട് ഐ.എഫ്.എഫ്.കെയുടെ നിലവാരത്തില്‍ കുട്ടികളുടെ മേള ഉയര്‍ന്നു. മാസ്റ്റര്‍ ആദിഷിന്റെ കുഞ്ഞുദൈവത്തിലെ അഭിനയം കണ്ട് ജൂറി അംഗമായിരുന്ന താന്‍ ഞെട്ടിയെന്നും അങ്ങനെയാണ് ദേശീയ അവാര്‍ഡിന് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ ഏവരും മേളയില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തി വേനലവധിക്കാലം ഏറ്റവും ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കുകയാണെന്നും ആര്‍.എസ് വിമല്‍ പറഞ്ഞു.
മുതിര്‍ന്ന അഭിനേതാക്കളെക്കാളും പലപ്പോഴും കുട്ടികളാണ് വെള്ളിത്തിരയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതെന്ന് നടി പാര്‍വതി നായര്‍ പറഞ്ഞു. അവര്‍ അഭിനയിക്കുവാന്‍ ശീലിച്ചിട്ടില്ല. തങ്ങളെത്തന്നെയാണ് അവര്‍ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നത്. എന്നാല്‍ അഭിനയ ജീവിതത്തിലേയ്ക്ക് കടക്കാനാഗ്രഹിക്കുന്ന കൂട്ടുകാര്‍ പഠനത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ചെയ്യരുതെന്ന് നടി പാര്‍വതി നായര്‍ കൂട്ടുകാരെ ഓര്‍മിപ്പിച്ചു . കൂട്ടുകാര്‍ക്കൊപ്പം തീയേറ്ററില്‍ ഇഷ്ട്ടനുസരണം കൈകൊട്ടി പാട്ടുപാടി സിനിമ ആസ്വദിച്ച് കാണാന്‍ ഇത്തരം മേളകള്‍ വേദിയൊരുക്കുമെന്ന് ബാലതാരം അഭിനന്ദ് പറഞ്ഞു.
ലോകോത്തര നിലവാരത്തിലുള്ള നിരവധി ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് വഴി കൂട്ടുകാര്‍ക്ക് സിനിമ കൂടുതല്‍ പഠിക്കുവാനും അതുവഴി ധാര്‍മിക മൂല്യങ്ങള്‍ ഉള്‍കൊള്ളാന്‍ സാധിക്കുമെന്നും കുഞ്ഞു ദൈവം എന്ന ചിത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ മാസ്റ്റര്‍ ആദിഷ് പറഞ്ഞു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ് പി ദീപക് , ജോയിന്റ് സെക്രട്ടറി ഭാരതി ടീച്ചര്‍ , കമ്മിറ്റി അംഗം പശുപതി , ബാലതാരം അബനി ആദി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha