എന്താണ് അവര്‍ ചെയ്‌ത തെറ്റ്? യോഗങ്ങളില്‍ പങ്കെടുക്കാത്ത അവരെങ്ങനെ വാര്‍ത്ത ചോര്‍ത്തി, ഇപ്പോള്‍ നടന്ന പിബിയിലേയും വാര്‍ത്ത ചോര്‍ന്നില്ലേ

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ സന്തത സഹചാരികളായ വിശ്വസ്‌തരേയെല്ലാം സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. വി.എസിന്റെ പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ ശശിധരന്‍ എന്നിവരേയാണ് പുറത്താക്കിയത്. പുറത്താക്കിയ നടപടിക്ക് പോളിറ്റ് ബ്യൂറോ അംഗീകാരവും നല്‍കി. വാര്‍ത്ത ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കി എന്നാണ് പ്രധാനമായും സംസ്ഥാന കമ്മിറ്റി ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. എന്നാല്‍ ഇവരാരും വാര്‍ത്ത ചോര്‍ത്തിയെന്നു പറയുന്ന യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല. പങ്കെടുക്കാത്ത യോഗത്തില്‍ നിന്നും എങ്ങനെ വാര്‍ത്ത ചോര്‍ത്താന്‍ പറ്റും എന്നാണ് ഇവര്‍ ചോദിക്കുന്നത്. വിഎസ് പങ്കെടുക്കാത്ത പല യോഗങ്ങളില്‍ പോലും വാര്‍ത്ത ചോരുന്നുണ്ട്. ഇപ്പോള്‍ നടന്ന പോളിറ്റ് ബ്യൂറോയിലേയും കേന്ദ്ര കമ്മിറ്റിയിലേയും വാര്‍ത്തകള്‍ ഔദ്യോഗികമായി ആരും കൊടുത്ത വാര്‍ത്തയല്ല. എന്നാല്‍ ഈ വാര്‍ത്തവരെ ചോര്‍ന്നല്ലോ എന്നാണ് ഇവരുടെ ചോദ്യം.
വാര്‍ത്ത ചോര്‍ത്തിയതിന്റെ പേരില്‍ തന്റെ വിശ്വസ്തര്‍ക്കെതിരെയുള്ള നടപടി ഏകപക്ഷീയമാണെന്ന് വി.എസ് കേന്ദ്രനേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വി.എസിന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പി.ബി കമ്മീഷനെ നിയമിച്ചു. താന്‍ പങ്കെടുക്കാത്ത യോഗങ്ങളുടെയും വാര്‍ത്തകള്‍ ചോര്‍ന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് പങ്കുണ്ടെന്നും വി.എസ്.ആരോപിക്കുന്നു. അദ്ദേഹത്തിന്റെ വിശ്വസ്തരും ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. ജനവരിയിലും ഫിബ്രവരിയിലുമൊക്കെ നടന്ന സംസ്ഥാന കമ്മിറ്റി, സെക്രട്ടേറിയറ്റ് യോഗങ്ങളുടെ തീരുമാനങ്ങള്‍ പത്ര-ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തയായെന്നും ഇതൊന്നും നേതൃത്വം നിഷേധിച്ചിട്ടില്ലെന്നുമാണ് സ്റ്റാഫംഗങ്ങളുടെ വാദം.
വി.എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കുന്ന വിഷയത്തില്‍ കേന്ദ്ര കമ്മിറ്റിയോ പോളിറ്റ് ബ്യൂറോയോ തീരുമാനം എടുത്തില്ല. വിഷയം സംസ്ഥാന കമ്മിറ്റിക്ക് വിടാന്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനമായി.
സി.പി.എം. ഈ മൂന്ന് പേരെ പുറത്താക്കിയാലും ഇവരെ വിഎസ് തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും പിന്‍വലിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. കാരണം സര്‍ക്കാരിന് വിഎസ് ഔദ്യോഗികമായി കത്ത് നല്‍കിയാലേ അവരെ പുറത്താക്കാനാവൂ.
https://www.facebook.com/Malayalivartha