സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദ്ദിനാളിനെ വഞ്ചിക്കാനായി ഫാദര്‍ പോള്‍ തേലക്കാട്ടിലും ഫാദര്‍ ആന്റണി കല്ലൂര്‍ക്കാരനും വ്യാജരേഖ നിര്‍മിച്ചെന്ന് പൊലീസിന് തെളിയിക്കാന്‍ കഴിയാത്തതിനാല്‍ ജാമ്യം

സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദ്ദിനാളിനെ വഞ്ചിക്കാനായി ഫാദര്‍ പോള്‍ തേലക്കാട്ടിലും ഫാദര്‍ ആന്റണി കല്ലൂര്‍ക്കാരനും വ്യാജരേഖ നിര്‍മിച്ചെന്ന് പൊലീസിന് തെളിയിക്കാന്‍ കഴിയാത്തതിനാല്‍ കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കി. ഉപാധികളോടെയാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നും നാലും പ്രതികളാണ് ഇവര്‍. അറസ്റ്റ് അനിവാര്യമാണെന്നും വൈദികര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. സിനഡ് വൈദികര്‍ക്കെതിരെ കൂടുതല്‍ രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും വാദിച്ചു. എന്നാല്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതോടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ അഡ്വ. ജോര്‍ജ് ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
രണ്ട് വൈദികരും എല്ലാ ശനിയാഴ്ചകളിലും പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണം എന്നതുള്‍പ്പടെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തിട്ടും തെളിവുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന് കേസില്‍ അമിത താത്പര്യമെന്തെന്ന് കോടതി ചോദിച്ചു. വ്യാജരേഖ നിര്‍മിച്ചുവെന്ന് ആരോപിച്ച് പൊലീസ് ചുമത്തിയ ഐപിസി 468 വകുപ്പ് നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാനുള്ള മറ്റ് തെളിവുകളുണ്ടോ എന്നും കോടതി ചോദിച്ചു. പ്രതികള്‍ സമൂഹത്തില്‍ നിലയും വിലയുമുള്ളവരാണെന്നും കോടതി ചൂണ്ടിക്കാട്ടി. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫാദര്‍ പോള്‍ തേലക്കാട്ടും ഫാദര്‍ ആന്റണി കല്ലൂര്‍ക്കാരനും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ എഫ്.ഐ.ആര്‍ റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഇരുവരും ഹര്‍ജി പിന്‍വലിച്ചു.
എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ അഴിമതി ഉണ്ടായിട്ടില്ലെന്ന് കെ.സി.ബി.സി കഴിഞ്ഞയാഴ്ച സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങളും ആരോപണങ്ങളും സഭയ്ക്കുള്ളില്‍ പരിഹരിക്കാന്‍ വേണ്ട നടപടികളും സംവിധാനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. എത്രയും വേഗം സംഭവത്തിന്റെ നിജസ്ഥിതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. പ്രശ്‌നങ്ങള്‍ക്ക് ക്രിസ്തീയമായ പരിഹാരം എത്രയും വേഗം ഉണ്ടാകണം. അതിന് സഭാംഗങ്ങളെല്ലാം ആത്മാര്‍ത്ഥമായ സഹകരിക്കണമെന്നും സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു.
സീറോമലബാര്‍ സഭ സിനഡിന്റെ തീരുമാനം ഇക്കാര്യത്തില്‍ ശരിയായ ദിശാബോധം നല്‍കുന്നതാണ്. പൊലീസ് അന്വേഷണം ബാഹ്യ സമ്മര്‍ദ്ദവും ഇടപെടലും കൂടാതെ മുന്നോട്ട് പോകണമെന്നാണ് കെ.സി.ബി.സി ആവശ്യപ്പെടുന്നത്. രേഖകളുടെ ഉള്ളടക്കം വ്യാജമാണ്. അന്വേഷണത്തിലൂടെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം. മാതൃകാപരമായ നടപടി സ്വീകരിക്കണം. ഇത്തരം പ്രവര്‍ത്തികളിലൂടെ സഭയില്‍ ഭിന്നത ഉണ്ടാക്കാനുള്ള ചിലരുടെ ശ്രമത്തെ കുറിച്ച് വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം. ഭൂമി ഇടപാടും വ്യാജരേഖയും സംബന്ധിച്ച് അനാവശ്യ പ്രവസ്താവനയോ, മറ്റ് വിവാദങ്ങളോ ഉണ്ടാക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്നും സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു.
കെസിബിസി മാര്‍പാപ്പയെപ്പോലും ചോദ്യം ചെയ്യുകയാണെന്ന് ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി ആരോപിക്കുന്നു. വത്തിക്കാനു പോലും ബോധ്യമുള്ള വിഷയത്തില്‍ മറിച്ച് ഒരഭിപ്രായം പറഞ്ഞത് അപഹാസ്യമാണ്. ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നെന്ന് കോടതികള്‍ക്ക് ബോധ്യം വന്നതിനാലാണ് മജിസ്‌ട്രേറ്റു തല അന്വേഷണം പ്രഖ്യാപിച്ചത്. പൊലീസിനോട് എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്താന്‍ കോടതി ആവശ്യപ്പെട്ടത് പ്രഥമദൃഷ്ട്യാ ഗുരുതര ക്രമക്കേടുണ്ടായതിനാലാണ്. പക്ഷെ, നിയമ വ്യവസ്ഥകളെ വെല്ലുവിളിക്കുന്നതാണ് കെസിബിസിയുടെ പ്രസ്താവനയെന്നും ഇവര്‍ വാര്‍ത്താ കുറിപ്പില്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha

























