പൊലീസ് അസോസിയേഷന്‍ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

മേലുദ്യോഗസ്ഥനുമായുണ്ടായ പ്രശ്‌നങ്ങള്‍ കാരണം നാടുവിട്ട എറണാകുളം സെന്‍ട്രല്‍ സി.ഐ നവാസിനെ പിന്തുണച്ച് പൊലീസ് അസോസിയേഷന്‍ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. സത്യസന്ധനും ധീരനുമായ പൊലീസുകാരനായിരുന്നെന്നും സംഭവം ഗൗരവമായി കാണണമെന്നുമാണ് കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി സി.ആര്‍. ബിജുവിന്റെ പോസ്റ്റ്. ശരിയുടെ പക്ഷത്ത് ഉറച്ചുനിക്കുന്നയാളായതിനാല്‍ മാനസിക സമ്മര്‍ദം ഏറെയായിരുന്നെന്നും എന്നാല്‍, അത്തരം സമ്മര്‍ദങ്ങളിലൊന്നും തളരുന്നയാളല്ല നവാസെന്നും കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍: ''അദ്ദേഹത്തെ അടുത്തറിയുന്ന ഒരാള്‍ എന്ന നിലയില്‍ പറയട്ടെ, അദ്ദേഹം ഒരു ഭീരുവല്ല. കാലത്തിന്റെ കുത്തൊഴുക്കില്‍പെടാതെ ഒഴുക്കിനെതിരെ നീന്തുന്ന നന്മയുടെയും നീതിയുടെയും സത്യസന്ധതയുടെയും അര്‍പ്പണബോധത്തിന്റെയും ആള്‍രൂപമാണ് അദ്ദേഹം. സ്വന്തം നിലപാടുകളില്‍, അതായത് ശരിപക്ഷ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ വലിയ മാനസിക സംഘര്‍ഷങ്ങളിലായിരുന്നു എന്ന കാര്യം ശരിയായിരിക്കാം. അതില്‍ ചില വിഷമങ്ങള്‍ എന്നോടും പങ്കുവെച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും തളര്‍ത്തുന്ന പ്രകൃതക്കാരനല്ല ഞാനറിയുന്ന നവാസ് സര്‍. മട്ടാഞ്ചേരിയിലേക്ക് ട്രാന്‍സ്ഫറായി നില്‍ക്കുകയായിരുന്നു. പുതിയ സ്‌റ്റേഷനിലേക്ക് എത്തുന്നതിനുമുമ്ബ് ഒന്ന് മാനസിക ഉന്മേഷത്തിനായി മാറിനില്‍ക്കാന്‍ പോയതാകാം എന്നുതന്നെ ഇപ്പോഴും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. കാരണം ഞാനറിയുന്ന നവാസ് സാര്‍ ഭീരുവല്ല; കരുത്തനാണ്. അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത സത്യസന്ധതയുടെ ആള്‍രൂപമാണ്.
കഴിഞ്ഞ ദിവസം എറണാകുളം എ.സി.പിയുമായി ഉണ്ടായതായി പറയുന്ന കാരണങ്ങള്‍ മാത്രമാണ് ഇങ്ങനെ ഒരു സാഹചര്യം സൃഷ്ടിച്ചതെന്നും കരുതുന്നില്ല. അതും ഒരു കാരണമാണെന്ന് മാത്രം. സ്വന്തം ഭര്‍ത്താവ് അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ അറിയാവുന്ന ആളെന്ന നിലയിലാകാം ആശങ്കയോടെ ഭാര്യ അദ്ദേഹത്തെ കാണാനില്ലെന്ന പരാതി നല്‍കിയത്. എന്നാലും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ വളരെ ഗൗരവമായി കാണേണ്ടതുണ്ട്. നവാസ് സാറിനെപ്പോലെ സത്യസന്ധരും മികവുറ്റവരുമായ നിരവധി നവാസുമാര്‍ കേരള പൊലീസില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍, ഉള്ള നവാസുമാരെപ്പോലും മാനസികമായി തകര്‍ക്കുന്ന ചില ശരികേടുകള്‍ പൊലീസിനുള്ളില്‍ ഇന്നും നിലനില്‍ക്കുന്നുവെന്ന് ഈ സംഭവം വിളിച്ചു പറയുന്നു.
നവാസ് സാര്‍ തിരിച്ചെത്തും. പക്ഷേ, ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. നവാസ് സാറിനെ അറിയാത്തവര്‍ ഒരുപക്ഷേ അദ്ദേഹം വെറുമൊരു ദുര്‍ബലനാണെന്ന് കരുതുന്നുണ്ടാകാം. പക്ഷേ, അദ്ദേഹത്തെ അറിയാവുന്നവര്‍ക്ക് അറിയാം, കരുത്തനും ധീരനും സത്യസന്ധനുമായ മികച്ച പൊലീസ് ഓഫിസറാണെന്ന്. അതുകൊണ്ടാണ് ഈ സംഭവം ഗൗരവമായി കാണേണ്ടതും''.
https://www.facebook.com/Malayalivartha


























