തല ചായ്ക്കാനുള്ള ഇടത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു

എറണാകുളം നോര്‍ത്ത് മേല്‍പാലത്തിനു കീഴില്‍ തല ചായ്ക്കാനിടത്തെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തിലെത്തി. ബംഗാള്‍ സ്വദേശി സുമന്‍(35) ആണ് കുഞ്ഞുമോന്‍ ക്രിസ്റ്റഫര്‍ എന്നയാളിന്റെ കുത്തേറ്റ് മരിച്ചത്. 60-കാരനായ, കൊല്ലം പള്ളിത്തോട്ടം സെഞ്ചുറി ലൈനില്‍ കുഞ്ഞുമോന്‍ ക്രിസ്റ്റഫറിനെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഭവം. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപം ചെരിപ്പു തുന്നുന്നയാളായ കുഞ്ഞുമോന്‍ നോര്‍ത്ത് മേല്‍പാലത്തിനു കീഴില്‍ സ്ഥിരമായി അന്തിയുറങ്ങുന്ന ഇടത്തില്‍, പ്ലാസ്റ്റിക് ശേഖരിക്കുന്ന സുമനും സുഹൃത്ത് വിനോദും കയറിക്കിടന്നതോടെയാണ് തര്‍ക്കം തുടങ്ങിയതെന്ന് സിറ്റി അസി. കമ്മിഷണര്‍ കെ. ലാല്‍ജി പറഞ്ഞു.
കുഞ്ഞുമോന്‍ തന്റെ പണിസാധനങ്ങളും ചെരിപ്പുകളുമൊക്കെ ഇവിടെയാണു സൂക്ഷിച്ചിരുന്നത്. തര്‍ക്കം പിടിവലിയിലേക്കു നീങ്ങിയതോടെ, തന്റെ പണിയായുധമായ കത്തി ഉപയോഗിച്ച് കുഞ്ഞുമോന്‍ സുമനെ കുത്തുകയായിരുന്നു. സുമനും വിനോദിനും കുഞ്ഞുമോനും ക്രിമിനല്‍ പശ്ചാത്തലമുള്ളതായോ ഇവര്‍ തമ്മില്‍ പൂര്‍വ വൈരാഗ്യമുള്ളതായോ അറിവില്ല. 3 പേരും ഇതേ മേല്‍പാലത്തിന്റെ കീഴില്‍ത്തന്നെയാണു വര്‍ഷങ്ങളായി അന്തിയുറങ്ങുന്നതെന്ന് പൊലീസ് പറഞ്ഞു. അന്‍പതോളംപേര്‍ നോര്‍ത്ത് പാലത്തിനു കീഴില്‍ അന്തിയുറങ്ങാറുണ്ട്. രാവിലെയും വൈകിട്ടും ഇവിടെ സൗജന്യ ഭക്ഷണവിതരണവുമുണ്ട് .
സംഭവത്തിനു ശേഷം കടന്നുകളഞ്ഞ കുഞ്ഞുമോനെ ഇന്നലെ രാവിലെ എട്ടരയോടെ എസ്‌ഐ: വി.ബി. അനസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























