കാരാട്ട് നടത്തിയ വെളിപ്പെടുത്തലുകളെല്ലാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്, വാര്‍ത്ത ചോര്‍ത്തലിന്റെ പേരില്‍ പുറത്താക്കിയവരെപ്പറ്റിയുള്ള വാര്‍ത്തയും ചോര്‍ന്നു

പ്രകാശ് കാരാട്ട് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ഉള്ളടക്കം നേരത്തെതന്നെ എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതാണ്. സിപിഎം പോലുള്ള കേഡര്‍ പാര്‍ട്ടിയില്‍ വിഎസിന്റെ വിശ്വസ്‌തരെ പുറത്താക്കിയത് വാര്‍ത്ത ചോര്‍ത്തി നല്‍കി എന്നതിന്റെ പേരിലാണ്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന കേന്ദ്ര കമ്മിറ്റിയുടേയും പിബിയുടേയും തീരുമാനങ്ങള്‍ അപ്പപ്പോള്‍ മാധ്യമങ്ങളില്‍ക്കൂടി പുറത്തുവന്നുകൊണ്ടിരുന്നു. അതും കഴിഞ്ഞ് 24 മണിക്കൂറിന് ശേഷമാണ് ജനറല്‍ സെക്രട്ടറിയുടെ ഔദ്യോഗികമായ പുറത്താക്കല്‍ പ്രഖ്യാപനം. ഇക്കാര്യം കാരാട്ട് മാധ്യമങ്ങളില്‍ നിന്നും മറച്ചു വച്ചതുമില്ല. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളിലുള്ള പിബിയുടെ തീരുമാനം മാധ്യമങ്ങളില്‍ വന്നതിനാല്‍ അതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നില്ലെന്നാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
പ്രതിപക്ഷസ്ഥാനത്തു നിന്നും വിഎസ് അച്യുതാനന്ദനെ നീക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഎസിനെ നീക്കണമെന്ന കാര്യം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പിബി കമ്മീഷനെ നിയോഗിച്ചതായും കാരാട്ട് പറഞ്ഞു.
അതേസമയം വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ ഉല്‍പ്പെടെ നാലുപേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. പ്രസ്സ് സെക്രട്ടറി കെ. ബാലകൃഷ്ണന്‍ , അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരന്‍ , പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷ് എന്നിവരാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍.
സംസ്ഥാന സമിതിയംഗം കെ വരദരാജനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ദേശാഭിമാനി മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്.പി ശ്രീധരനാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട നാലാമന്‍. വി.എസ്സിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചത് പാര്‍ട്ടിയാണ്. പാര്‍ട്ടി പുറത്താക്കിയവര്‍ക്ക് പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായി തുടരാനാകില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
വിഎസ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാനായി ആറംഗ സമിതിയേയും നിയോഗിച്ചിട്ടുണ്ട്. പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, സീതാറാം യെച്ചൂരി, നിരുപം സെന്‍ , വി.ബി രാഘവലു, എ കെ പദ്മനാഭന്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് കമ്മീഷന്‍. ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എം നടത്തിയ അന്വേഷണം പൂര്‍ത്തിയായെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ടി.പി വധക്കേസിന്റെ വിചാരണ നടക്കുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ട്. എങ്കില്‍മാത്രമേ മുന്നേറ്റമുണ്ടാക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha