മെഡിക്കല് കോളേജ് ആശുപത്രി വളപ്പിലെ കുറ്റിക്കാട്ടില് അജ്ഞാത യുവതിയുടെ മൃതദേഹം അഴുകിയ നിലയില്... തലമുടി പൂര്ണമായും കൊഴിയുകയും തലയോട്ടിയുടെ വലത് ഭാഗം പൊട്ടുകയും തലയോട്ടിയുടെ കുറച്ച് ഭാഗം നഷ്ടപ്പെട്ടിട്ടുമുണ്ട്, രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം അര്ധ നഗ്നമായ നിലയിലാണ് കണ്ടെത്തിയത്

മെഡിക്കല് കോളജ് ആശുപത്രി വളപ്പിലെ കുറ്റിക്കാട്ടില് അജ്ഞാത യുവതിയുടെ മൃതദേഹം അഴുകിയ നിലയില് കണ്ടെത്തി. കോട്ടയം ഗാന്ധിനഗര് മെഡിക്കല് കോളേജിലെ കാന്സര് വാര്ഡിന് എതിര്വശത്ത് സി.ടി സ്കാന് സന്റെറിനോട് ചേര്ന്നുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം അര്ധ നഗ്നമായ നിലയിലാണ്. പുഴുവും നിറഞ്ഞിരുന്നു. ശനിയാഴ്ച ഉച്ചക്ക് ഒന്നിന് കാര്ബോര്ഡ് പെട്ടികള്ക്ക് സമീപത്തായാണ് മൃതദേഹം കണ്ടത്. ഈ പ്രദേശത്ത് രൂക്ഷമായ ദുര്ഗന്ധം വ്യാപിച്ചിരുന്നു.
അതേ തുടര്ന്ന് കാന്സര് വര്ഡിലെ കൂട്ടിരിപ്പുകാര് ആശുപത്രിയില് മാലിന്യം ശേഖരിക്കുന്ന കുടുംബശ്രീക്കാരെ വിവരം അറിയിക്കുകയും തുടര്ന്ന് ജീവനക്കാരെത്തി പെട്ടി തുറന്നപ്പോള് അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്ന്ന് ഗാന്ധിനഗര് പൊലീസ് സ്റ്റേഷന് ഹൗസ് ഓഫിസര് അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഡോഗ് സ്ക്വാഡ് എത്തിയെങ്കിലും മൃതദേഹം അഴുകിയതിനാല് പരിശോധന നടത്തിയില്ല. പിന്നീട് മെറ്റല് ഡിറ്റക്ടര് ഉപയോഗിച്ച് നടത്തിയ പരിശോധനയില് മൃതദേഹം കിടന്ന സമീപത്തുനിന്ന് രണ്ട് ഗോള്ഡ് കവറിങ് വളയും തലയോട്ടിയുടെ ചില ഭാഗങ്ങളും കണ്ടെത്തി.
മരിച്ചത് 40 വയസ്സിനുമേലുള്ള യുവതിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തലമുടി പൂര്ണമായും കൊഴിയുകയും തലയോട്ടിയുടെ വലത് ഭാഗം പൊട്ടുകയും തലയോട്ടിയുടെ കുറച്ച് ഭാഗം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. കൈകാലുകളുടെ മാംസം പൂര്ണമായി അഴുകിപ്പോയി. അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാഴ്ചയിലേറെ പഴകിയതിനെ തുടര്ന്ന് വസ്ത്രം മാറിപ്പോയതാകാമെന്നാണ് സൂചന. മൃതദേഹത്തിനു സമീപത്തുനിന്ന് കുടുംബശ്രീ അംഗങ്ങള് ധരിക്കുന്ന യൂണിഫോമിനു സമാനമായ സാരിയുടെ അവശിഷ്ടങ്ങള് ലഭിച്ചിട്ടുണ്ട്. മൃതദേഹം കിടന്ന ഭാഗത്ത് പുല്ല് കരിഞ്ഞ നിലയിലാണ്. ഇതോടെ മൃതദേഹം കത്തിക്കരിഞ്ഞതാണെന്ന് അഭ്യൂഹം പടര്ന്നു. എന്നാല്, ദിവസങ്ങളോളം മൃതദേഹം പുല്ലിന് മുകളില് കിടന്നതിനാല് ഈ പ്രദേശത്തെ പുല്ല് ഉണങ്ങിയതാകാമെന്നാണു പൊലീസ് വാദം. ഇന്ക്വസ്റ്റ് അടക്കം നടപടിക്ക് ശേഷം മൃതദേഹം മെഡിക്കല് കോളജ് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.
https://www.facebook.com/Malayalivartha

























