കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കൈയോടെ പിടികൂടാന്‍ ഇനി 112 വിളിച്ചാല്‍ മതി

സംസ്ഥാന പൊലീസ് കണ്‍ട്രോള്‍ റൂം ഡിജിറ്റലൈസേഷന്റെ ഭാഗമായി പൊലീസ് വാഹനങ്ങളില്‍ മൊബൈല്‍ ഡാറ്റാ ടെര്‍മിനല്‍ (എംഡിടി) സിസ്റ്റവും ഇആര്‍എസ്എസും (എമര്‍ജന്‍സി റസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം) ഘടിപ്പിച്ചു തുടങ്ങി. കുറ്റകൃത്യങ്ങളും മറ്റും പൊതുജനങ്ങള്‍ക്ക് പൊലീസിനെ അറിയിക്കാനും ഉടന്‍ നടപടിയെടുക്കലുമാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് റൂറല്‍ ജില്ലകളിലെ കണ്‍ട്രോള്‍ റൂം വാഹനങ്ങളിലും പൊലീസ് സ്‌റ്റേഷനുകളിലെ വാഹനങ്ങളിലുമാണ് ഇരു സംവിധാനങ്ങളും ഒരുക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ ഉപയോഗിച്ചുവരുന്ന സംവിധാനമാണ് സംസ്ഥാനത്തും നടപ്പാക്കുന്നത്. നിര്‍ഭയ കേസിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ പദ്ധതിയുടെ ചുവടുപിടിച്ചാണ് സംവിധാനം. 112 എന്ന നമ്പറില്‍ വിളിച്ചാല്‍ തിരുവനന്തപുരത്തുള്ള കണ്‍ട്രോള്‍ റൂമിലേക്കാണ് കണക്ടാവുക. ഫോണ്‍കോള്‍ വന്ന സ്ഥലം ലൊക്കേറ്റ് ചെയ്ത് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കേന്ദ്രത്തിന് കൈമാറും.
ജിപിഎസ് സംവിധാനത്തിലൂടെ സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്തുള്ള പൊലീസ് പട്രോളിങ് സംഘത്തിന് വിവരം കൈമാറും. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കൈയോടെ പിടികൂടാമെന്നാണ് കരുതുന്നത്. നാളെയോടെ അഞ്ച് ജില്ലകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തും.
https://www.facebook.com/Malayalivartha

























