ഇനി 24 മണിക്കൂറും പോലീസ് നിരീക്ഷണത്തിൽ; പൊലീസ് ആസ്ഥാനത്ത് 'സ്വകാര്യ' കൺട്രോൾ റൂം തുറക്കും

സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പുതിയ കൺട്രോൾ റൂം തുറക്കുന്നു. പണം മുടക്കിയാൽ 24 മണിക്കൂറും വീടുകളും ഓഫീസുകളുമെല്ലാം പുതിയ കൺട്രോൾ റൂമിലൂടെ നിരീക്ഷിക്കാനാണ് ശ്രമം. കെൽട്രോനുമായി സഹകരിച്ചാണ് പുതിയ പദ്ധതി.
കെൽട്രോണിന് മുൻകൂട്ടി പണം നൽകുന്നവരുടെ സ്ഥാപനങ്ങൾ, വീടുകൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി ക്യാമറകൾ വഴി ഈ മുറിയുമായി ബന്ധിപ്പിക്കും. ഇവിടങ്ങളിൽ മോഷണമോ, തീപിടിത്തമോ ഉണ്ടായാൽ സമാന്തര കണ്‍ട്രോള്‍ റൂമിലുള്ള ജീവനക്കാർ പൊലീസിന് വിവരം കൈമാറുവാനുള്ള സംവിധാനം ഒരുക്കുന്നു. കെൽട്രോണാണ് പുതിയ കൺട്രോൾ റൂമിന്‍റെ മേൽനോട്ടം നടത്തുക. കെൽട്രോൺ ഉപകരാർ നൽകുന്ന സ്വകാര്യ കമ്പനിയായിരിക്കും കണ്‍ട്രോള്‍ റൂം സജ്ജീകരിക്കുകയും, സ്ഥാപനങ്ങളിൽ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്യുന്നത്. കെൽട്രോൺ നിയോഗിക്കുന്ന ജീവനക്കാരാകും ക്യാമറകൾ നിരീക്ഷിക്കുക. കെൽട്രോണിന് കിട്ടുന്ന പണത്തിന്‍റെ ഒരു വിഹിതം പൊലീസിനും നൽകണമെന്ന വ്യവസ്ഥയിലാണ് കാര്യങ്ങൾ നടക്കുക. അടുത്തമാസം പുതിയ കണ്‍ട്രോള്‍ റൂമിന്‍റെ പ്രവർത്തനം തുടങ്ങും.
ഒരു മുതൽമുടക്കുമില്ലാതെ കണ്‍ട്രോള്‍ റൂം സ്ഥാപിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ നേട്ടമായി പോലീസ് അവകാശപ്പെടുന്നത്. ഇത് വഴി കുറ്റ കൃത്യങ്ങൾ തടയാനാകുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ പൊലീസിന്‍റെ ജോലി പുറം കരാറുക്കാർക്ക് നൽകുന്നുവെന്നാണ് സമാന്തര കണ്‍ട്രോള്‍ റൂമിനെ എതിർക്കുന്ന സേനയിലെ ഒരു വിഭാഗത്തിന്‍റെ ആരോപണം. പൊലീസ് ആസ്ഥാനത്ത് സ്വകാര്യ കമ്പനിക്ക് 24മണിക്കൂറും ഇടം നൽകുന്നത് തന്നെ സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്നാണ് മറ്റൊരാക്ഷേപം.
https://www.facebook.com/Malayalivartha

























