എല്ലാം വളരെ പെട്ടെന്ന് ... ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചാന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം അവസാന നിമിഷം മാറ്റി വച്ചു; 56 മിനിറ്റ് ശേഷിക്കെയാണ് ദൗത്യം തത്ക്കാലത്തേക്കു മാറ്റിയത്; പുതിയ തീയതി പിന്നീടറിയിക്കും

രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണം മാറ്റിവച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ജൂലായ് 15 തിങ്കളാഴ്ച പുലര്‍ച്ചെ 2.51 നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് മാറ്റിവച്ചത്. വീക്ഷേപണത്തോട് അടുത്ത സമയത്താണ് ചെറിയ സാങ്കേതിക തകരാര്‍ കണ്ടത്. ഇതോടെ ഞെട്ടിപ്പോയ ശാസ്ത്രജ്ഞര്‍ ഉടന്‍ തീരുമാനമെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ഉന്നത ശാസ്ത്രജ്ഞര്‍ യോഗം കൂടി വിക്ഷേപണം മാറ്റിവയ്ക്കാന്‍ തീരുമാനമെടുത്തു. അല്ലെങ്കില്‍ ഇതുവരെയുള്ള അധ്വാനം പാഴാകും. തുടര്‍ന്നാണ് തകരാറുകള്‍ പരിഹരിക്കാന്‍ വിക്ഷേപണം മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ. അറിയിച്ചത്.
വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ കൗണ്ട്ഡൗണ്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചതായി വിവരം ലഭിച്ചത്. ഞായറാഴ്ച രാവിലെ 6:51നാണ് ചന്ദ്രയാന്‍ 2ന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചത്.
ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രന്റെ ഉപരിതലത്തില്‍ ഗവേഷണം നടത്തുന്ന റോബോട്ടിക് റോവര്‍, സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡര്‍ എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാന്‍2 ദൗത്യം. ചന്ദ്രയാന്‍ ഒന്നില്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയായിരുന്നു, ഇത്തവണ സോഫ്റ്റ് ലാന്‍ഡിങ്ങിനായിരുന്നു ശ്രമം. ഇതില്‍ നേരത്തേ വിജയിച്ചിട്ടുള്ളത് അമേരിക്കയും റഷ്യയും ചൈനയുമാണ്. ലാന്‍ഡറിനെ ചന്ദ്രനിലിറക്കുന്നത് ഏറെ ശ്രമകരമാണ്. വായുസാന്നിധ്യമില്ലാത്തതില്‍ പാരച്യൂട്ട് സംവിധാനം പറ്റില്ല. അതിനാല്‍ എതിര്‍ദിശയില്‍ എന്‍ജിന്‍ പ്രവര്‍ത്തിച്ച് വേഗം നിയന്ത്രിക്കാനായിരുന്നു പദ്ധതി.
വലിയ ധാതുസമ്പത്തിനു വേണ്ടി മറ്റൊരിക്കല്‍ മനുഷ്യനു ചെല്ലേണ്ട ഇടമായാണു ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ ശാസ്ത്രലോകം കണക്കാക്കുന്നത്. അവിടെ പേടകമിറക്കുന്ന ആദ്യരാജ്യമെന്ന പെരുമയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമതു രാജ്യം എന്ന ബഹുമതിയും ഒപ്പമുണ്ടാകും. റഷ്യ, യു.എസ്, ചൈന എന്നീ രാജ്യങ്ങളാണ് ഇതുവരെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയിട്ടുള്ളത്. ജപ്പാന്റെ സ്‌പേസ് ഏജന്‍സി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഉപഗ്രഹം എത്തിച്ചിട്ടുണ്ട്. വിവിധ ഘട്ടങ്ങളില്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച് ദിശയും വേഗവും ക്രമീകരിച്ചുവേണം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താന്‍.
അവിടെനിന്നു സാവധാനം നിലത്തിറങ്ങി പ്രഗ്യാനെ ചന്ദ്രനിലിറക്കിയാലും അവിടെനിന്നുള്ള ആശയവിനിമയം അടക്കമുള്ള കടമ്പകള്‍ പിന്നിടേണ്ടതുണ്ട്. ചന്ദ്രന്റെ പ്രതലത്തില്‍ സൗരോര്‍ജം സ്വീകരിച്ചു പ്രവര്‍ത്തിക്കുക, പ്രതികൂല കാലാവസ്ഥയെ അതിജീവിക്കുക തുടങ്ങിയവയും വിജയമാക്കണം. മൈനസ് 180 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 130 ഡിഗ്രി സെല്‍ഷ്യസ് വരെയാണു ചന്ദ്രനിലെ താപനില.
ചന്ദ്രയാന്‍ 2 വഴി വാണിജ്യ താല്‍പര്യങ്ങളും ഇന്ത്യക്കുണ്ട്. ചന്ദ്രയാന്‍1 മുകളില്‍നിന്നു കണ്ടറിഞ്ഞ ജലസാന്നിധ്യം ദക്ഷിണധ്രുവത്തില്‍ തൊട്ടറിയാനായേക്കും. ഗോളാന്തര ദൗത്യങ്ങള്‍ക്കുള്ള കേന്ദ്രം ചന്ദ്രനില്‍ ഉറപ്പിക്കാനുള്ള സാധ്യത പഠിക്കാം. ശുദ്ധമായ ഊര്‍ജത്തിന്റെ സ്രോതസായ ഹീലിയം ഐസോടോപ്പിന്റെ ഖനന സാധ്യതകളും ഇന്ത്യ ലക്ഷ്യമിടുന്നു. 2008 ഒക്‌ടോബറില്‍ വിക്ഷേപിച്ച ഒന്നാം ചന്ദ്രയാനിനു ശേഷം ഇന്ത്യ കൈവരിച്ച സാങ്കേതിക മുന്നേറ്റത്തിന്റെ എല്ലാ ശക്തിയും സമാഹരിച്ചാണു ചന്ദ്രയാന്‍2 കുതിക്കുന്നത്.
https://www.facebook.com/Malayalivartha

























