യുഎസിനെതിരെ ചൈന; തയ്വാനെ വേര്‍പെടുത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടി ഉറപ്പ്; തുറമുഖ മേഖലയില്‍ സൈനിക അഭ്യാസം നടത്തി തയ്വാനെ പേടിപ്പിച്ച് ചൈന

തങ്ങളുടെ കളത്തില്‍ കയറി കളിച്ചാല്‍ അപ്പൊത്തന്നെ തിരിച്ചടി നല്‍കുന്ന രീതിയാണ് ചെനയുടേത്. ഇപ്പോഴിതാ യുഎസിന്റെ ഒരു ഇടപെടല്‍ ചെനയെ ചൊടിപ്പിച്ചിരിക്കുകയാണ്. യുഎസ് കമ്പനികള്‍ തയ്വാന് ആയുധങ്ങള്‍ കൈമാറിയതിനു പിന്നാലെ തയ്വാന്‍ തുറമുഖ മേഖലയില്‍ സൈനിക അഭ്യാസം നടത്തി ചൈനയാണ് ചെന സൂചന നല്‍കിയിരിക്കുന്നത്. തയ്വാന്റെ തെക്ക്കിഴക്ക് പ്രദേശത്തു ചൈനീസ് നാവിക, വ്യോമസേനകള്‍ സംയുക്തമായാണ് അഭ്യാസം നടത്തിയതെന്നു പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുകയാണ്. വാര്‍ഷിക പദ്ധതികള്‍ പ്രകാരം നടന്ന സാധാരണ നടപടി മാത്രമാണ് ഇതെന്നും പിഎല്‍എ പറഞ്ഞു. ദക്ഷിണ ചൈന കടലില്‍ സ്വയംഭരണം ആവശ്യപ്പെടുന്ന തയ്വാനുമായി ബന്ധപ്പെട്ട് യുഎസും ചൈനയും തമ്മില്‍ തര്‍ക്കമുണ്ട്. തയ്വാന്‍ (ചൈനീസ് തായ്പേയ്) തങ്ങളുടെ അധീനതയിലുള്ള പ്രവിശ്യയാണെന്നാണു ചൈനയുടെ വാദം.
തയ്വാന് ആയുധങ്ങള്‍ വിറ്റ യുഎസ് കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നു ചൈന കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഈ മാസം എട്ടിനാണ് 108എം1എ2ടി അബ്രാം ടാങ്കുകളും സ്റ്റിങ്ങര്‍ മിസൈലുകളും ഉള്‍പ്പെടെ 220 കോടി ഡോളറിന്റെ ആയുധങ്ങള്‍ തയ്വാനു നല്‍കാന്‍ യുഎസ് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയത്. എന്നാല്‍ രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി, ആയുധങ്ങള്‍ കൈമാറുന്ന കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നു ചൈനീസ് വിദേശകാര്യ മന്ത്രി ഗെങ് ഷുവാങ് പറഞ്ഞു. തയ്വാനെ ചൈനയില്‍നിന്നു വേര്‍പെടുത്താനുള്ള യുഎസിന്റെ ഓരോ ശ്രമത്തിനും ശക്തമായ പ്രതികരണമുണ്ടാകുമെന്ന് യുഎസിലെ ചൈനീസ് അംബാസിഡര്‍ കുയ് ടിയാന്‍ക്യും പ്രതികരിച്ചു.
ദക്ഷിണ ചൈന കടലും തയ്വാനുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നത്തില്‍ യുഎസ് ഇടപെടേണ്ടതില്ലെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെന്‍ഗെ കഴിഞ്ഞ മാസം നടന്ന ഏഷ്യ പ്രീമിയര്‍ ഡിഫന്‍സ് ഉച്ചകോടി ഷാന്‍ഗ്രില ഡയലോഗില്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കയുമായി യുദ്ധം നടത്തിയാല്‍ അതു ലോകത്തിനു ദുരന്തമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ബെയ്ജിങ് അതിപ്രധാനമായി കരുതുന്ന തയ്വാനില്‍ ഇടപെടല്‍ നടത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ബലംപ്രയോഗിക്കേണ്ടി വരുമെന്നും അവസാനം വരെ പൊരുതുമെന്നും ചൈന പറഞ്ഞു.
തയ്വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ യുഎസ് സന്ദര്‍ശനത്തിനു പിന്നാലെയാണ് തയ്വാന്‍ കടലിടുക്കില്‍ സ്ഥിതിഗതികള്‍ വീണ്ടും വഷളായത്. തയ്വാന്‍ വിദേശ ശക്തികളുടെ ഭീഷണിയും നുഴഞ്ഞുകയറ്റവും നേരിടുകയാണെന്നും സ്വയംഭരണ പ്രദേശമായ തയ്വാന്റെ ജനാധിപത്യ വ്യവസ്ഥയെ ശക്തമായി പ്രതിരോധിക്കുമെന്നും സായ് ഇങ് വെന്‍ ന്യൂയോര്‍ക്കില്‍ സഖ്യകക്ഷികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു പറഞ്ഞു. ഇതാണ് തയ്വാന്‍ മേഖലയില്‍ സൈനിക അഭ്യാസം നടത്താന്‍ ചൈനയെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനിരിക്കെ ശക്തമായ ചൈനീസ് വിരുദ്ധ നിലപാടുകളാണ് സായ് ഇങ് വെന്‍ സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha

























