ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ ആഭ്യന്തരമന്ത്രി എന്നനിലയില്‍ തനിക്ക് വീഴ്ച പറ്റിയെന്നും അതിന് കാരണക്കാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം

ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ ആഭ്യന്തരമന്ത്രി എന്നനിലയില്‍ തനിക്ക് വീഴ്ച പറ്റിയെന്നും അതിന് കാരണക്കാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിമര്‍ശനം നടത്തിയത്. ശബരിമല സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഒപ്പം നിന്നില്ല. സ്വന്തം താല്‍പര്യപ്രകാരമാണ് അവര്‍ പ്രവര്‍ത്തിച്ചത്. വിധി നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടുവിചാരം ഉണ്ടായിരുന്നില്ല. ചിലര്‍ ബോധപൂര്‍വ്വം ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞുനിന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള മനീതി സംഘം ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലജലവിഭ്രാന്തിയായിരുന്നെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എന്നാല്‍ മണ്ഡലകാലത്ത് പൊലീസിനെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പരസ്യമായി സ്വീകരിച്ചിരുന്നത്.
കസ്റ്റഡിമരണങ്ങളും മര്‍ദ്ദനങ്ങളും സംസ്ഥാനത്ത് വര്‍ദ്ധിക്കുകയാണ്. ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനം ഹരമായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കസ്റ്റഡിയില്‍ പ്രതികളെ മര്‍ദ്ദിക്കുന്ന പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കസ്റ്റഡി മര്‍ദ്ദനങ്ങളും മരണങ്ങളും ഒഴിവാക്കാനാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സി.ഐമാര്‍ക്ക് എസ്.എച്ച്.ഒമാരുടെ ചുമതല നല്‍കിയത്. എന്നാല്‍ അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിച്ചില്ല. സ്‌റ്റേഷനുകളില്‍ ഡിവൈ.എസ്.പിമാര്‍ സന്ദര്‍ശനം നടത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അവരത് സൗകര്യപൂര്‍വ്വം മറക്കുന്നു. ശബരിമല ഉള്‍പ്പെടെയുള്ള ഗൗരവതരമായ വിഷയങ്ങളില്‍ പൊലീസില്‍ നിന്ന് പല വിവരങ്ങളും ചോര്‍ന്നെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇടുക്കിയില്‍ രാജ്കുമാര്‍ എന്ന പ്രതിയെ പൊലീസ് മര്‍ദ്ദിച്ച് കൊന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ക്രമസമാധാന ചുമതലയുള്ള എസ്.പിമാരുടെ അടക്കം യോഗം വിളിച്ചത്. കസ്റ്റഡിമരണത്തിന് പിന്നില്‍ ഇടുക്കി എസ്.പിയായിരുന്ന വേണുഗോപാല്‍ ആയിരുന്നെന്ന് പ്രതിയായ എസ്.ഐ സാബു മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എസ്.പിയെ സ്ഥലംമാറ്റിയിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിലാണ് രാജ് കുമാറിനെ അറസ്റ്റ് ചെയ്തത്. പരാതിക്കാര്‍ നിക്ഷേപം നടത്തിയ പണം കണ്ടെത്തുന്നതിനാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തിട്ടും അറസ്റ്റ് ചെയ്യാതിരുന്നതെന്നും വിവരം റേഞ്ച് ഐജി അറിഞ്ഞിട്ടുണ്ടെന്ന് എസ് പി പറഞ്ഞതായും സാബുവിന്റെ മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍ കസ്റ്റഡിയിലെടുത്ത വിവരം തന്നെ അറിയിച്ചില്ലെന്നാണ് എസ് പി വേണുഗോപാല്‍ പറഞ്ഞത്. വേണുഗോപാലിന്റെ ബന്ധു നിക്ഷേപം നടത്തിയിരുന്നെന്നും അതിനാല്‍ പണം എവിടെയാണെന്ന് കണ്ടെത്തുന്നതിനാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ വച്ചിരുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
കൊച്ചിയിലുള്ള ഭീകര വിരുദ്ധ സേനയുടെ (എ.ടി.എഫ്) മേധാവിയായാണ് വേണുഗോപാലിനെ നിയമിച്ചത്. എസ്.പി വേണുഗോപാലിന്റെ അറിവോടെയാണ് രാജ് കുമാറിനെ കസ്റ്റഡിയില്‍ സൂക്ഷിച്ചതെന്നും കര്‍ശന നടപടിവേണമെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. രാജ് കുമാറിന്റെ മാതാവും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെയും എസ്.പിക്കെതിരായ പരാതികളുടെയും കൂടി അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റിയത്. എസ്.പിയെ സംരക്ഷിക്കാന്‍ ഇടുക്കിയില്‍ നിന്നുള്ള മന്ത്രിയായ എം.എം മണി നീക്കം നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ട് സ്ഥലംമാറ്റിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha