സര്‍ക്കാരിന്റെ കണ്ണില്‍ പൊടിയിട്ട് എഞ്ചിനീയര്‍മാര്‍ കൂട്ടത്തോടെ സ്റ്റഡി ടൂറെന്ന പേരില്‍ കുടുംബസമേതം ഉല്ലാസയാത്രക്ക് വിദേശത്തേക്ക് പറന്നു

കേരളത്തില്‍ എന്തോന്ന് പഠിക്കാനിരിക്കുന്നു എന്നാണ് കേരളത്തിലെ സമര്‍ത്ഥരായ എഞ്ചിനീയര്‍മാരുടെ ചോദ്യം. അങ്ങനെയാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ എഞ്ചിനീയറിംഗ് സാങ്കേതികവിദ്യ പഠിക്കാന്‍ ചില സുഹൃത്തക്കളായ എഞ്ചിനീയര്‍മാര്‍ തീരുമാനിച്ചത്. ഇക്കാര്യം മേല്‍ ഉദ്യോഗസ്ഥനായ ചീഫ് എഞ്ചിനീയറെ അറിയിച്ചപ്പോള്‍ സംഗതി കൊള്ളാമെന്നായി. ഫാമിലിയോടൊപ്പമാണെങ്കില്‍ അത്രയും നന്ന്. അവര്‍ക്കും പഠിക്കാമല്ലോ. അറിഞ്ഞ് കേട്ട എഞ്ചിനീയര്‍മാരെല്ലാം ഒത്തുകൂടി. അവരില്‍ വലിപ്പ വ്യത്യാസമില്ല. പൊതുമരാമത്ത്, ഇറിഗേഷന്‍, പഞ്ചായത്ത് വകുപ്പുകളിലെ തഴെത്തട്ടിലുള്ള എഞ്ചിനീയര്‍ മുതല്‍ തലപ്പത്തുള്ള ചീഫ് എഞ്ചിനീയര്‍വരെ വിദേശയാത്രയ്‌ക്ക് തയ്യാര്‍. അങ്ങനെ അവര്‍ സര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിച്ചു. സര്‍ക്കാരിനും അതിഷ്‌ടപ്പെട്ടു. എങ്കിലും പഠിക്കാനെന്തിനാ ഇത്രയും പേര്‍ ഫാമിലിയോടൊപ്പം പോകുന്നതെന്ന് സെക്രട്ടറിയേറ്റിലെ ചില ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും സംശയം.
വിദേശ രാജ്യങ്ങളില്‍ കണ്ടു പഠിക്കാനായി ഉദ്യോഗസ്ഥരെ മാത്രം അയയ്‌ക്കാറില്ല. പോരാത്തതിന് റിട്ട. ഉദ്യോഗസ്ഥരും കുടുംബവും എന്തിന് പോകുന്നു.
അതിന് മറുപടിയായി അവര്‍ പറയുന്നത് യൂറേപ്യന്‍ രാജ്യങ്ങളില്‍ അഞ്ചൂറ് വര്‍ഷങ്ങളില്‍ക്കൂടുതല്‍ പഴക്കമുള്ള കെട്ടിടങ്ങളുണ്ട്. അവയുടെ എഞ്ചിനീയറിംഗ് സാങ്കേതികവിദ്യ മനസിലാക്കാന്‍ പോയേ പറ്റൂ.
അവസാനം സര്‍ക്കാര്‍ ഉന്നതതലത്തില്‍ ആലോചിചപ്പോള്‍ സംഗതി പുലിവാലാകുമെന്ന് കണ്ടു. കാരണം ഒരാള്‍ക്ക് ഒരു ലക്ഷത്തില്‍ കൂടുതല്‍ വേണ്ടിവരും. എല്ലാവര്‍ക്കും കൂടി ഒരുകോടിയിലധികം രൂപ വേണ്ടിവരും. പുറത്തറിഞ്ഞാല്‍ സര്‍ക്കാരിന് ഉത്തരം പറയേണ്ടിവരും. അതിനാല്‍ സര്‍ക്കാര്‍ ഒരു തീരുമാനത്തിലെത്തി. പോകുന്നവര്‍ക്ക് പോകാം അതിനെതിരല്ല. പക്ഷേ യാത്രാ ചെലവ് സര്‍ക്കാര്‍ നല്‍കില്ല. അതുകേട്ട് മുമ്പേ നിന്ന പലരും പിന്മാറി. എങ്കിലും പോയി വന്നതിനുശേഷമെങ്കിലും രഹസ്യമായി യാത്രാപ്പടി നേടിയെടുക്കാമെന്ന മട്ടില്‍ കുറേപ്പേര്‍ യാത്രക്ക് തയ്യാറായി.
27 എഞ്ചിനീയര്‍മാരും മൂന്ന് റിട്ട. എഞ്ചിനീയര്‍മാരും കുടുംബാഗങ്ങളും ചേര്‍ന്ന് അന്‍പതംഗ സംഘമാണ് യൂറോപ്പിലേക്ക് ഇന്ന് യാത്രയായത്.
എന്തായാലും എഞ്ചിനീയര്‍മാര്‍ പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. ഈ ഉല്ലാസയാത്ര ഒരു പ്രോജക്‌ടാക്കി സര്‍ക്കാരിനു സമര്‍പ്പിക്കണം. അങ്ങനെ യാത്രചെയ്‌ത ദിവസം ലീവായ് നേടിയെടുക്കാനുമാകും. പറ്റുമെങ്കില്‍ യാത്രാച്ചെലവും നേടിയെടുക്കണം.
https://www.facebook.com/Malayalivartha