എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി നിര്യാതയായി; ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്ന അനിത തച്ചങ്കരി മരണത്തിനു കീഴടങ്ങിയത് ഇന്ന് പുലർച്ചെ മൂന്നുമണിയോടെ

എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി നിര്യാതയായി. അമ്പതിനാല് വയസായിരുന്നു. എറണാകുളത്തെ വീട്ടിൽ പുലർച്ചെ മൂന്നിനായിരുന്നു അന്ത്യം. ഏറെ നാളുകളായി ചികിൽസയിലായിരുന്നു. പരേതരായ കുറന്തോട്ടത്തിൽ വർഗീസ് ചെറിയാന്റെയും ബഹ്റൈനിൽ ഡോക്ടർ ആയിരുന്ന മേരി ചാക്കോയുടെയും മകളാണ്. വസതിയിൽ പൊതുദർശനത്തിനു ശേഷം നാളെ രാവിലെ 11ന് കോന്തുരുത്തി സെന്റ് ജോൺ നെപുംസ്യാൻസ് പള്ളിയിൽ സംസ്കരിക്കും.
ഇന്ത്യയിലെയും വിദേശത്തെയും പഠനശേഷം കുടുംബ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. മലയാള സിനിമയെ ചെന്നൈയിൽനിന്നും കേരളത്തിലേക്കു പറിച്ചു മാറ്റുവാൻ മുന്നിൽനിന്ന റിയാൻ സ്റ്റുഡിയോയുടെ എംഡി ആയിരുന്നു. മൃഗസ്നേഹി ആയിരുന്ന അനിത, തെരുവുനായ്ക്കളുടെ ക്ഷേമത്തിനായും പ്രവർത്തിച്ചു. കാർഷികമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. ലണ്ടൻ സ്കൂൾ ഓഫ് മ്യൂസിക്കിൽനിന്നും പിയാനോ വായന ഉന്നതഗ്രേഡിൽ പാസായിരുന്നു. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.
മൂത്തമകളായ മേഘയും കോഴിക്കോട് ചേവായൂർ എം. രാജന്റെയും സരള കണിയാശേരിയുടെയും മകൻ ഗൗതവും തമ്മിലുള്ള വിവാഹവും, രണ്ടാമത്തെ മകൾ കാവ്യയുടെയും എറണാകുളം സ്വദേശി ക്രിസ്റ്റഫറുമായുള്ള വിവാഹവും ഈ അടുത്ത നാളുകളിലാണ് നടന്നത്. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട മേഘയുടെയും, ഗൗതമിന്റെയും വിവാഹത്തിന് ടോമിനും അനിതയുടെയും നിറഞ്ഞ മനസോടെയാണ് സമ്മതിച്ചത്.
കാൻസർ ബാധയെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കിടെ മക്കളുടെ വിവാഹ സൽക്കാരത്തിന് തച്ചങ്കിയുടെ ഭാര്യ അനിത എത്തിയിരുന്നു. ആശുപത്രി കിടക്കയിൽ നിന്നും വീൽചെയറിലായിരുന്നു തച്ചങ്കരിയുടെ ഭാര്യ എത്തിയിരുന്നത്. മുഖ്യമന്ത്രിയും മറ്റു പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ സംബന്ധിച്ച ശേഷം വീണ്ടും ആശുപത്രിയിലേക്ക് അനിത മടങ്ങുകയും ചെയ്തു. അനിതയ്ക്ക് ആത്മവിശ്വാസം പകരാനും ആശ്വാസിപ്പിക്കാനും ചടങ്ങിനെത്തിയവർ പരമാവധി ശ്രമിച്ചിരുന്നു. ബ്രസ്റ്റ് കാൻസറിനെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു അനിത. അനിതയ്ക്കുണ്ടായ ആരോഗ്യപ്രശ്‌നങ്ങളിൽ നിന്നുള്ള ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha

























