കരയാന്‍ കണ്ണീരില്ല... ഉറങ്ങിയെണീറ്റപ്പോള്‍ ഉറ്റവരെല്ലാം നഷ്ടപ്പെട്ട അവസ്ഥ നല്‍കിയ കവളപ്പാറ കേരളത്തിന്റെ വേദനയാകുന്നു; ഒരു ഗ്രാമം തന്നെ ഒലിച്ചു പോയ കവളപ്പാറയില്‍ മണ്ണിനടിയിലായത് 63 പേര്‍; 9 മൃതദേഹങ്ങള്‍ കണ്ടെടുത്തു; തെരച്ചിലിന് സൈന്യമെത്തി

കേരളം ഒരു ഗ്രാമത്തെച്ചൊല്ലി വിറങ്ങലിച്ചിരിക്കുകയാണ്. ഒറ്റ രാത്രി കൊണ്ട് മഴവെള്ള പാച്ചിലില്‍ 63 പേരാണ് നഷ്ടപ്പെട്ടത്. ഇനി 54 പേരെ കണ്ടത്താനുണ്ട്. പക്ഷെ ഈ കണക്കിനും വ്യക്തതയില്ല. അങ്ങനെ മഴക്കെടുതിയില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന കേരളത്തിന് നൊമ്പരമായി കവളപ്പാറ. സംസ്ഥാനത്തെ നടുക്കിയ മലപ്പുറം കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ച 9 പേരെ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. മുതിരക്കുളം വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ ഫൗസിയ (40), മക്കളായ ആബിദ (18), തുമ്പി (10), എഴുപറമ്പില്‍ ഗോപിയുടെ അമ്മ മാതി (60), മകള്‍ പ്രജിഷ (എട്ട്), സന്തോഷ്‌കുമാര്‍ (55) എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്.
വെള്ളിയാഴ്ച ഗോപിയുടെ ഭാര്യ പ്രിയ (30), മകന്‍ ഗോകുല്‍ (12), തൊമ്മന്റെ മകള്‍ അനഘ (നാല്) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴും 60ഓളം പേര്‍ മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നതെന്ന് മലപ്പുറം എസ്.പി അബ്ദുല്‍ കരീം അറിയിച്ചു. 19 വീടുകള്‍ പൂര്‍ണമായി മണ്ണിനടിയിലാണ്. 40 വീടുകള്‍ ഭാഗികമായി തകര്‍ന്നു.
ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മണ്ണിന്റെയും മരങ്ങളുടെയും കൂമ്പാരങ്ങള്‍ക്കിടയില്‍നിന്ന് സന്തോഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇടക്ക് പരിസരത്ത് ഉരുള്‍പൊട്ടിയിട്ടുണ്ടെന്ന വാര്‍ത്ത പരന്നതോടെ തിരച്ചില്‍ നിര്‍ത്തിവെച്ചു. പിന്നീട് അര മണിക്കൂര്‍ കഴിഞ്ഞാണ് പുനരാരംഭിച്ചത്. രണ്ട് ഏക്കറോളം ഭാഗം മണ്ണു വന്നു മൂടിയിട്ടുണ്ട്. വീടുകളിലകപ്പെട്ടവരുണ്ടെന്ന് ഉറപ്പുള്ള മൂന്ന് ഭാഗങ്ങളിലാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്.
63 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയ ദുരന്തത്തിന്റെ നടുക്കം മാറാതെ, മഴയില്‍ കുതിര്‍ന്ന് കവളപ്പാറ ഇപ്പോഴും വിറങ്ങലിച്ചിരിക്കുകയാണ്. നാട്ടുകാരും അയല്‍വാസികളും ബന്ധുക്കളുമൊക്കെയായവര്‍ മണ്ണിനടിയില്‍ കിടക്കുന്നത് രണ്ടുദിവസമായി നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വന്നതിന്റെ ആധിയാണ് എല്ലാ മുഖങ്ങളിലും. ഒരായുസ്സിന്റെ സമ്പാദ്യവും മലയെടുത്തതിന്റെ അന്ധാളിപ്പിലാണവര്‍ മഴയത്ത് നില്‍ക്കുന്നത്.
ആദിവാസികളുള്‍പ്പെടെ താമസിച്ചിരുന്ന മുത്തപ്പന്‍കുന്നിന്റെ ഒരു ഭാഗം തന്നെ അടര്‍ന്നുവീണു. കുത്തിയൊലിച്ച് വന്ന മണ്‍മല മൂന്നായി തിരിഞ്ഞാണ് ദുരന്തം തീര്‍ത്തത്. അയല്‍വാസികളായ രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്നുപേര്‍ കണ്‍മുന്നില്‍ മണ്ണിനടിയില്‍പെട്ടതായി ജീവനും കൊണ്ട് രക്ഷപ്പെട്ട കുഴി കളിയിക്കല്‍ പ്രമോദ് പറഞ്ഞു. മണ്‍കൂമ്പാരമായതിനാല്‍ അവിടേക്ക് എത്താന്‍ പോലുമായിട്ടില്ല. അവരുടെ മൃതദേഹങ്ങള്‍ അവിടെ കിടക്കുന്നുണ്ട്. പാതി മണ്ണെടുത്ത പ്രമോദിന്റെ തറവാട് വീടിന് മുകളിലും താഴെയുമായി നിരവധി വീടുകളാണ് മണ്ണിനടിയിലുള്ളത്.
മുത്തപ്പന്‍കുന്നിന് താഴെയുള്ള ചോലക്കപ്പുറവും ഇപ്പുറവുമുള്ളവരാണ് അപകടത്തില്‍പെട്ടത്. ചോല പുഴയായി മാറി. കുന്നിന്‍ചെരുവില്‍ 12 വീടുകള്‍ ഇപ്പോഴും കേടുപാട് കൂടാതെയുണ്ട്. എന്നാല്‍, എത്തിപ്പെടാന്‍ മാര്‍ഗമില്ലാതെ നിറകണ്ണുകളുമായാണ് അവിടെ കഴിഞ്ഞിരുന്നവര്‍ നില്‍ക്കുന്നത്. മണ്ണിനടിയിലുള്ള മുഴുവനാളുകളെയും കണ്ടെത്താന്‍ ദിവസങ്ങള്‍ വേണ്ടിവരും.
യുദ്ധസമാന സന്നാഹങ്ങളുണ്ടായാല്‍ പോലും മുഴുവനാളുകളെയും കണ്ടെത്താനാവുമോ എന്ന കാര്യം സംശയമാണ്. ചോലക്കിപ്പുറമുണ്ടായിരുന്ന മൂന്നോ നാലോ വീടുകളുടെ പരിസരത്ത് മാത്രമാണ് തിരച്ചില്‍ നടത്താനായത്. അതുതന്നെ എവിടെയുമെത്തിയിട്ടില്ല. ചോലക്കപ്പുറമുണ്ടായിരുന്ന ബാപ്പുട്ടിയുടെ ഇരുനില വീട് നിലം പൊത്തി. തൊട്ടടുത്ത് മണ്ണിനുള്ളിലായ വീട്ടിലാണ് ആറുപേര്‍ കുടുങ്ങിക്കിടക്കുന്നത്.
മണ്‍മലക്കപ്പുറം ചോലയുടെ മറുകരയിലുണ്ടായിരുന്നവരെ കണ്ടെത്താന്‍ എന്തുചെയ്യുമെന്ന് അധികൃതര്‍ക്കും വലിയ പിടിയില്ല. അത്ര ഭീകരമാണ് ദുരന്തവ്യാപ്തി. ശനിയാഴ്ച രാവിലെ മഴ അല്‍പം മാറിയെങ്കിലും ഉച്ചയോടെ വീണ്ടും ശക്തിപ്പെട്ടു. പ്രദേശത്ത് മണ്ണിടിച്ചില്‍ ഭീതിയുമുണ്ട്.
https://www.facebook.com/Malayalivartha

























