അപകടകരമായ രീതിയില്‍ വെള്ളം ഉയരുമെന്ന് സൂചന വന്നതോടെ നെഞ്ചിടിപ്പോടെ കുട്ടനാട്ടുകാർ

തോരാ മഴയും, കിഴക്കന്‍ വെള്ളത്തിന്റെ വരവും, കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. പ്രധാന റോഡുകളും ഇടറോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ഇന്ന് അപകടകരമായ രീതിയില്‍ വെള്ളം ഉയരുമെന്ന് സൂചന വന്നതോടെ നെഞ്ചിടിപ്പിലാണ് കുട്ടനാട്ടുകാർ. സംസ്ഥാനപാതയേയും എ-സി റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നീരേറ്റുപുറം-മുട്ടാര്‍-കിടങ്ങറ, എടത്വ-തായങ്കരി-കൊടുപ്പുന്ന റോഡുകളില്‍ വെള്ളം കയറി. മുട്ടാര്‍-കിടങ്ങറ റൂട്ടില്‍ കുമരംചിറപ്പള്ളി, തായങ്കരി-കൊടുപ്പുന്ന റോഡില്‍ പഴുതി ഭാഗത്തുമാണ് റോഡില്‍ വെള്ളം കയറിയിട്ടുള്ളത്. മുട്ടാര്‍-കിടങ്ങറ റൂട്ടില്‍ വാഹനഗതാഗതം പൂര്‍ണമായി നിലച്ചു. നിരവധി ഗ്രാമീണ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. ജല നിരപ്പ് ഉയരുന്നത് പാടശേഖരങ്ങള്‍ക്കും ഭീഷണിയായി.
മുട്ടാര്‍, നീരേറ്റുപുറം, കുന്നുമാടി കുതിരച്ചാല്‍ പുതുവല്‍ കോളനി, ചക്കുളം, തലവടി തെക്ക്, മണലേല്‍, പൂന്തുരുത്തി, തോട്ടടി, വട്ടടി, നിരണം പ്രദേശങ്ങളിലാണ് വെള്ളം കൂടുതലായി കയറിയിട്ടുള്ളത്. പുതുവല്‍ കോളനി പ്രദേശത്തെ താമസക്കാരുടെ വീട്ടുമുറ്റങ്ങളില്‍ അരയറ്റം വെള്ളം കയറി. അമ്പ്രയില്‍ ഭാഗങ്ങളിലെ കിണറുകള്‍ക്ക് മുകളില്‍ വെള്ളം കയറാന്‍ തുടങ്ങി. കഴിഞ്ഞ പ്രളയശേഷം വൃത്തിയാക്കി ഉപയോഗിച്ചിരുന്ന കിണറുകളാണ് പഴയ അവസ്ഥയില്‍ എത്തിച്ചേരുന്നത്. പ്രദേശത്ത് കുടിവെള്ള ലഭ്യതയും നിലച്ചു. കലങ്ങിമറിഞ്ഞ നദിയിലെ ജലവും മഴവെള്ളവുമാണ് പ്രദേത്തെ താമസക്കാര്‍ ഉപയോഗിക്കുന്നത്.
കഴിഞ്ഞ രണ്ടുദിവസം വീശിയടിച്ച ചുഴലികാറ്റില്‍ എടത്വാ, തലവടി, തകഴി പഞ്ചായത്തുകളില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞും കമ്പികള്‍ പൊട്ടിയും കിടക്കുന്നതിനാല്‍ പലസ്ഥലങ്ങളിലും മൂന്ന് ദിവസമായി വൈദ്യുതിബന്ധം നിലച്ച അവസ്ഥയാണ്. വൈദ്യുതി ഇല്ലാത്തതിനാല്‍ മഴപെയ്ത് പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളം പമ്പു ചെയ്ത് കളയാനും കഴിയാത്ത അവസ്ഥയാണ്. പമ്പയിലും തോടുകളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. ചക്കുളത്തുകാവ് ക്ഷേത്രവും പരിസര പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. വെള്ളത്തിലൂടെ നീന്തിയാണ് ഭക്തര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് വഴിപാടുകള്‍ നടത്തുന്നത്.
ആലപ്പുഴ ജില്ലയില്‍ ഇതുവരെ കാലവര്‍ഷക്കെടുതിയില്‍ 27 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 372 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ഔദ്യോഗിക കണക്ക്. ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ വിവിധയിടങ്ങളില്‍ മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞുവീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. നഗരത്തില്‍ വൈദ്യുതി ബന്ധം
വിച്‌ഛേദിക്കപ്പെട്ട നിലയിലാണ്. ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ ഓടുകള്‍ പറന്നു പോയി. പല വീടുകളുടെയും മേല്‍ക്കൂരകള്‍ക്ക് ഭാഗികമായ നാശവുമുണ്ടായി.
മഴ കുറഞ്ഞെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിച്ചതോടെകുട്ടനാട് വീണ്ടും വെള്ളപ്പൊക്ക ഭീഷണയില്‍. ശക്തമായ മഴ ഇന്നും തുടര്‍ന്നാല്‍ ജലനിരപ്പ് ഉയരാനിടയുണ്ട്. ഇതിനിടെ ഡാമുകള്‍ തുറന്നത് കുട്ടനാട്ടിലേക്ക് വെള്ളം ഒഴുകിയെത്താനും ജലനിരപ്പ് വലിയ തോതില്‍ ഉയരാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇതോടൊപ്പം മേഖലയില്‍ കനത്ത മഴ പെയ്യുന്നതും വെള്ളത്തിന്റെ അളവ് കൂട്ടും. മഴ ശക്തമായതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. വില്ലേജ് ഓഫീസര്‍മാര്‍ക്ക് തഹസില്‍ദാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha

























