രക്ഷാപ്രവര്‍ത്തനത്തിനിടെ ആദ്യം കണ്ടത് വളയിട്ട കൈകള്‍.... സന്നദ്ധപ്രവര്‍ത്തകര്‍ റാണിയുടെ മൃതദേഹം മണ്ണില്‍നിന്ന് വലിച്ചെടുത്തു... പിന്നെ കുറെ നാണയത്തുട്ടുകള്‍.. രണ്ടു രൂപ, ഒരു രൂപ.. ചുരുട്ടിയിട്ട അഞ്ചുരൂപ നോട്ടുകള്‍... തേയിലക്കൊളുന്തു നുള്ളി റാണി സമ്പാദിച്ച ഇത്തിരി സമ്പാദ്യം... പ്രിയപ്പെട്ടവര്‍ക്കായി കരുതി വെച്ച ആ സമ്പാദ്യം ഇനി... ആ കാഴ്ച എല്ലാവര്‍ക്കും നൊമ്പരമായി

രക്ഷാപ്രവര്‍ത്തനത്തിനിടെ ആദ്യംകണ്ടത് വളയിട്ട കൈകളാണ്. പിന്നാലെ ചുവന്ന സ്വെറ്ററിന്റെ ചില ഭാഗങ്ങള്‍. സന്നദ്ധപ്രവര്‍ത്തകര്‍ റാണിയുടെ മൃതദേഹം മണ്ണില്‍നിന്ന് വലിച്ചെടുത്തു. ഏറ്റവും സുരക്ഷിതമെന്ന് റാണി വിശ്വസിച്ചിരുന്ന രണ്ടുമുറി പാടിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുതന്നെ. പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ റാണിയുള്‍പ്പെടെ ഇതേ പാടിയില്‍ താമസിച്ച നാലുപേരാണ് മരിച്ചത്. റാണിയുടെ ഭര്‍ത്താവ് സെല്‍വന്‍, അയല്‍വാസികളായ അജിത, ഷൈലജ എന്നിവരും അവര്‍ ജീവിച്ച പാടിക്കൊപ്പം മണ്ണില്‍ പുതഞ്ഞു.
തേയിലക്കൊളുന്തു നുള്ളി റാണി സമ്പാദിച്ച ഇത്തിരി സമ്പാദ്യവും അവിടുന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. കുറെ നാണയത്തുട്ടുകള്‍.. രണ്ടു രൂപ, ഒരു രൂപ.. ചുരുട്ടിയിട്ട അഞ്ചുരൂപ നോട്ടുകളാണ് കൂട്ടത്തില്‍ വലുത്.ഓരോന്നായി മണ്ണില്‍നിന്ന് പെറുക്കിയെടുത്ത് രക്ഷാപ്രവര്‍ത്തകന്‍ സൂക്ഷ്മതയോടെ തൂക്കുപാത്രത്തിലേക്ക് മാറ്റി. വയനാട്ടുകാര്‍ക്കറിയാം 300 രൂപ മാത്രം ദിവസവേതനം കിട്ടുന്ന തോട്ടംതൊഴിലാളിയുടെ ഈ നാണയത്തുട്ടുകള്‍ക്ക് എത്രത്തോളം വലുപ്പമുണ്ടെന്ന്.
പിന്നാലെ പ്ലാസ്റ്റിക് പാത്രത്തില്‍ ഇട്ടുവെച്ച കുറച്ചധികം നാണയങ്ങള്‍. പിന്നെ ഭദ്രമായി വെച്ച 500 രൂപ. അലമാരയില്‍ സൂക്ഷിച്ച പുതിയ തോര്‍ത്ത്, പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന കുറച്ചു നല്ല വസ്ത്രങ്ങള്‍.. പ്രിയപ്പെട്ടവര്‍ക്കായി അവര്‍ കരുതി വെച്ചതായിരുന്നു ആ സമ്പാദ്യം.റാണിയുടെ അലമാരയില്‍ നിന്നുകിട്ടിയ സമ്പാദ്യങ്ങള്‍ എല്ലാംകൂടി കമ്പിളിയില്‍ക്കെട്ടിവെച്ചു. ഇനി റാണിക്ക് അതൊന്നും ആവശ്യമില്ല.
https://www.facebook.com/Malayalivartha

























