പ്രളയക്കണ്ണീര്‍... പ്രളയം ഓരോ കുടുംബത്തിലും ഉണ്ടാക്കിയ പ്രത്യാഘാതം വളരെ വലുത്; പ്രളയത്തിന്റെ നൊമ്പരമേറി റാബിയ വരന്റെ വീട്ടിലേക്ക്; മൈലാഞ്ചിയും ഒപ്പനയുമില്ലെങ്കിലും ടണ്‍കണക്കിന് സ്‌നേഹം ഏറ്റുവാങ്ങി റാബിയ; നവവധുവിന്റെ ചിരി വാടാതിരിക്കാന്‍ ഉമ്മ ജുമൈലത്ത്

പ്രളയം ഓരോരുത്തര്‍ക്കും ഉണ്ടാക്കിയ നഷ്ടം ഒരായുഷ്‌ക്കാലത്തിന്റെ നഷ്ടമാണ്. ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവരുടെ ദു:ഖം വേറെ. ജീവിച്ചിരിക്കുന്നവരുടെ അവസ്ഥയോ... എല്ലാം ഒന്നേന്ന് ഉണ്ടാക്കണം. തലചായ്ക്കാന്‍ പോലും ഒരിടമില്ലാതെ വിഷമിക്കുന്നവര്‍ അനേകമാണ്. ചില്ലിക്കാശുകള്‍ സ്വരൂപിച്ച് കൂട്ടി മക്കളുടെ വിവാഹത്തിന് കാത്തിരുന്ന എത്രയോ അമ്മമാരും അച്ഛന്‍മാരുമുണ്ട്. അവരുടെ പ്രതീക്ഷകള്‍ എല്ലാം പ്രളയം എടുത്താല്‍ എന്തു ചെയ്യും. അതുപോലൊരു സംഭവമാണ് വയനാട് മേപ്പാടിയില്‍ സംഭവിക്കുന്നത്. പുത്തുമലയുടെ സമീപ ഗ്രാമമായ ചൂരല്‍മലയിലെ റാബിയ(22) എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് അടുത്ത ഞായറാഴ്ച വരന്റെ കൈപിടിക്കുകയാണ്.
പുതുവസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ഒരുവിധം സ്വരുക്കൂട്ടി. വിരുന്നിനുള്ള ഒരുക്കങ്ങളും ഏറെക്കുറെ പൂര്‍ത്തിയായി. ഇനി മൈലാഞ്ചിയിട്ട് മൊഞ്ചത്തിയായി കാത്തിരിപ്പിന്റെ ദിനങ്ങള്‍. എന്നാല്‍, ആഹഌദത്തിന്റെ ആ ഇടവേളയ്ക്കുമേല്‍ കഴിഞ്ഞയാഴ്ചയുണ്ടായ പ്രകൃതിക്ഷോഭം നിഴല്‍വീഴ്ത്തി. മേപ്പാടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വീര്‍പ്പുമുട്ടുമ്പോഴും നവവധുവിന്റെ ചിരി വാടാതിരിക്കാന്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നു.
ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയ്ക്കു സമീപം ചൂരല്‍മലയിലെ പാലമ്പാടന്‍ പരേതനായ മൊയ്തീന്റെ മകളാണു റാബിയ. കഴിഞ്ഞ നാലിന് അവളുടെ നിക്കാഹ് കഴിഞ്ഞു. വിവാഹത്തോടനുബന്ധിച്ചുള്ള കൂട്ടിക്കൊണ്ടുപോകല്‍ ചടങ്ങ് 18നാണ്. വരന്‍ പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷാഫി. 13 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ എസ്‌റ്റേറ്റില്‍ കൂലിപ്പണിയെടുത്തു സമ്പാദിച്ച ചില്ലറത്തുട്ടുകള്‍ ചേര്‍ത്തുവച്ചാണു ജുമൈലത്ത് മകളുടെ വിവാഹത്തിന് ഒരുക്കങ്ങള്‍ നടത്തിയത്. വിവാഹാവശ്യത്തിനുള്ള സ്വര്‍ണം സംഭാവനയായി ലഭിച്ചു. സുരക്ഷിതത്വമോര്‍ത്ത് തൊട്ടടുത്തുള്ള ബന്ധുക്കളുടെ വീട്ടിലാണു സ്വര്‍ണം സൂക്ഷിച്ചത്. വിവാഹവസ്ത്രങ്ങള്‍ വീട്ടില്‍ത്തന്നെ സൂക്ഷിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച പേമാരിക്കൊപ്പം വെള്ളപ്പൊക്കവുമെത്തിയതോടെ സുരക്ഷിതസ്ഥാനത്തേക്ക് ഓടുമ്പോള്‍ എങ്ങനെയും ജീവന്‍ രക്ഷിക്കണമെന്നതു മാത്രമായിരുന്നു ചിന്ത. 'വീട്ടില്‍ മുഴുവന്‍ വെള്ളം കയറി. വിവാഹവസ്ത്രങ്ങളും സദ്യയ്ക്കായി ഒരുക്കിയ സാധനങ്ങളും നശിച്ചിട്ടുണ്ടാകും. അവിടെ എന്തു സംഭവിച്ചെന്നറിയില്ല. പിന്നീടങ്ങോട്ടു പോകാന്‍ കഴിഞ്ഞില്ല. വീടുണ്ടോയെന്നുപോലും അറിയില്ല' റാബിയ പറഞ്ഞു.
ജനങ്ങള്‍ ഇങ്ങനെ ദുരിതത്തില്‍പ്പെടുമ്പോള്‍ ദുരന്ത കാരണങ്ങളും പുറത്താകുകയാണ്. പശ്ചിമഘട്ടത്തിലെ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണം കനത്ത മഴയോടൊപ്പം അനിയന്ത്രിത ഖനനമെന്നും കനത്ത നാശംവിതച്ച അഞ്ചു ജില്ലകളിലായി പ്രവര്‍ത്തിക്കുന്നത് 1104 ക്വാറികളെന്നും പഠന റിപ്പോര്‍ട്ട്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ശാസ്ത്രജ്ഞന്‍ ഡോ. ടി.വി. സജീവനാണ് ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ എര്‍ത്ത്, ബിങ് മാപ്പ് എന്നിവ വഴി ദുരന്തമേഖലകളിലെ ക്വാറികളുടെ കണക്കുകള്‍ പുറത്തുവിട്ടത്.
കേരളത്തില്‍ 750 ക്വാറികള്‍ക്ക് മാത്രം മൈനിങ് ജിയോളജി വകുപ്പ് അനുമതി നല്‍കിയപ്പോഴാണ് ദുരന്തമേഖലകളായ വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, ഇടുക്കി എന്നീ അഞ്ചു ജില്ലകളില്‍ മാത്രം 1104 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. പശ്ചിമഘട്ട മേഖലയിലുണ്ടായ ഉരുള്‍പൊട്ടലുകള്‍ക്കു കാരണം ഖനനപ്രവര്‍ത്തനത്തിന്റെ ആഘാതംകൂടിയാണെന്ന് ഡോ. സജീവന്‍ പറഞ്ഞു.
ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ മലകളുടെ സമീപങ്ങളിലെല്ലാം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ പാറക്കല്ലുകള്‍ കഴുകാനും മറ്റുമായി വലിയതോതില്‍ ജലം സംഭരിച്ചുവച്ചിട്ടുമുണ്ട്. ഇത്തരം ജലസംഭരണികളും ഉരുള്‍പൊട്ടലിന് കാരണമാകുന്നു. ക്വാറികളിലെ സ്‌ഫോടനങ്ങള്‍ പശ്ചിമഘട്ടമലനിരകളെ ആകെ അസ്ഥിരപ്പെടുത്തുകയാണെന്നും കനത്തമഴ പെയ്യുമ്പോള്‍ ദുര്‍ബലമായിരിക്കുന്ന മലകള്‍ ഒറ്റയടിക്ക് ഒഴുകിപ്പോകാനുള്ള സാധ്യതയുമുണ്ടെന്നുമാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha






















