കശുവണ്ടി കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായിരിക്കെ കോടികളുടെ അഴിമതി; കെ.എ. രതീഷിനെ കൺസ്യൂമർ ഫെഡ് എം ഡിയാക്കാൻ നിർദ്ദേശിച്ചത് സിപി എം; പണിപാളിയതോടെ അഴിമതിക്കാരെ സർക്കാർ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന നിലപാടിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കശുവണ്ടി കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായിരിക്കെ കോടികളുടെ അഴിമതി നടത്തിയതിന്റെ പേരിൽ സി ബി ഐ അന്വേഷണം നടന്നു വരുന്ന കെ.എ. രതീഷിനെ കൺസ്യൂമർ ഫെഡ് എം സിയാക്കാൻ നിർദ്ദേശിച്ചത് സിപി എം. പാർട്ടിക്ക് ഏറെ പ്രിയപ്പെട്ട രതീഷിനെ എംഡിയാക്കാനുള്ള നീക്കം സംഭവം വാർത്തയായതോടെ പാളി. അഴിമതിക്കാരെ സർക്കാർ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കുകയും ചെയ്തു.
പതിനാല് പേരാണ് കൺസ്യൂമർ ഫെഡ് എം ഡി സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പിൽ മത്‌സരിച്ചത്. ഇതിൽ അഞ്ച് പേർ മാത്രമാണ് അഭിമുഖ പരീക്ഷയിൽ വിജയിച്ചത്. അതിൽ ഒന്നാമതെത്തിയത് രതീഷാണ്. വിജിലൻസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ രതീഷിന് നിയമനം നൽകാൻ കഴിയുകയുള്ളു. എന്നാൽ എല്ലാ കേസിലും വിജിലൻസ് ക്ലിയറൻസ് ആവശ്യമില്ല.വിജിലൻസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അംഗീകരിച്ചാൽ ധാരാളം മതിയാകും.സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് ഇന്റർവ്യൂ നടത്തിയത്. കെ എ രതീഷിന് ഒന്നാം റാങ്ക് നൽകിയത് മനപൂർവമാണെന്നും ആരോപണം ഉണ്ട് . രതീഷിനെതിരെയായ തോട്ടണ്ടി അഴിമതി ആദ്യം അന്വേഷിച്ചത് വിജിലൻസാണ്. അന്വേഷണത്തിൽ ഒരു അഴിമതിയും കണ്ടെത്താത്തതിനെ തുടർന്ന് ഇവർ കേസ് തീർപ്പാക്കി. കൺസ്യൂമർ ഫെഡിന്റെ തലപ്പത്ത് രതീഷിനെ കൊണ്ടുവരാനുള്ള വിജിലൻസ് അനുമതിക്ക് പ്രസ്തുത അന്വേഷണ റിപ്പോർട്ട് ധാരാളം മതിയാകും.നിയമപരമായി ഇത് നിലനിൽക്കുകയും ചെയ്യും.
രതീഷ് കശുവണ്ടി വികസന കോർപ്പറേഷനിൽ എം ഡി ആയിരിക്കെയാണ് തോട്ടണ്ടി ഇറക്കുമതി കേസിൽ അഴിമതി ആരോപണത്തിന് വിധേയനായത്. കോടി കണക്കിന് രൂപയുടെ അഴിമതി നടന്നു എന്നാണ് പ്രാഥമിക കണ്ടെത്തൽ. സംസ്ഥാനത്തെ ഒരു മുതിർന്ന മന്ത്രിക്കെതിരെയും അന്ന് ആരോപണം ഉയർന്നിരുന്നു. അഴിമതിയിൽ മന്ത്രിയുടെ ഉറ്റ ബന്ധു ഇടപ്പെട്ടു എന്നായിരുന്നു ആരോപണം. സി ബി ഐ കേസെടുത്ത രതീഷ് എം ഡി സ്ഥാനത്ത് നിന്ന് പുറത്തായി. ഹൈക്കോടതി നിർദ്ദേശാനുസരണമാണ് സി ബി ഐ അന്വേഷണം നടക്കുന്നത്. വിജിലൻസ് റിപ്പോർട്ട് തള്ളി കൊണ്ടായിരുന്നു ഹൈകോടതിയുടെ നടപടി.
സി പി എം സംസ്ഥാനകമ്മിറ്റിയാണ് വിവിധ സ്ഥാപനങ്ങളിൽ മാനേജിംഗ് ഡയറക്ടർമാരെ നിയമിക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അറിയാതെയാണ് മന്ത്രിയായിരുന്ന ഇപി ജയരാജൻ ശ്രീമതിയുടെ മകനെ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് നിയമിച്ചത്. ഇത് ജയരാജന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ചു. ജയരാജൻ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയെങ്കിലും നിയമനം നടത്തുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയാണ്. രതീഷിന്റെ നിയമനം മന്ത്രി കടകം പള്ളി സുരേന്ദ്രൻ അറിഞ്ഞിട്ടില്ല. കൺസ്യൂമർ ഫെഡ് സഹകരണ വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ്. വർഷം 3000 കോടിയാണ് കൺസ്യൂമർ ഫെഡിന്റെ ടേണോവർ. ഇവിടെ നടന്ന 1000 കോടിയുടെ അഴിമതിയെ കുറിച്ചുള്ള അന്വേഷണം ഒരിടത്തും എത്തിയില്ല.
രതീഷിന് ജോലി നൽകാൻ സി പി എം നേരത്തെ തീരുമാനിച്ചു. കൺസ്യൂർ ഫെഡ് എം ഡി സ്ഥാനത്ത് നിന്ന് സുകേശനെ ഒഴിവാക്കിയത് അതുകൊണ്ടാണ്. സുകേശനോട് സ്ഥാനം ഒഴിയാൻ സർക്കാർ ആവശ്യപ്പെട്ടെന്നാണ് സൂചന. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് സ്ഥാനം ഒഴിയുന്നതെന്ന് അദ്ദേഹത്തെ കൊണ്ട് പറയിച്ചു. തുടർന്നാണ് പുതിയ എം ഡിയെ നിയമിക്കാൻ സർക്കാർ അപേക്ഷ ക്ഷണിച്ചത്. അതിനിടെ രതീഷിന്റെ നിയമന വാർത്ത മാധ്യമങ്ങൾക്ക് ചോർത്തികൊടുത്തത് സി പി എമ്മിലെ ഒരു വിഭാഗമാണെന്നും റിപ്പോർട്ടുണ്ട്.
https://www.facebook.com/Malayalivartha






















