'ഗോള്‍മുഖത്തെ കടുവ' ഒളിംപ്യന്‍ മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ചന്ദ് പുരസ്‌കാരം

കായിക രംഗത്തെ ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ച് ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഏക മലയാളിയായ ഒളിംപ്യന്‍ മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ പുരസ്‌കാര നിര്‍ണയ സമിതി കേന്ദ്ര കായിക മന്ത്രാലയത്തിനു സമര്‍പ്പിച്ചു.
1972-ലെ മ്യൂണിക് ഒളിംപിക്‌സില്‍ ഹോളണ്ടിനെ തോല്‍പ്പിച്ചു വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോളിയായിരുന്നു 'ഗോള്‍മുഖത്തെ കടുവ' എന്നറിയപ്പെട്ടിരുന്ന മാനുവല്‍ ഫ്രെഡറിക്ക്. ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഏക മലയാളിയെന്ന നേട്ടവും കണ്ണൂര്‍ ബര്‍ണശേരി സ്വദേശിയായ മാനുവല്‍ ഫ്രെഡറിക്കിനു സ്വന്തം. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.
മ്യൂണിച്ചില്‍ വെങ്കലം നേടിയ ടീമിലെ എട്ടുപേര്‍ക്കു രാജ്യം അര്‍ജുന അവാര്‍ഡും രണ്ടു പേര്‍ക്കു പത്മഭൂഷണും നല്‍കിയപ്പോള്‍ മാനുവലിനു മാത്രം ഒരു ബഹുമതിയും ലഭിച്ചിരുന്നില്ല. കണ്ണൂര്‍ ബര്‍ണശേരി സ്വദേശിയായ മാനുവല്‍ ഫ്രെഡറിക്, ബര്‍ണശേരി ബിഇഎംയുപി സ്‌കൂള്‍ ടീമില്‍ 11-ാം വയസ്സില്‍ ഹോക്കി ടീമില്‍ അംഗമായതോടെയാണ് കരിയര്‍ ആരംഭിക്കുന്നത്. ഫുട്ബോളിനോടുള്ള കമ്പം പതിയെ ഹോക്കിയിലേക്കു മാറുകയായിരുന്നു. സ്‌കൂള്‍ കാലം കഴിഞ്ഞ് മിലിട്ടറിയില്‍ ചേര്‍ന്നതോടെയാണ് ദേശീയ ടീമില്‍ എത്തിയത്. പിന്നീട് ലോകം മുഴുവന്‍ ആരവമായ കളിക്കാലം.
16 ദേശീയ ചാംപ്യന്‍ഷിപ്പുകള്‍ ടൈ ബ്രേക്കറില്‍ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും ഇദ്ദേഹത്തിനു സ്വന്തം. ഏഴു വര്‍ഷം ഇന്ത്യന്‍ ജഴ്സി അണിഞ്ഞ മാനുവല്‍, രണ്ടു ലോകകപ്പില്‍ ഇന്ത്യയുടെ കാവലാളായി. 1973-ല്‍ ഹോളണ്ടില്‍ വെള്ളിയും 1978-ല്‍ അര്‍ജന്റീനയില്‍ ആറാം സ്ഥാനവും.
ഇംഗ്ലണ്ട്, ഈജിപ്ത്, പാക്കിസ്ഥാന്‍, ഹോളണ്ട്, പൂര്‍വ ജര്‍മനി, പശ്ചിമ ജര്‍മനി, മലേഷ്യ എന്നീ രാജ്യങ്ങളില്‍ ടെസ്റ്റ് പരമ്പരകള്‍. എട്ടു രാജ്യാന്തര ടെസ്റ്റ് വിജയം, ആര്‍മി സര്‍വീസ് കോര്‍ ടീമിനായി 21 നാഷനല്‍ കിരീടം, എച്ച്എഎല്ലിനായി ഏഴു നാഷനല്‍ കിരീടം, യുപിക്കും കര്‍ണാടകയ്ക്കും മോഹന്‍ ബഗാനും വേണ്ടി കിരീടങ്ങള്‍... നേട്ടങ്ങളേറെ കൊയ്‌തെടുത്തിട്ടും നേരിട്ടിരുന്ന അവഗണനയ്ക്കു കൂടിയാണ് ഈ പുരസ്‌കാര ലബ്ധിയോടെ വിരാമമാകുന്നത്.
https://www.facebook.com/Malayalivartha
























