കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കോടതി, നീനുവിന്റെ അച്ഛന്‍ കുറ്റക്കാരനല്ലെന്ന് കോടതി..... നീനുവിന്റെ സഹോദരനടക്കം 10 പ്രതികള്‍ കുറ്റക്കാര്‍, നാല് പ്രതികളെ വെറുതെ വിട്ടു.. 10 പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞു , ശിക്ഷ മറ്റെന്നാള്‍

കെവിന്‍ കേസില്‍ നീനുവിന്റെ സഹോദരന്‍ ഉള്‍പ്പെടെ പ്രധാന പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി. കേസില്‍ 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നാലു പ്രതികളെ വെറുതെ വിട്ടു. ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റെക്കോര്‍ഡ് വേഗത്തില്‍ വിധി പ്രസ്താവിച്ചത്.
ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മൂന്നു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറഞ്ഞത്.
ദുരഭിമാന കൊലയാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. അതേസമയം, കെവിന്റേത് ദുരഭിമാനകൊലയല്ലെന്നും ഇരുവിഭാഗവും ക്രിസ്ത്യാനികള്‍ ആയതിനാല്‍ ദുരഭിമാന കേസ് ആവില്ലെന്നാണ് പ്രതിഭാഗം പറഞ്ഞത്. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷിനോ ചാക്കോയും ഉള്‍പ്പടെ 14 പ്രതികളാണ് കെവിന്‍ വധക്കേസിലുള്ളത്. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍ തുടങ്ങി യഥാക്രമം ഇഷാന്‍, റിയാസ്, ചാക്കോ, മനു മുരളീധരന്‍, ഷെഫിന്‍, നിഷാദ്, ടിറ്റു ജെറാം, വിഷ്ണു, ഫസില്‍ ഷെരീഫ്, ഷീനു ഷാജഹാന്‍, ഷിനു നാസര്‍, റെമീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ ഒന്‍പതുപേര്‍ ജയിലിലാണ്; അഞ്ചുപേര്‍ ജാമ്യത്തിലും. ഏപ്രില്‍ 26ന് വിചാരണ തുടങ്ങി 90 ദിവസം വിചാരണ നടന്നു. വലിയകേസുകളില്‍ ഇത്രവേഗം വിചാരണ പൂര്‍ത്തിയാക്കുന്നത് അപൂര്‍വമാണ് അഭിഭാഷകര്‍ പറയുന്നു.
55 മുതലുകളുള്ള കെവിന്‍ വധക്കേസിന് സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വിചാരണ നീണ്ടു നിന്നത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും കോടതി ചര്‍ച്ച ചെയ്തു. 2018 മെയ് 28നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ(24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2018 മേയ് 27നാണ് പുലര്‍ച്ചെ മുഖ്യ സാക്ഷിയായ അനീഷിന്റെ വീട് ആക്രമിച്ച് പ്രതികള്‍ അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയത്. കൊല്ലം ജില്ലയിലെ തെന്മലയില്‍ ഇരുവരെയും എത്തിച്ചു.
തുടര്‍ന്ന് അനീഷിനെ പ്രതികള്‍ തിരികെ കോട്ടയത്ത് എത്തിച്ചു. 28ന് രാവിലെ 11ന് കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം, 27ന് കെവിനെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് ജോസഫ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് അകമ്പടി പോകണമെന്ന് പറഞ്ഞ് പരാതി മാറ്റിവെക്കുകയായിരുന്നു.
ഇത് കേസിലെ വിവാദങ്ങള്‍ക്ക് വഴിവെച്ചു. അന്നേദിവസം തന്നെ മകളെ കാണാനില്ലെന്ന് നീനുവിന്റെ പിതാവ് ചാക്കോ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കെവിന്റെ കൂടെ പോയാല്‍ മതിയെന്ന നീനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നീനുവിനെ കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന നിയാസും റിയാസുമാണ് ആദ്യം പോലീസ് പിടിയിലായത്. പിന്നീട് ഷാനു ചാക്കോയും അച്ഛന്‍ ചാക്കോ ജോണിനെയും അറസ്റ്റ് ചെയ്തു.
ആറ്റില്‍ മുങ്ങിമരിച്ചതെന്നായിരുന്നു കെവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കെവിനെ മുക്കിക്കൊന്നതാണെന്ന് ഫൊറന്‍സിക് വിഭാഗം കണ്ടെത്തി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്.ഐ ഷിബുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. കൈക്കൂലി വാങ്ങി പ്രതികള്‍ക്ക് സഹായം ചെയ്ത പോലീസുകാര്‍ക്കെതിരെയും നടപടിയുണ്ടായി.പ്രതികളും പോലീസുദ്ദ്യോഗസ്ഥരും തമ്മിലുള്ള ഫോണ്‍ സംഭാഷണിങ്ങള്‍ ഉള്‍പ്പടെ 238 പ്രമാണങ്ങള്‍ കോടതി മുമ്പാകെ പരിഗണിച്ചു.
113 സാക്ഷികളെയാണ് കേസിനായി കോടതി വിസ്തരിച്ചത്.
അതില്‍ ആറ് പേര്‍ കൂറുമാറി. വധശിക്ഷ വരെ ലഭിക്കാവുന്നവ 10 വകുപ്പുകളാണ് പ്രധാനമായും ചുമത്തിയത്. 302നരഹത്യ, 364 എതട്ടിയെടുത്തു വിലപേശല്‍,120 ബിഗൂഢാലോചന,449 ഭവനഭേദനം,321 പരിക്കേല്‍പ്പിക്കല്‍,342 തടഞ്ഞ് വെക്കല്‍,5062 ഭീഷണിപ്പെടുത്തല്‍,427 നാശം വരുത്തല്‍,201 തെളിവ് നശിപ്പിക്കല്‍,34 പൊതു ഉദ്ദേശത്തോടെ ഒന്നിച്ച് ചേരല്‍ എന്നീ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha





















