കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി

മീനാക്ഷിപുരത്ത് ബസ് സ്റ്റാന്‍ഡ് പരിസരത്തു സംശയാസ്പദമായി നിന്ന പത്താം ക്ലാസുകാരന്റെ (15 വയസ്സ്) സ്‌കൂള്‍ ബാഗില്‍ നിന്നു പൊലീസ് പിടികൂടിയതു രണ്ടു കിലോഗ്രാം കഞ്ചാവ്. ഒപ്പമുണ്ടായിരുന്ന പ്ലസ് ടു വിദ്യാര്‍ഥികളായ രണ്ടു പേരുടെ (17 വയസ്സ്) ബാഗിലുണ്ടായിരുന്നത് 1.5 കിലോഗ്രാം കഞ്ചാവും. എന്തിനാണ് ഇത്രയും കഞ്ചാവ് എന്ന പൊലീസിന്റെ ചോദ്യത്തിന് അവര്‍ മൂന്നു പേരും പറഞ്ഞ മറുപടിയിങ്ങനെ: 'വില്‍ക്കാന്‍...!'
എവിടെ നിന്നാണു കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിനുള്ള മറുപടി കേട്ട പൊലീസ് ഞെട്ടി, 'ട്രെയിനില്‍ ഒഡീഷയില്‍ പോയി വാങ്ങിയതാണ്!' കസ്റ്റഡിയിലെടുത്തപ്പോള്‍ കുട്ടികളിലൊരാള്‍ പറഞ്ഞതിങ്ങനെ: 'നാലു ദിവസത്തെ മെനക്കേടാണു സര്‍, സാധനം തിരിച്ചു തരണം.' ഒഡീഷയില്‍ പോയി കഞ്ചാവു കൊണ്ടുവരാന്‍ ഇവരെ സഹായിച്ചതു നെന്മാറ സ്വദേശിയായ 19 വയസ്സുകാരന്‍. ഈ നാലു പേര്‍ക്കും മുന്‍പരിചയമില്ല, പരിചയപ്പെട്ടതു സമൂഹമാധ്യമം വഴി. കുട്ടിയുടെ മൊഴി ഇങ്ങനെ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഒഡീഷ സ്വദേശിയുമായി പത്താം ക്ലാസുകാരനായ കുട്ടി സൗഹൃദത്തിലായി.
പണ്ടു കേരളത്തില്‍ അതിഥിത്തൊഴിലാളിയായിരുന്ന ഒഡീഷ സ്വദേശിക്കു മലയാളമറിയാം. ഒഡീഷ സ്വദേശിയുടെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ മലയാളികള്‍ ഏറെയുണ്ട്. കഞ്ചാവിനെക്കുറിച്ച് ഇവര്‍ ചാറ്റ് ചെയ്തു തുടങ്ങി. ഒഡീഷയില്‍ വിലക്കുറവില്‍ കഞ്ചാവു ലഭിക്കുമെന്നു കുട്ടി മനസ്സിലാക്കുന്നു. ഇവരുടെ ഫ്രണ്ട്‌സ് ലിസ്റ്റിലുള്ള നെന്മാറ സ്വദേശികളായ രണ്ടു പ്ലസ് ടു വിദ്യാര്‍ഥികളെയും 19 വയസ്സുകാരനെയും കുട്ടി പരിചയപ്പെടുന്നു. പിന്നീടാണ് ഇവര്‍ ഒരുമിച്ച് ഒഡീഷയില്‍ പോയി കഞ്ചാവു വാങ്ങാന്‍ തീരുമാനിച്ചത്. കൂട്ടുകാരന്റെ വീട്ടില്‍ നില്‍ക്കാന്‍ പോകുന്നെന്നു പറഞ്ഞാണു മൂന്നു പേരും വീട്ടില്‍ നിന്ന് ഇറങ്ങിയത്. 19 വയസ്സുകാരനെയും കൂട്ടി കോയമ്പത്തൂരിലെത്തി, അവിടെ നിന്നു ട്രെയിനിലാണ് ഒഡീഷയില്‍ പോയത്. കഞ്ചാവു വാങ്ങി തിരികെ വരുമ്പോഴായിരുന്നു അറസ്റ്റ്. പ്രായപൂര്‍ത്തിയാകാത്തവരെ കോടതി ജുവനൈല്‍ ഹോമിലേക്കു മാറ്റി. 19 വയസ്സുകാരനെ ജില്ലാ ജയിലിലേക്കും.
https://www.facebook.com/Malayalivartha





















