ബാലഭാസ്കറിന്റെ അപകടം സി ബി ഐ അന്വേഷിക്കില്ല; പിതാവ് ഉണ്ണി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനം സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയെങ്കിലും ഇനിയൊരു അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് പോലീസിന്റെ നിലപാട്

ബാലഭാസ്കറിന്റെ മരണത്തെ കുറിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്ന പിതാവിന്റെ ആവശ്യം സർക്കാർ അംഗീകരിക്കില്ല. പിതാവ് ഉണ്ണി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനം സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയെങ്കിലും ഇനിയൊരു അന്വേഷണത്തിന് പ്രസക്തിയില്ലെന്നാണ് പോലീസിന്റെ നിലപാട്.
ബാലഭാസ്കറിനെ ആരോ അപകടത്തിൽ പെടുത്തി എന്ന ധാരണയിലാണ് പിതാവ് നീങ്ങുന്നത്. പലരുമായി തന്റെ മകന് സാമ്പത്തിക ബന്ധം ഉണ്ടായിരുന്നതായും പിതാവ് കരുതുന്നു. അങ്ങനെയുള്ള ഒരാൾ അപകടത്തിൽ പെടുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന സംശയമാണ് പിതാവിന് ഉണ്ടായത്. ബാലഭാസ്കറിന്റെ ഭാര്യയുമായി അദ്ദേഹത്തിന്റെ മാതാപിതാക്കൾ നല്ല ബന്ധത്തിലായിരുന്നില്ല. ഇതും അന്വേഷണ ആവശ്യത്തിന് കാരണമായി. വിവാഹം കഴിഞ്ഞ ശേഷം ബാലഭാസ്ക്കറിന് സ്വന്തം കുടുംബവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നില്ല. അതും പിതാവിന്റെ ആരോപണങ്ങൾക്ക് കാരണമായിട്ടുണ്ട്.
പോലീസാകട്ടെ ഫോറൻസിക് പരിശോധനയാണ് നടത്തിയത്. ഡ്രൈവിംഗ് സീറ്റിന്റെ മുന്നിൽ പോലീസ് കണ്ടത് ഡ്രൈവർ അർജുന്റെ തലമുടിയാണ്. സീറ്റ് ബെൽറ്റിൽ കണ്ടത് അർജുന്റെ വിരൽ അടയാളങ്ങളാണ് . വാഹനത്തിന്റെ അമിത വേഗം അപകടത്തിന് കാരണമായി കണ്ടെത്തിയിട്ടുമുണ്ട്. അർജുൻ വാഹനം അമിത വേഗതയിൽ ഓടിച്ചത് എന്തു കൊണ്ടാണെന്ന് വ്യക്തമല്ല.100 - 120 കിലോമീറ്റർ വേഗതയിലാണ് വാഹനം ഓടിച്ചിരുന്നത്. അത് രാത്രികാലമായതു കൊണ്ടാകാമെന്ന് പോലീസ് കരുതുന്നു. രാത്രി സമയത്ത് ഓടുന്ന പല വാഹനങ്ങളും ഇതേ സ്പീഡിലായിരിക്കും.
സ്പീഡിനെ കുറിച്ച് പോലീസ് അർജുനോട് ചോദിച്ചെങ്കിലും വ്യക്തമായ ഒരു മറുപടി ലഭിച്ചില്ല. സ്പീഡ് മനപൂർവമായിരുന്നില്ല എന്നായിരുന്നു മറുപടി. അത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടുണ്ട്.
അർജുനെതിരെ മനപൂർവമല്ലാത്ത നരഹത്യയാണ് ചാർജ് ചെയ്തത്. ഇതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. തന്റെ മകനെ ഇല്ലാതാക്കിയ ഒരാളെ ഇത്തരത്തിൽ നിസാരവത്കരിക്കാമോ എന്ന ചോദ്യത്തിന് പോലീസിന്റെ കൈയിൽ മറുപടിയില്ല. സി പി എമ്മിലെ ചില ഉയർന്ന നേതാക്കൾ പ്രതികൾക്ക് വേണ്ടി ഇടപെട്ടു എന്ന തോന്നലും ബാലഭാസ്കറിന്റെ ബന്ധുക്കൾക്കുണ്ട്.
ബാലഭാസ്ക്കറിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യയും അവരുടെ വീട്ടുകാരുമായി പിതാവിന് യാതൊരു ബന്ധവുമില്ല. അത്യന്തം വേദനയോടെയാണ് ബാലഭാസ്കറിന്റെ കുടുംബം ജീവിക്കുന്നത്. മകൻ ഇല്ലാതായതോടെ കുടുംബത്തിലെ സമാധാനം തീർത്തും ഇല്ലാതായി. ഒപ്പം സാമ്പത്തിക ബാധ്യതകളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. എന്നാലും മകന് വേണ്ടി ഏതറ്റം വരെയും പോകാൻ പിതാവ് തയ്യാറാണ്.
https://www.facebook.com/Malayalivartha


























