അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി

മലയാളി സമൂഹത്തെ ഒന്നടങ്കം നടുക്കിയ കാലിഫോര്‍ണിയയിലെ മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസില്‍ പ്രതി അനില ബേബിക്കെതിരെയുള്ള നിയമനടപടികള്‍ക്ക് സാന്‍ ക്ലാര കൗണ്ടി കോടതിയില്‍ വിചാരണ നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചു. സെപ്റ്റംബര്‍ 10-ന് (അമേരിക്കന്‍ സമയം) കേസ് കോടതി പരിഗണിച്ചപ്പോള്‍, കേസില്‍ ആദ്യ ഹിയറിങ് പൂര്‍ത്തിയായി. പ്രതിയായ അനില ബേബിയെ കോടതിയില്‍ നേരിട്ട് ഹാജരാക്കിയിരുന്നു.
മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തിയ അനില, തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്. സായുധരായ പോലീസുകാരുടെ കനത്ത സുരക്ഷയിലാണ് ഇവരെ കോടതി മുറിയില്‍ എത്തിച്ചത്. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയ കോടതി, കേസ് വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു. അതുവരെ പ്രതി സാന്‍ ക്ലാര ജയിലില്‍ തന്നെ തുടരും.
മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ ക്രൂരമായ രണ്ടു കൊലപാതകങ്ങളാണ് നടന്നിരിക്കുന്നതെന്നും, ഒന്നാം ഡിഗ്രി മര്‍ഡര്‍ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കുറഞ്ഞത് 50 വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണിത്. പ്രഥമദൃഷ്ട്യാ തെളിവുകള്‍ ശക്തമായതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
വളരെ ചെലവേറിയ നിയമനടപടികളായതിനാല്‍ പ്രതി വക്കീലിനെ നിയമിക്കില്ലെന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, അമേരിക്കയിലെ അറിയപ്പെടുന്ന മലയാളി ക്രിമിനല്‍ അഭിഭാഷകന്‍ അറ്റോണി ഷോണ്‍ മാത്യൂ ജോര്‍ജാണ് അനില ബേബിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. നിയമവ്യവസ്ഥ പ്രകാരം പ്രതിഭാഗത്തിന് അഭിഭാഷകനെ വെയ്ക്കാനുള്ള അവകാശമുള്ളതിനാല്‍ അഭിഭാഷകന്റെ സാന്നിധ്യത്തിലാണ് പ്രതിഭാഗം തങ്ങളുടെ നിലപാടുകള്‍ അറിയിച്ചത്.
ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോണി മറീസ മക്കോയിനാണ് കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. കൊലപാതകം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും എന്തിനാണ് അടുത്ത സുഹൃത്തുക്കളായ രണ്ടുപേരെ പ്രതി ഇത്രയും ദാരുണമായി വധിച്ചതെന്ന കൃത്യമായ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍ വിചാരണവേളയില്‍ തുറന്നുസമ്മതിച്ചു. കൊല്ലപ്പെട്ട ആന്‍ മേരിയുടെയും അഞ്ജനാ ഹരിയുടെയും കുടുംബങ്ങള്‍ ഈ ചോദ്യത്തിന് മുന്നില്‍ ഇപ്പോഴും വിറങ്ങലിച്ചു നില്‍ക്കുകയാണെന്നും, പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കപ്പുറം കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള തീവ്ര അന്വേഷണം തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി.
കേസിലെ പ്രധാന ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിലും പോലീസിന് നിര്‍ണ്ണായക മുന്നേറ്റം ലഭിച്ചിട്ടുണ്ട്. സാന്‍ഹോസ പോലീസ് കൈമാറിയ വിവരങ്ങള്‍ പ്രകാരം, ഓഗസ്റ്റ് 28-ന് നടന്ന ആദ്യ കൊലപാതകത്തിന് ശേഷം തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആന്‍ മേരി മാത്യൂവിന്റെ വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പ്രതിയായ അനില ബേബി ഡിലീറ്റ് ചെയ്തിരുന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും, തിടുക്കത്തില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇറങ്ങി ഓടുന്നതിനിടെ സ്വന്തം ചെരിപ്പ് അവിടെ ഉപേക്ഷിച്ചതാണ് പ്രതിക്ക് വിനയായത്. ഈ ചെരിപ്പും ഫോറന്‍സിക് തെളിവുകളും കേസിലെ നിര്‍ണ്ണായക കണ്ണിയായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ആദ്യ കൊലപാതകത്തിന് ശേഷം വെറും 90 മിനിറ്റിനുള്ളില്‍ (ഒന്നര മണിക്കൂര്‍) മില്‍പിറ്റാസിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് എത്തിയ അനില, തൃശൂര്‍ സ്വദേശിനി അഞ്ജനാ ഹരിയെ ഫോണ്‍ വിളിച്ച് താഴേക്ക് വരുത്തുകയും തുടര്‍ന്ന് വാഹനം വേഗത്തില്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തുകയുമായിരുന്നു. രണ്ടു കൊലപാതകങ്ങളും കൃത്യമായ ആസൂത്രണത്തോടെ നടത്തിയതാണെന്ന് ശാസ്ത്രീയ ഫോറന്‍സിക് പരിശോധനകളിലൂടെ വ്യക്തമായിട്ടുണ്ടെന്ന് സാന്‍ഹോസ പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കൊല്ലപ്പെട്ട ആന്‍ മേരി മാത്യൂ, അഞ്ജനാ ഹരി എന്നിവരുടെ ഭൗതികശരീരങ്ങള്‍ ഇതുവരെ നാട്ടിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ബന്ധുക്കളെ കൂടുതല്‍ ദുഃഖത്തിലാഴ്ത്തുന്നു. അമേരിക്കയിലെ ഔദ്യോഗിക അന്വേഷണ നടപടികളും ഫോറന്‍സിക് പരിശോധനകളും പൂര്‍ത്തിയാകാത്തതാണ് മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ വൈകുന്നതിന് കാരണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് സംസ്‌കാരം നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.
സാന്‍ഹോസ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ഈ വര്‍ഷം സാന്‍ഹോസ നഗരത്തില്‍ നടക്കുന്ന 17-ാമത്തെ കൊലപാതകമാണിത്. കൊലപാതകം നടക്കുമ്പോള്‍ പ്രതിയുടെ വസ്ത്രങ്ങളില്‍ രക്തക്കറയും മുറിവുകളും ഉണ്ടായിരുന്നുവെന്നും, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മില്‍പിറ്റാസ് പോലീസ് പ്രതിയെ പിടികൂടിയതെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നുണ്ട്.
രണ്ടു കുടുംബങ്ങളെയും അനാഥമാക്കിയ ഈ കടുംകൈ എന്തിനാണ് അനില ചെയ്തതെന്ന കാര്യത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ്. പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി നല്‍കുന്ന വിവരങ്ങളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കി വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha

























