യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള സക്രാമെന്റോയിലെ ഒരു റസ്‌റ്റോറന്റിന് മുന്നില്‍ ചൊവാഴ്ചയായിരുന്നു സംഭവം. ശാലിനി ഠാക്കൂര്‍ എന്ന യുവതിയാണ് (38) കൊല്ലപ്പെട്ടത്. ശാലിനിയെ കുറച്ചുനാളുകളായി ശല്യം ചെയ്തിരുന്ന രോഹിത് എന്ന യുവാവ് ആണ് കൊലപാതകം നടത്തിയ ശേഷം ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. നേരത്തെ അരിസോണയില്‍ അധികൃതരുടെ കസ്റ്റഡിയിലായിരുന്ന രോഹിത്തിന് യുഎസില്‍ നിയമപരമായ കുടിയേറ്റ രേഖകളില്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവസമയത്ത് ശാലിനി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി പിന്നാലെ ഓടിയെത്തി വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി തവണ വെടിയേറ്റ യുവതി നിലത്തുവീണ ശേഷവും പ്രതി തൊട്ടടുത്തെത്തി തലയിലേക്ക് വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അധികൃതര്‍ അറിയിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വളഞ്ഞതോടെ ഹൈവേയില്‍ വച്ച് സ്വയം വെടിയുതിര്‍ത്ത് ഇയാളും ജീവനൊടുക്കുകയായിരുന്നു.
വെടിവയ്പ് സംബന്ധിച്ച് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി. റസ്‌റ്റോറന്റിന് സമീപം ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ശാലിനിയെ മെഡിക്കല്‍ സംഘം പരിശോധിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യുവതിയെ രോഹിത് ഒരു വര്‍ഷത്തോളമായി പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയിരുന്നെന്ന് ശാലിനിയുടെ അമ്മ സുധേഷ് കുമാരി പറഞ്ഞു. ശാലിനിയെ വിവാഹം കഴിക്കണമെന്നായിരുന്നു രോഹിതിന്റെ ആവശ്യം. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി ശാലിനി ഇത് നിരസിച്ചതായും അമ്മ വ്യക്തമാക്കി. ഭര്‍ത്താവ് മരിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഏക മകളെയും സുധേഷിന് നഷ്ടമായത്.
https://www.facebook.com/Malayalivartha


























