ആത്മഹത്യയായി കരുതിയ മേരിടീച്ചറുടെ മരണത്തിലെ ദുരൂഹത നീങ്ങിയപ്പോള്‍ ഭര്‍ത്താവ് പിടിയിലായി!

കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയായ കരിക്കോട്ടക്കരിയില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ തമിഴ് കൊലയാളികള്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയും, കൊല നടപ്പാക്കിയതിനു ശേഷം പൊലീസിനേയും നാട്ടുകാരേയും കുറച്ചുകാലം കബളിപ്പിച്ചു നിര്‍ത്താന്‍ സാധിക്കുകയും ചെയ്ത സാബു എന്ന ആസൂത്രകന്റെ പഴുതടച്ച ആസൂത്രണവും ബുദ്ധിസാമര്‍ഥ്യവും വളരെ ശ്രദ്ധപിടിച്ചുപറ്റി. ഒരു കൊലപാതകം നടത്താന്‍ സുഹൃത്തുക്കളെ കൂടെകൂട്ടുന്നതും ക്വട്ടേഷന്‍ കൊടുക്കുന്നതും ഒക്കെ കേരള സമൂഹത്തില്‍ പതിവുസംഭവങ്ങളായി മാറികഴിഞ്ഞു. എന്നാല്‍ ഒരാള്‍ തന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ അന്യസംസ്ഥാനക്കാരായ രണ്ടു തൊഴിലാളികള്‍ക്ക് കരാര്‍ കൊടുത്തത് കേരള മനസ്സാക്ഷിയെ തീര്‍ത്തും ഞെട്ടിച്ചു കളഞ്ഞു.
നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒക്കെ പ്രിയങ്കരിയായിരുന്നു മേരി ടീച്ചര്‍. പറക്കമുറ്റാത്ത രണ്ട് പെണ്‍കുട്ടികള്‍ക്കു വേണ്ടിയായിരുന്നു ടീച്ചറുടെ ജീവിതം. അതുകൊണ്ട് ഭര്‍ത്താവ് സാബുവില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നിരുന്ന പീഡനങ്ങളൊന്നും ടീച്ചര്‍ പുറത്ത് പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ തന്റെ സൈര്യവിഹാരത്തിന് തടസമാകുന്ന മേരി ടീച്ചറെ കൊലപ്പെടുത്തണം എന്ന് സാബു തീരുമാനിച്ചുറപ്പിച്ചു.
ചെങ്കല്‍പണയില്‍ സ്വന്തം ലോറികൊണ്ട് കല്ലുകച്ചവടം നടത്തുകയായിരുന്നു സാബു. അതിനിടയില്‍ രണ്ട് തമിഴ്‌നാട് സ്വദേശികളെ അവന്‍ പരിചയപ്പെട്ടു. അവരെ ഒപ്പം കൂട്ടി ഗൂഢാലോചന നടത്തി. ഒരു കൊലപാതകം നടത്താനുണ്ട് എന്ന് മാത്രമായിരുന്നു അവരോട് പറഞ്ഞിരുന്നത്.
ഭാര്യ മേരി ടീച്ചറെ ഈ ലോകത്തുനിന്ന് തുടച്ചുമാറ്റണം എന്ന് സാബു തീരുമാനിച്ച രാത്രി, ആ രണ്ടു തമിഴ്‌നാട് സ്വദേശികളും ട്രെയിന്‍ മാര്‍ഗം തലശേരിയിലും പിന്നീട് ഇരിട്ടിയിലുമെത്തി. സാബു മുന്‍കൂട്ടി നിര്‍ദേശം നല്‍കിയതനുസരിച്ച് രണ്ടുപേരും ഒരു സിനിമ കണ്ടശേഷം ഇരിട്ടി പാലത്തിനപ്പുറം പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമകേന്ദ്രത്തിനരികെ സാബുവിനായി കാത്തുനിന്നു. പക്ഷേ ഇതിനിടയില്‍ ഇരിട്ടി സ്റ്റേഷനിലെ എ.എസ്.ഐ പട്രോളിങ്ങിനെത്തിയപ്പോള്‍ ഇരുവരേയും കണ്ടു. എന്നാലും പിന്നീട് ആര്‍ക്കും സംശയം തോന്നാത്ത വിധം സാബു എത്തി ഇരുവരേയും ഓട്ടോറിക്ഷയില്‍ കയറ്റി സാബുവിന്റെ വീടിനരികിലേക്ക് എത്തിക്കുകയും ചെയ്തു.
വീട്ടിലെത്തിയ സാബു, വീട്ടിലെ ഫ്രിഡ്ജ് നന്നാക്കാനെന്ന വ്യാജേന അതെടുത്ത് ജീപ്പില്‍ വച്ചുകൊണ്ടുപോയി. ജീപ്പില്‍ ഫ്രിഡ്ജുമായി പമ്പില്‍ ഉള്‍പ്പെടെ ചെന്ന് വിശ്വാസ്യത വരുത്തുന്നതിലും സാബു വിജയിച്ചു. ക്വട്ടേഷന്‍ ടീമിലെ രണ്ടുപേരേയും കൂട്ടി സാബു രാത്രി പതിനൊന്നു മണിയോടെ തിരികെ ജീപ്പില്‍ വീട്ടിലെത്തി. സാഹചര്യമെല്ലാം അനുകൂലമാണെന്ന് ഉറപ്പുവരുത്തിയ സാബു രണ്ടുപേരേയും വീടിന്റെ പരിസരങ്ങളില്‍ ഒളിപ്പിച്ചു.
ഈ സമയം വീടിനകത്ത് കുട്ടികളെ പഠിപ്പിക്കുകയായിരുന്നു മേരി ടീച്ചര്‍. ജീപ്പിലുള്ള ഫ്രിഡ്ജ് എടുക്കാന്‍ ഒന്നു സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സാബു മേരി ടീച്ചറെ വിളിച്ച് പുറത്തിറക്കി. ഉള്ളില്‍ കുട്ടികള്‍ ഉറക്കച്ചടവില്‍ പഠനത്തില്‍ മുഴുകിയതും സാബു കണ്ടിരുന്നു. പിന്നീട് എല്ലാം ആസൂത്രണം പോലെ നടന്നു. സാബുവിന്റെ നിര്‍ദേശപ്രകാരം രണ്ടുപ്രതികളും ചേര്‍ന്ന് മേരി ടീച്ചറുടെ വായപൊത്തി. മുറിക്കുള്ളില്‍ ഇരിക്കുന്ന കുട്ടികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ടീച്ചര്‍ ശബ്ദമുണ്ടാക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നടന്നില്ല. മൂന്നുപേരും ചേര്‍ന്ന് മേരി ടീച്ചറെ എടുത്ത് സമീപത്തെ കിണറ്റിനരികിലേക്ക് നടന്നു.
ടീച്ചറുടെ എതിര്‍ത്ത് നില്‍പ്പുകളൊന്നും ഫലം കണ്ടില്ല. ടീച്ചറെ മൂന്നുപേരും ചേര്‍ന്ന് കിണറ്റിലിട്ടു.പക്ഷേ കിണറ്റിനുള്ളില്‍ കിടന്നും ടീച്ചര്‍ ജീവനുവേണ്ടി പൊരുതി. കിണറ്റിലെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചുകിടക്കാന്‍ തുടങ്ങിയതോടെ സാബുവും കൂട്ടരും പൈപ്പ് മുറിച്ചു. അതോടെ കിണറിന്റെ പടവില്‍ പിടിച്ച് ജീവന്‍ നിലനിര്‍ത്താന്‍ നോക്കിയ ടീച്ചറെ സാബുവിന്റെ നിര്‍ദേശപ്രകാരം അവര്‍ ഏണി ഉപയോഗിച്ച് വെള്ളത്തിലേക്ക് ഇടിച്ചു താഴ്ത്തി. എന്നിട്ടും മരണത്തിന് കീഴടങ്ങാതെ പൊന്തിവന്ന ടീച്ചറുടെ മരണം ഉറപ്പാക്കാന്‍ ഒരാള്‍ കയര്‍ കെട്ടി കിണറ്റില്‍ ഇറങ്ങി. മുടിയില്‍ പിടിച്ച് വെള്ളത്തില്‍ താഴ്ത്തി ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കി.
ഈ ശബ്ദങ്ങളൊന്നും ടീച്ചറുടെ വീട്ടിലോ സമീപത്തെ വീട്ടിലോ എത്തിയില്ല. കൊല നടത്തിയതിനു ശേഷം നടന്നാണ് തമിഴ് കൊലയാളികള്‍ അവിടം വിട്ടത്. അത്രയും നേരം കാത്തിരുന്നതിനു ശേഷം ടീച്ചറെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും ആത്മഹത്യ ചെയ്തതാവാനാണ് സാധ്യത എന്നും സാബു ബന്ധുക്കളേയും അയല്‍വീട്ടിലും അറിയിച്ചു. ഭാര്യ ആത്മഹത്യ ചെയ്തതാണെന്ന്് ബന്ധുക്കളേയും നാട്ടുകാരെയും വിശ്വസിപ്പിക്കാന്‍ കഴിഞ്ഞ ആശ്വാസത്തില്‍ സാബു കഴിയുമ്പോള്‍ പോലീസിന്റെ കണ്ണുടക്കിയത് സാബുവിന്റെ ആസൂത്രണത്തില്‍ വന്ന ഒരു കൈപ്പിഴവിലായിരുന്നു.
ആരുടേയും കണ്ണില്‍പ്പെടാതെ കൊലയാളികളെ എത്തിക്കാനും കൊല നടപ്പാക്കാനും കഴിഞ്ഞെങ്കിലും മേരിടീച്ചറെ കൊലപ്പെടുത്താന്‍ കൊണ്ടുവന്ന ഏണി കിണറ്റില്‍ നിന്ന് എടുത്തുമാറ്റാതിരുന്നതും ടീച്ചര്‍ പ്രാണരക്ഷാര്‍ഥം മോട്ടോറില്‍ പിടിച്ചപ്പോള്‍ പൈപ്പ് മുറിച്ചതും വിനയായി.
അതോടെ ആ മലയിടുക്കിലെ സാബുവിന്റെ മുന്‍കാലങ്ങളെക്കുറിച്ചായി പൊലീസ് അന്വേഷണം. ഇതിനിടയില്‍ ഇരിട്ടി പാലത്തിന് സമീപത്തുനിന്ന് കൊലപാതക രാത്രിയില്‍ പട്രോളിങ്ങിനിടെ പൊലീസ് ചോദ്യം ചെയ്ത രണ്ടു തമിഴ് യുവാക്കളിലേക്ക് അന്വേഷണം നീണ്ടു. കൊലയ്ക്ക് ശേഷം കേരളം വിട്ട ആ രണ്ടു കൊലയാളികള്‍ക്കായി പൊലീസ് തമിഴ്‌നാട് അരിച്ചുപെറുക്കി.
തമിഴ്‌നാട്ടില്‍ നിന്ന് രണ്ടുപേരേയും സാഹസികമായി പൊലീസ് പിടികൂടിയതോടെ സാബുവിനേയും കസ്റ്റഡിയിലെടുത്തു. ഇതിനിടെ ടീച്ചറുടെ കയ്യില്‍ നിന്ന് കവര്‍ന്ന സ്വര്‍ണവും പൊലീസ് കണ്ടെടുത്തു. രണ്ടരലക്ഷം രൂപക്കാണ് ക്വട്ടേഷനെന്നും പ്രതികള്‍ സമ്മതിച്ചു.. തെളിവുകളെല്ലാം ശേഖരിച്ചുള്ള പൊലീസ് ചോദ്യം ചെയ്യലില്‍ വിദഗ്ധനായ ആ കൊലയാളി ഒടുവില്‍ കീഴടങ്ങി.
ഏത് വിദഗ്ദ കുറ്റവാളിയും തന്നെ പിടിക്കാനുള്ള ഒരു തെളിവ് അവശേഷിപ്പിക്കുമെന്ന കുറ്റാന്വേഷണശാസ്ത്രത്തിലെ നിഗമനം ഇവിടേയും അര്‍ഥവത്തായി. ഒരു ആത്മഹത്യയായി മാറിയ മരണം കൊലപാതകമായത് ആകസ്മികമായി മാത്രം. കേരള പൊലീസിലെ മിടുക്കന്‍മാരായ ഇത്തരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം ഒരു സല്യൂട്ട്!
https://www.facebook.com/Malayalivartha