കണ്ണൂരിലെ മരുമകന്റേയും അമ്മാവന്റേയും വിവാഹ തട്ടിപ്പുകഥകള്‍ ഇങ്ങനെ...

നാലാമത്തെ വിവാഹത്തിന് ഒരുക്കം കൂട്ടി വധുവിന്റെ വീട്ടുകാരില്‍ നിന്നും പണം ഉള്‍പ്പടെ വാങ്ങിയ ശേഷം മറ്റൊരു വിവാഹം ഉറപ്പിച്ച 'തട്ടിപ്പ് വരനും' കൂട്ടാളികളും പയ്യന്നൂരിനടുത്ത് അറസ്റ്റിലായി. വയക്കര സ്വദേശിയും കോറോം കൂര്‍ക്കര പാല്‍ സൊസൈറ്റിക്ക് സമീപത്തെ താമസക്കാരനുമായ എ. യൂനസ് (35), യൂനസിന്റെ ബന്ധുക്കളായി ചമഞ്ഞെത്തിയ പെരിങ്ങോം പെടേനയിലെ കൃഷ്ണന്‍ എന്ന സുബൈര്‍ (56), അരവന്‍ചാല്‍ കാഞ്ഞിരപൊയിലിലെ ലക്ഷ്മണന്‍ (54) എന്നിവരാണ് അറസ്റ്റിലായത്.
തളിപ്പറമ്പ് ചെറിയൂരിലെ മു്‌സ്‌ലീം യുവതിയും യൂനസുമായുള്ള വിവാഹം തീരുമാനപ്രകാരം ഈ മാസം പന്ത്രണ്ടിന് നടക്കേണ്ടതായിരുന്നു. വിവാഹത്തലേന്ന് സ്വര്‍ണവും വിവാഹ വസ്ത്രങ്ങളും വാങ്ങുന്നതിനായി പോകുന്നുവെന്ന് പറഞ്ഞ് മുങ്ങിയ ഇയാളെ കാണാതായി എന്ന് 'വരന്റെ ബന്ധുക്കള്‍' വധൂഗൃഹത്തില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വധുവിന്റെ ബന്ധുക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. തൊട്ടുപിന്നാലെ 'വരന്റെ ബന്ധുക്കളും' പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി.
വധുവിന്റെ വീട്ടില്‍ രണ്ടായിരം ക്ഷണിതാക്കള്‍ക്കുള്ള ബിരിയാണിയുള്‍പ്പെടെയുള്ള വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ചപ്പോഴാണ് വരനെ കാണാനില്ലെന്ന വിവരമെത്തിയത്. കാണാതായത് മുതല്‍ വരന്റെ മൊബൈല്‍ഫോണ്‍ സ്വിച്ഛ് ഓഫായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പയ്യന്നൂര്‍ പോലീസ് ഇയാളേയും കൂട്ടാളികളേയും കണ്ടെത്തുകയും പിടികൂടുകയും ചെയ്തത്.
തലേദിവസം ഉച്ചയോടെ സ്വര്‍ണവും വസ്ത്രങ്ങളും വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വരന്‍ പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല എന്ന വിവരമാണ് അറിയുന്നത്. രണ്ടര ലക്ഷം രൂപ വധുവിന്റെ വീട്ടുകാര്‍ നല്‍കണമെന്ന വ്യവസ്ഥയിലാണ് വിവാഹം കഴിക്കാമെന്ന് ഇയാള്‍ സമ്മതിച്ചതെന്നു പറയുന്നു. 1,20,000 രൂപ കൈപ്പറ്റിയിരുന്നുവെന്നും പിടിയിലായ സഹായികള്‍ പോലീസിനോട് പറഞ്ഞു. ബാക്കി പണം വിവാഹ ദിവസം നല്‍കാമെന്നായിരുന്നു ധാരണ.
വധൂഗൃഹത്തില്‍ വിവാഹമുറപ്പിക്കാനായി അമ്മാവനായാണ് കൃഷ്ണനെത്തിയത്. അടുത്ത ബന്ധുവെന്ന നിലയിലാണ് ലക്ഷ്മണന്‍ വേഷം കെട്ടിയത്. വിവാഹ ദല്ലാളായി എത്തിയ ഒരാളെ പോലീസ് അന്വേഷിച്ചു വരികയാണ്. ദല്ലാള്‍ കമ്മീഷന്‍ ഇനത്തില്‍ നാലായിരം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം.
യൂനസ് മുമ്പ് മൂന്ന് വിവാഹം കഴിച്ചിരുന്നതായും കേസിനാസ്പദമായ സംഭവത്തിന് പുറമെ തൃക്കരിപ്പൂരില്‍ മറ്റൊരു വിവാഹമുറപ്പിച്ച് അഡ്വാന്‍സ് വാങ്ങിയതായും പോലീസ് കണ്ടെത്തിയതായി പയ്യന്നൂര്‍ എസ്ഐ ശ്രീജിത്ത് കൊടേരി പറഞ്ഞു. സഹായികളേയും കൂട്ടി വിവാഹമുറപ്പിച്ച് പണം വാങ്ങി മുങ്ങുന്ന തട്ടിപ്പാണ് ഇയാള്‍ നടത്തി വന്നതെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha

























