പോളിഗ്രാഫ് ടെസ്റ്റിന് വിധേയയാകണമെങ്കില്‍ ചാച്ചനോട് അനുവാദം വാങ്ങണമെന്ന് പറഞ്ഞ് പൊലീസുകാരുടെ അടുത്ത് നിന്ന് ഫോണിൽ ജോളിയാമ്മ ജോസഫ് സംസാരിച്ചത് മറ്റൊരാളോട്; പൊളിച്ചടുക്കി അന്വേഷണ സംഘം

മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരകളിൽ ഒന്നിനുപുറകെ ഒന്നായി ജോളിക്കെതിരെ തെളിവുകൾ ശക്തമാകുമ്പോൾ ഒരിക്കൽപോലും ജോളിയാമ്മ ജോസഫ് കരുതിയിരുന്നില്ല താൻ പിടിക്കപ്പെടുമെന്ന്. അത്രത്തോളം തിരക്കഥയെഴുതി നടപ്പിലാക്കിയതായിരുന്നു ജോളി ഓരോ കൊലപാതകവും നടപ്പിലാക്കിയത്. രണ്ടുമാസത്തോളം വേഷം മാറിയും വടക്കന്‍ ഭാഷ വിദഗ്ദമായി കൈകാര്യം ചെയ്തുമൊക്കെയാണ് തെളിവുകള്‍ തേടി ഉദ്യോഗസ്ഥര്‍ നടന്നത്.
എന്‍.ഐ.ടിയിലും ജോളിയുടെ ജന്മനാടായ കട്ടപ്പനയിലുമൊക്കെ വേഷം മാറി ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. കുഞ്ഞുകാര്യങ്ങള്‍ പോലും അവര്‍ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു. കസ്റ്റഡിയിലെടുത്ത ശേഷം ജോളിയിറക്കിയ പല അടവുകളെയും അന്വേഷണ ഉദ്യോഗസ്ഥർ തകർത്ത് തരിപ്പണമാക്കി. പോളിഗ്രാഫ് ടെസ്റ്റിന് വിധേയയാകണമെങ്കില്‍ ചാച്ചനോട് അനുവാദം വാങ്ങണമെന്ന് പറഞ്ഞ് പൊലീസുകാരുടെ അടുത്ത് നിന്ന് ജോളി വേറെയാളെ ഫോണ്‍ ചെയ്തത് പൊളിച്ചടക്കാന്‍ പൊലീസിന് സാധിച്ചത് ഇതേ നിരീക്ഷണം കൊണ്ടായിരുന്നു. വിളിച്ചത് ചാച്ചനെയല്ലെന്നും, അദ്ദേഹം സംസാരിക്കുന്ന രീതി ഇങ്ങനെയല്ലെന്നും പൊലീസുകാര്‍ കണ്ടെത്തിയത് ജോളിയെപ്പോലും അദ്ഭുതപ്പെടുത്തി. അത്രത്തോളം സൂക്ഷ്മമായാണ് ഉദ്യോഗസ്ഥര്‍ കേസ് കൈകാര്യം ചെയ്തിരുന്നത്.
അസ്വഭാവികത ഇല്ലെന്ന് പറഞ്ഞ് തള്ളിയ കേസ് കൊലപാതക കേസായി മാറിയതിന് നിമിത്തമായത് റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയിലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ജീവന്‍ ജോര്‍ജ് നടത്തിയ രഹസ്യാന്വേഷണമാണ്. ഇതിലാണ് എന്‍.ഐ.ടി ഉദ്യോഗസ്ഥയല്ലയെന്നുള്‍പ്പെടെയുള്ള കള്ളികള്‍ വെളിച്ചത്ത് വന്നത്. തുടര്‍ന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടാക്കി എസ്.പി.കെ.ജി സൈമണ് സമര്‍പ്പിച്ചു.
കൂടത്തായിയിലെ ദുരൂഹമരണങ്ങൾ കൊലപാതകമാണെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥർക്കു റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഗുഡ് സർവീസ് എൻട്രിയും ലഭിച്ചിരുന്നു. കൊലപാതകപരമ്പരയുടെ ആദ്യഘട്ട അന്വേഷണത്തിനു നേതൃത്വം നൽകിയ സംഘത്തിനാണ് ഈ അംഗീകാരം ലഭിച്ചത്. അന്വേഷണം ഏകോപിപ്പിച്ച അഡീഷനൽ എസ്പി ടി.കെ.സുബ്രഹ്മണ്യൻ, അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ.ഇസ്മായിൽ, എസ്ഐ ജീവൻ ജോർജ്, എഎസ്ഐമാരായ കെ.രവി, പി.കെ.സത്യൻ, കെ.പത്മകുമാർ, എം.യൂസഫ്, പി.പി.മോഹനകൃഷ്ണൻ, സീനിയർ സിപിഒ എം.പി.ശ്യാം എന്നിവരാണ് ആദ്യഘട്ട അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കുടുംബത്തിലെ ദുരൂഹമരണങ്ങളിൽ സംശയം പ്രകടിപ്പിച്ച്, മരിച്ച റോയ് തോമസിന്റെ സഹോദരങ്ങളായ റോജോയും രഞ്ജിയും ജില്ലാ പൊലീസ് മേധാവിക്കു സമർപ്പിച്ച പരാതിയിലായിരുന്നു തുടക്കം. ആദ്യം താമരശ്ശേരി ഡിവൈഎസ്പിക്കു കൈമാറിയെങ്കിലും സ്വത്തു തർക്കത്തിന്റെ ഭാഗമായുള്ള പരാതിയെന്നു കണക്കാക്കി അന്വേഷണം മുന്നോട്ടു പോയില്ല. ഇതിനിടെയാണു കെ.ജി.സൈമൺ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റത്.അദ്ദേഹം പരാതി ജില്ലാ സ്പെഷൽ ബ്രാഞ്ചിനു കൈമാറി. രണ്ടര മാസം നീണ്ട സ്പെഷൽ ബ്രാഞ്ച് അന്വേഷണത്തിലാണ് 6 മരണങ്ങളും കൊലപാതകമാണെന്ന സംശയത്തിലേക്കു പൊലീസ് എത്തിയത്. മരിച്ച 6 പേരുടെയും കല്ലറ പൊളിക്കാനുള്ള അനുമതി തേടുന്നതുവരെ അതീവരഹസ്യമായിട്ടായിരുന്നു പൊലീസിന്റെ അന്വേഷണം.
https://www.facebook.com/Malayalivartha






















