തുറവൂരില്‍ ഉത്സവത്തിനിടെ പാപ്പാന്‍മാരെ കുത്തിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍

തുറവൂര്‍ മഹാക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കഴിഞ്ഞ മാസം 26-ന് രാത്രി 9.30-ഓടെ ആനപ്പാപ്പാന്‍മാരെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പിടിയിലായ മൂന്ന് യുവാക്കളെ ചേര്‍ത്തല കോടതി റിമാന്റ് ചെയ്തു. തൈക്കല്‍ ഒരാഞ്ചുപറമ്പില്‍ വിഷ്ണു (20), തൈക്കല്‍ നികര്‍ത്തില്‍ ടോണി (26), തൈക്കല്‍ നിവര്‍ത്തില്‍ അനന്തു (22) എന്നിവരെയാണ് റിമാന്റ് ചെയ്തത്.
ദീപാവലി വലിയ വിളക്ക് ഉത്സവത്തിന്റെ എഴുന്നള്ളത്ത് കഴിഞ്ഞ് ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് ആനയെ തളച്ചശേഷം വിശ്രമമുറിയില്‍ എത്തിയ പാപ്പാന്മാരായ തൃശൂര്‍ സ്വദേശി നെബു (28), ചേര്‍ത്തല സ്വദേശി ശരത്ത് (36) എന്നിവരെയാണ് യുവാക്കള്‍ ആക്രമിച്ചത്. നെബുവിന്റെ മുതുകില്‍ മൂന്ന് കുത്തേറ്റു. ശരത്തിനെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ചു. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നു.
കുത്തിയതോട് പൊലീസ് അക്രമികളെ പിടികൂടിയത് സമീപത്തെ കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന സിസി ടിവി ചിത്രങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ്. പിടിയിലായ വിഷ്ണുവിന്റെ പേരില്‍ പട്ടണക്കാട് സ്റ്റേഷനില്‍ നാല് കേസും അനന്തുവിന്റെ പേരില്‍ ചേര്‍ത്തല സ്റ്റേഷനില്‍ ഒരു കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























