തകര്‍ത്തുകളഞ്ഞില്ലേ... ബസും കാറും കൂട്ടിയിടിച്ച് ഓവര്‍സിയര്‍മാരായ ദമ്പതികള്‍ മരിച്ചതോടെ ഒറ്റയ്ക്കായി മകള്‍ ഇഷാനി; അച്ഛനും അമ്മയും പോയതറിയാതെ അവരെ കാണണമെന്ന് പിണങ്ങിയ പൊന്നുമോള്‍ക്ക് അവസാനമായി കാണിച്ച് കൊടുത്തത് രണ്ട് പെട്ടികള്‍; ഒന്നും കാണാനാകാതെ കരഞ്ഞ് തളര്‍ന്ന് ബന്ധുക്കള്‍

അപകടങ്ങള്‍ ഒരു കുടുബത്തിന്റെ ആണിക്കല്ലെടുക്കുമെന്ന് പറയുന്നത് എത്ര ശരിയാ. ചെറിയൊരശ്രദ്ധ, അത് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും സംഭവിക്കുന്നത് വലിയൊരു ഗ്യാപ്പാണ്. ഒരിക്കലും നികത്താനാകാത്ത ഗ്യാപ്പ്. കൊല്ലം പാരിപ്പള്ളിയിലാ ഈ ദാരുണ സംഭവമുണ്ടായത്. കല്യാണത്തിന് പോയ തിരുവനന്തപുരം നെയ്യാറ്റിന്‍കര ഊരുട്ടുകാല തിരുവോണത്തില്‍ ജനാര്‍ദനന്‍ നായരുടെ മകനും പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷന്‍ ഓവര്‍സീയറുമായ 28 വയസുള്ള ജെ.രാഹുലിനും, 24 വയസുള്ള ഭാര്യയും അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ഓവര്‍സീയറുമായ സൗമ്യയ്ക്കുമാണ് ദാരുണാന്ത്യമുണ്ടായത്. തിങ്കളാഴ്ച രാവിലെ രണ്ട് വയസുകാരി മകള്‍ ഇഷാനിയെ രാഹുലിന്റെ അമ്മ ശ്രീജയുടെ കൈയില്‍ ഏല്‍പ്പിച്ചാണ് കൊല്ലത്ത് ബന്ധുവിന്റെ കല്യാണത്തിന് പങ്കെടുക്കാന്‍ പോയത്. പാരിപ്പള്ളിയില്‍വെച്ച് എതിരേവന്ന കെ.എസ്.ആര്‍.ടി.സി. വോള്‍വോ ബസുമായി കൂട്ടിമുട്ടിയാണ് ഇരുവരും മരിച്ചത്.
കൊല്ലം ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്നു പുറത്തെടുത്തപ്പോഴേക്കും ഇരുവരും മരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
ആയൂര്‍ ഇളമാട് തേവന്നൂര്‍ സൗമ്യ നിവാസില്‍ സരസ്വതി അമ്മയുടെയും പരേതനായ സുന്ദരന്‍ പിള്ളയുടെയും മകളാണ് സൗമ്യ. പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓവര്‍സീയര്‍ ആയിരുന്ന സൗമ്യയ്ക്കു മൂന്നു മാസം മുന്‍പാണ് അഞ്ചലിലേക്കു സ്ഥലം മാറ്റം കിട്ടിയത്.
രാഹലിന്റെയും ഭാര്യ സൗമ്യയുടെയും മൃതദേഹങ്ങള്‍ രാത്രി ഊരൂട്ടുകാലയിലെ വസതിയിലെത്തിച്ചപ്പോള്‍ അലമുറയിട്ട കരച്ചിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. രണ്ടു വയസുള്ള മകള്‍ ഇഷാനി സൗമ്യയുടെ അമ്മ സരസ്വതിയമ്മയുടെ കയ്യിലാണ് ഇഷാനി ഇരുന്നത്. പപ്പേം മമ്മീം എവിടെപ്പോയെന്ന് കുഞ്ഞ് ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നുണ്ടായിരുന്നു. എല്ലാ സങ്കടവും കടിച്ച് പിടിച്ച് കല്യാണത്തിന് പോയിരിക്കുവാ എന്നാണ് പറഞ്ഞത്. അതിനപ്പുറം കുഞ്ഞിനെ ആശ്വസിപ്പാനാര്‍ക്കുമായില്ല. അവസാനം കുട്ടിയെ അമ്മയേയും അച്ഛനേയും അവസാനമായി കാണിച്ചു. വല്ലാത്തൊരവസ്ഥയായിരുന്നു.
ഈ പൊന്നുകുഞ്ഞിന് ഇനി ആരു പാലുകൊടുക്കുമെന്ന് ആരെങ്കിലും പറയു... എന്ന മുത്തശ്ശിയുടെ പൊട്ടിക്കരച്ചില്‍ കേട്ടുനിന്നവരുടെ ചങ്ക് പറിച്ചു. വിധിയുടെ അപ്രതീക്ഷിത പ്രഹരത്തില്‍ തകര്‍ന്നുപോയ യുവമിഥുനങ്ങളുടെ സ്വപ്നത്തിന്റെ നിറകുടമായി അപ്പോഴും ആ മുത്തശ്ശിയുടെ കയ്യില്‍ ഇഷാനിയുണ്ടായിരുന്നു. ആള്‍ക്കൂട്ടം കണ്ടു പകച്ചും പെട്ടിക്കുള്ളില്‍ അച്ഛനുമമ്മയും കിടക്കുന്നതിന്റെ പൊരുളറിയാതെയും തന്നെ കണ്ടിട്ടും അവര്‍ എഴുന്നേറ്റുവരാത്തതെന്ന് അമ്പരന്നും.
ഇവരുടെ മൃതദേഹങ്ങള്‍ രാത്രി എട്ടരയോടെ ഊരൂട്ടുകാലായിലെ വീട്ടിലെത്തുമ്പോള്‍ അപകടത്തിന്റെ ആഘാതത്തിലും അന്ധാളിപ്പിലും തകര്‍ന്ന നിലയിലായിരുന്നു ബന്ധുക്കള്‍ നൊമ്പരക്കാഴ്ചയായിരുന്നു രണ്ടു വയസില്‍ മാതാപിതാക്കളെ നഷ്ടമായ ഇഷാനി. കുഞ്ഞിനെ രാഹുലിന്റെ അമ്മയെ ഏല്‍പിച്ചാണ് ഇരുവരും ഇന്നലെ രാവിലെ പുറപ്പെട്ടത്.
രാത്രി പത്തരയോടെ നെയ്യാറ്റിന്‍കര നിന്ന് മൃതദേഹങ്ങള്‍ സൗമ്യയുടെ വീട്ടിലേക്കു കൊണ്ടു പോയി. ഇരുവരുടെയും സംസ്‌കാരം ഇന്ന് രാവിലെ സൗമ്യയുടെ ആയൂരിലെ വീട്ടില്‍ നടക്കും. അങ്ങനെ പൊന്നുമോളെ ഒറ്റയ്ക്കാക്കി ഇരുവരും യാത്രയാകുകയാണ്. വാര്‍ത്തയറിഞ്ഞ് ഒരു പരിചയവുമില്ലാത്തവരുടെ കണ്ണുകള്‍ പോലും പൊടിയുകയാണ്.
https://www.facebook.com/Malayalivartha



























