വനംവകുപ്പും നാട്ടുകാരും ഇരുമ്പകച്ചോലയില്‍ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ഊര്‍ജ്ജിതശ്രമം തുടരുന്നു

കാഞ്ഞിരപ്പുഴയ്ക്കടുത്ത് ഇരുമ്പകച്ചോലയില്‍ നാട്ടിലിറങ്ങിയ കടുവയെ കാട്കയറ്റാന്‍ പ്രദേശവാസികളും വനംവകുപ്പും സംയുക്തശ്രമം നടത്തുകയാണ്. ഇന്നലെ കാലത്ത് പത്തുമണിയോടെയാണ് നാട്ടിലിറങ്ങിയ കടുവയെ കാടിനുള്ളിലേക്ക് കടത്താനുള്ള ശ്രമം തുടങ്ങിയത്.
പാലക്കയം ഫോറസ്റ്റ് ഡിവിഷന്റേയും പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് ശ്രമം. കടുവയെ കണ്ടെന്ന് പറയപ്പെടുന്ന മലയോര മേഖലയില്‍ മുപ്പതോളം പേരാണ് തിരച്ചിലില്‍ പങ്കെടുത്തത്. ഇരുമ്പകച്ചോല ഇഞ്ചിക്കുന്ന് മലയുടെ അടിവാരത്തില്‍ ആണ് പരിശോധന നടത്തിയത്. പരിശോധനയില്‍ വെറ്റില ചോലമലയുടെ മുകള്‍വശത്ത് കടുവ കൊന്നതായി കരുതുന്ന കാട്ടുപന്നിയുടെ ജഡം കണ്ടെത്തി.
തുടര്‍ന്ന് വനംവകുപ്പിന്റെ നേതൃത്വത്തില്‍ സായുധസംഘം മലയുടെ മുകളില്‍ കയറുകയും പാറയുടെ മുകളില്‍ കടുവയെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും കടുവയെ മലയിലേക്ക് തുരത്തിവിട്ടശേഷം മൂന്നുമണിയോടെ സംഘം തിരിച്ചെത്തി.
തുടര്‍ന്ന് ആറുമണിയോടെ വീണ്ടും ജനവാസകേന്ദ്രത്തിന് സമീപം കടുവയെ കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ഇതോടെ പ്രദേശത്തെ ആളുകള്‍ ഭീതിയില്‍ ആണ്. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മണികണ്ഠന്‍, പഞ്ചായത്തംഗം വികാസ് ജോസ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വിനോദ്, റാപ്പിഡ് റെസ്‌പോണ്‍സ് ടീം പ്രദേശവാസികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് കടുവയെ കാട്കയറ്റാനുള്ള ശ്രമം നടത്തിയത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജനവാസ കേന്ദ്രത്തിലെ റബ്ബര്‍ തോട്ടത്തിലും പരിസരപ്രദേശങ്ങളിലും കടുവയെ കണ്ടിരുന്നു.ഒരു ടാപ്പിങ്ങ് തൊഴിലാളി കടുവയെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























