പറഞ്ഞാല്‍ പറഞ്ഞതാ... ബിജെപി തെരഞ്ഞെടുപ്പ് പത്രികയായ സങ്കല്‍പ് പത്രില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രകടന പത്രികയില്‍ പറഞ്ഞ രാമക്ഷേത്രം, കാശ്മീര്‍, ദേശീയ പൗരത്വം, ശബരിമല എന്നിവ നടപ്പിലാക്കി വരുന്നു; ഇനിയുള്ളത് രാജ്യം ഏറെ കാതോര്‍ത്തിരുന്ന ഒരൊറ്റ ഇന്ത്യ ഒരൊറ്റ നിയമം

ബിജെപി തെരഞ്ഞെടുപ്പ് പത്രികയായ സങ്കല്‍പ് പത്രില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കി വരികയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന കാശ്മീര്‍ പ്രശ്‌നവും അയോധ്യയും എത്ര സമാധനപരമായാണ് നടപ്പിലാക്കിയത്. ഇപ്പോള്‍ ഏറ്റവും അവസാനം ശബരിമലയില്‍ ഭക്തര്‍ക്കനുകൂലമായി കാര്യങ്ങളെത്തുന്ന സാഹചര്യമാണുള്ളത്. അതേ സമയം ഇനി രാജ്യം ഉറ്റുനോക്കുന്നത് ഏകീകൃത സിവില്‍ കോഡാണ്. വിശ്വാസവുമായി ബന്ധപ്പെട്ട് എല്ലാ മതവിഭാഗത്തിലുംപെട്ട സ്ത്രീകളുടെ തുല്യനീതി വിഷയം വിശാല ബെഞ്ച് ഒരുമിച്ചു പരിഗണിക്കട്ടെയെന്ന സുപ്രീംകോടതിയുടെ നിലപാടു ഏകീകൃത സിവില്‍ കോഡിലേയ്ക്കുള്ള ചുവടുവയ്പ്പായാണ് കണക്കാക്കുന്നത്.
ഏറെ വിവാദമായ പൊതുവ്യക്തിനിയമം രണ്ടാം മോഡി സര്‍ക്കാരിന്റെ കാലത്ത് തന്നെ നടപ്പാക്കാനുള്ള നീക്കം ശക്തമാണ്. വിശാല ബെഞ്ചിലെ വാദങ്ങളും വിധിയും അതുകൊണ്ട് തന്നെ കേന്ദ്ര നിലപാടിനേയും സ്വാധീനിക്കും. റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി ബല്‍ബീര്‍ സിംഗ് ചൗഹാന്‍ നേതൃത്വം നല്‍കുന്ന ലോ കമ്മീഷനോട് രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ സാധ്യതകളെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര നിയമ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമ മന്ത്രി സദാനന്ദ ഗൗഡയുടെ പ്രസ്താവനകളും ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളില്‍ പെടുന്ന ഒന്നാണ് ഏകീകൃത സിവില്‍ കോഡ്. 'ഇന്ത്യയിലൂടനീളം എല്ലാ പൗരന്മാര്‍ക്കുമായി ഒരു ഏകീകൃത സിവില്‍ കോഡ് ഉറപ്പുവരുത്താന്‍ രാജ്യം ശ്രമിക്കേണ്ടതുണ്ട്' എന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 44ാം വകുപ്പു പറയുന്നു. എന്നാല്‍ മതന്യൂന പക്ഷങ്ങള്‍ കടുത്ത ആശങ്കയോടെയാണ് സര്‍ക്കാരിന്റെ ഈ നീക്കം നോക്കിക്കാണുന്നത്. അധികാരത്തിലെത്തിയാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുമെന്നും ദേശീയതക്ക് പ്രാമുഖ്യം നല്‍കി കഴിഞ്ഞ ലോകസഭാ ഇലക്ഷന് ബി.ജെ.പി. പുറത്തിറക്കിയ 'സങ്കല്‍പ് പത്ര്' എന്ന പ്രകടന പത്രികയില്‍ ഉറപ്പുനല്‍കിയിരുന്നു.
കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടന അനുച്ഛേദം 370, 35 എ എന്നിവ എടുത്തുകളയുമെന്നും രാമക്ഷേത്ര നിര്‍മാണത്തിന് സകല വഴികളും തേടുമെന്നും ശബരിമല ആചാര സംരക്ഷണത്തിന്റെ ആവശ്യം സമഗ്രമായി കോടതിയെ ബോധ്യപ്പെടുത്തുമെന്നും പ്രകടന പത്രികയില്‍ എടുത്തുപറഞ്ഞിരുന്നു. പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങും, ഇന്ത്യയെ മൂന്നാം സാമ്പത്തിക ശക്തിയാക്കും, അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ പട്ടിക ഘട്ടം ഘട്ടമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും, വിദേശ രാജ്യങ്ങളിലെ മുസ്‌ലിംകളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുന്ന പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്നതുള്‍പ്പെടെ 75 വാഗ്ദാനങ്ങളടങ്ങുന്ന പത്രിക പ്രകാശനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.
അസാധാരണ നീക്കത്തിലൂടെ ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 370ാം വകുപ്പും അവിടത്തെ ജനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 35എ വകുപ്പും മോഡി സര്‍ക്കാര്‍ എടുത്തുകളഞ്ഞു . ഇതോടെ ഏഴ് പതിറ്റാണ്ട് കാലമായി സംസ്ഥാനം നിലനിര്‍ത്തിപ്പോന്ന പ്രത്യേക അധികാരങ്ങള്‍ ഇല്ലാതായി. ജമ്മു കാശ്മീര്‍ എന്ന സംസ്ഥാനം ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി മാറി.
മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശവിലക്ക്, ദാവൂദി ബോറ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ ചേലാകര്‍മം, ഇതരമതസ്ഥരെ വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകളുടെ ക്ഷേത്രവിലക്ക് തുടങ്ങി മതവും ആചാരങ്ങളുമായും ബന്ധപ്പെട്ട സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസുകളെല്ലാം ഒരു ബഞ്ചിന്റെ പരിഗണനയ്ക്കും തീര്‍പ്പിനുംവേണ്ടി മാറ്റിവയ്ക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന വിധി ഇത്തരം വിഷയങ്ങളില്‍ ഇനി എല്ലാ മതസ്ഥരുടേയും പ്രശ്‌നങ്ങളില്‍ ഒരു ചൂണ്ടുപലകയായി മാറും.
ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കുന്നത് വിശാലബഞ്ചിന്റെ തീരുമാനത്തിന് ശേഷമെന്ന സുപ്രീംകോടതി ഉത്തരവ് സംഘപരിവാറിനും കേന്ദ്ര സര്‍ക്കാരിനും ആശ്വാസത്തിനൊപ്പം സാധ്യതയുമാകുന്നു. ശബരിമല വിഷയം സജീവമാക്കി നിലനിര്‍ത്തി കേരളത്തില്‍ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം നടപ്പാക്കാനുള്ള സുവര്‍ണാവസരം കൂടിയാകും ഈ കാലയളവ്.
https://www.facebook.com/Malayalivartha

























