വി എസിന്റെ പൂച്ചകള്‍ക്കും ഇടങ്കോലിട്ട ചരിത്രമുള്ള, നിയമലംഘകര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ഭരണ സംവിധാനമാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന ധൈര്യമായിരുന്നു ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കും താമസക്കാര്‍ക്കും; സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടി ഉയര്‍ത്തിയ മരടിലെ ഫ്‌ളാറ്റുകള്‍ നിലംപൊത്തി മണ്ണോടു ചേര്‍ന്നു. സുപ്രീം കോടതി വിധി നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. വിഷയത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍. 'മൂന്നാര്‍ ദൗത്യത്തിനും വി എസിന്റെ പൂച്ചകള്‍ക്കും ഇടങ്കോലിട്ട ചരിത്രമുള്ള, നിയമലംഘകര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ഭരണ സംവിധാനമാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന ധൈര്യമായിരുന്നു ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കും താമസക്കാര്‍ക്കും എന്ന് മുരളീധരൻ വിമർശിച്ചു. പരമാവധി സഹായിക്കാന്‍ പിണറായി സര്‍ക്കാര്‍ പാടുപെട്ടെങ്കിലും സുപ്രീം കോടതി കനിഞ്ഞില്ല എന്നും മുരളീധരന്‍ ഫേസ്ബുക്കിൽ വിര്‍മശിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
'നിയമത്തെയും പ്രകൃതിയെയും കണക്കിലെടുക്കാതെ ഉയരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഒരു തെറ്റും ചെയ്യാത്തവരെപ്പോലും പ്രതിസന്ധിയിലാക്കുന്നുവെന്ന വലിയ പാഠമാണ് മരടില്‍, നിയന്ത്രിത സ്‌ഫോടന ശേഷം നാലിടങ്ങളിലായി അവശേഷിച്ച കോണ്‍ക്രീറ്റ് കൂമ്ബാരം ഓര്‍മിപ്പിക്കുന്നത്.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങളില്‍ വരുത്തിയ വീഴ്ചകള്‍ക്കും ഫ്ളാറ്റുകള്‍ കെട്ടിപ്പൊക്കിയ ബില്‍ഡര്‍മാര്‍ നടത്തിയ നിയമലംഘനങ്ങള്‍ക്കും ഫ്ളാറ്റ് വാങ്ങുന്നവര്‍ ഇരയാകുന്നത് എങ്ങനെയെന്ന ഗുണപാഠമായി മരട് മാറണം. നിയമം ലംഘിക്കുന്നവര്‍ അത് എങ്ങനെയും ശരിയാക്കിയെടുക്കാമെന്ന് ഇനിയും വ്യാമോഹിക്കരുത്.
അധികാരമുള്ളവനും ഇല്ലാത്തവനും നിയമം ഒരു പോലെയായിരിക്കണം എന്ന ദൃഢനിശ്ചയത്തിലാണ് ഈ വിഷയത്തിലും കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തത്. പല തവണ പ്രതികരണം തേടിയ മാധ്യമ സുഹൃത്തുക്കളോട് ഞാന്‍ പറഞ്ഞതും അതുതന്നെയാണ്, നിയമം വിട്ട് പ്രവര്‍ത്തിക്കില്ല.
മൂന്നാര്‍ ദൗത്യത്തിനും വി എസിന്റെ പൂച്ചകള്‍ക്കും ഇടങ്കോലിട്ട ചരിത്രമുള്ള, നിയമലംഘകര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ഭരണ സംവിധാനമാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന ധൈര്യമായിരുന്നു ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കും താമസക്കാര്‍ക്കും. പരമാവധി സഹായിക്കാന്‍ പിണറായി സര്‍ക്കാര്‍ പാടുപെട്ടു, പക്ഷേ സുപ്രീം കോടതി കനിഞ്ഞില്ല.
യുഡിഎഫ് ഭരിക്കുന്ന മരട് നഗരസഭ അധികൃതരുടെ ഇടപെടലുകള്‍ , ഫ്ളാറ്റ് നിര്‍മ്മാണം ആരംഭിക്കുമ്ബോള്‍ പഞ്ചായത്തായിരുന്ന മരട് ഭരിച്ചിരുന്ന സിപിഎമ്മിന്റെ ഇടപെടലുകള്‍, എല്ലാം ചേര്‍ത്തുവായിക്കുമ്ബോള്‍ സംഭവത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ കുറ്റക്കാരാണെന്ന് വ്യക്തം. എനിക്കൊന്നേ പറയാനുള്ളൂ.. മരടിലെ അനധികൃത നിര്‍മ്മാണത്തിന് പിന്നില്‍ നടന്ന സാമ്ബത്തിക തട്ടിപ്പും അഴിമതിയും രാഷ്ട്രീയ ഇടപെടലും അന്വേഷിക്കുമോയെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയെങ്കിലും ആര്‍ജവം കാട്ടണം!' എന്നും മുരളീധരൻ വിമർശിച്ചു.
മരടില്‍ പൊളിച്ചുമാറ്റപ്പെട്ട ഫ്‌ളാറ്റുകള്‍ എന്നാണ് നിര്‍മിച്ചതെന്നോ ആരാണ് അനുമതി നല്‍കിയതെന്നോ അറിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കുമ്പോള്‍ മരട് നഗരസഭ ഭരിച്ചത് ആരാണെന്നും സര്‍ക്കാരിന് ഉത്തരമില്ല. നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് സര്‍ക്കാരിന്റെ ഒളിച്ചുകളി.
മരടിലെ ഉപഭോക്‌താക്കൾക്ക് കോടികൾ നഷ്ടം വന്നിട്ടും കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർക്കും തദ്ദേശസ്ഥാപന അധികൃതർക്കും യാതൊരു കുലുക്കവുമില്ല. കുറ്റം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. അഴിമതി എത്ര തന്നെ നടത്തിയാലും സുരക്ഷിതമായി ജീവിക്കാൻ കഴിയുമെന്ന് മരട് സംഭവം വലയാളികളെ ഓർമ്മിപ്പിക്കുന്നു. മരടിന് പിന്നാലെ കാപ്പികോ റിസോർട്ടും പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെ നിയമലംഘനങ്ങൾ കോടതി വച്ചു പൊറുപ്പിക്കില്ലെന്ന് വ്യക്തമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























